ad
Deshabhimani

സ്വീകരിക്കണം മുന്‍കരുതല്‍; നേരിടാം മഴക്കാല രോഗങ്ങളെ

mansoon disease
വെബ് ഡെസ്ക്

Published on Jun 10, 2025, 06:11 PM | 4 min read

മഴക്കാലത്ത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും അന്തരീക്ഷത്തിലെ ഈര്‍പ്പവും പലതരം രോഗാണുക്കള്‍ പെരുകുന്നതിന് അനുകൂല സാഹചര്യമൊരുക്കുന്നതാണ് ഇതിനു കാരണം. ഈ സമയത്ത് അല്പം കരുതലും ശ്രദ്ധയുമുണ്ടെങ്കില്‍ മഴക്കാല രോഗങ്ങളെ അകറ്റിനിര്‍ത്തി ആരോഗ്യത്തോടെയിരിക്കാന്‍ നമുക്ക് സാധിക്കും. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജ്യോതിഷ് ആർ നായർ, മഴക്കാല രോഗങ്ങളെയും സ്വീകരിക്കേണ്ട മുന്‍കരുതലുകളെയും കുറിച്ച് സംസാരിക്കുന്നു.


1. മഴക്കാലത്ത് സാധാരണഗതിയില്‍ വര്‍ദ്ധിച്ചുവരുന്ന രോഗങ്ങള്‍?


മഴക്കാലത്ത് നിരവധി രോഗങ്ങള്‍ പെരുകാറുണ്ടെങ്കിലും കൂടുതലായി കണ്ടുവരുന്നത് ജലത്തിലൂടെ പകരുന്ന രോഗങ്ങളായ വയറിളക്കം, ഛര്‍ദ്ദി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയാണ്. അതുപോലെ കൊതുക് പരത്തുന്ന രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ എന്നിവയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ സീസണിലാണ്. മഴക്കാലമാകുമ്പോള്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ ഇത് വൈറസുകള്‍ക്ക് സഞ്ചരിക്കാന്‍ അനുകൂല സാഹചര്യം സൃഷ്ടിക്കും. അതിന്റെ ഭാഗമായി സാധാരണഗതിയില്‍ കേരളത്തില്‍ കണ്ടുവരുന്ന ജലദോഷം, വൈറല്‍പ്പനി എന്നിവയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സമയമാണിത്.


2. ഇതില്‍ ഏതാണ് കൂടുതല്‍ അപകടകാരി? എന്തുകൊണ്ട്?


മഴക്കാലത്തുണ്ടാകുന്ന എല്ലാ രോഗങ്ങളും സൂക്ഷിച്ചില്ലെങ്കില്‍ അപകടം സൃഷ്ടിക്കാന്‍ സാധ്യതയുള്ളവയാണ്. ജലദോഷത്തിന് പോലും ചില രോഗികളില്‍ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കാനും ചിലപ്പോള്‍ മരണസാധ്യത വര്‍ദ്ധിപ്പിക്കാനും കഴിയും. മഞ്ഞപ്പിത്തത്തിന് മരണസാധ്യത വളരെ കുറവാണെങ്കിലും കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കില്‍ മരണം സംഭവിക്കാനുള്ള സാധ്യതയുണ്ട്.


3. മഴക്കാല രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങള്‍?


ഓരോ രോഗത്തിനും അതിന്റേതായ ലക്ഷണങ്ങളുണ്ട്. വയറു സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രധാനമായും കണ്ടുവരുന്നത് വയറുവേദന, അതിസാരം, ഛര്‍ദ്ദി, നിര്‍ജ്ജലീകരണം എന്നിവയാണ്. കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിക്ക് സാധാരണ കണ്ടുവരുന്നത് കണ്ണിന് പുറകില്‍ വേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍, ഓക്കാനം, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങളാണ്. പേശികളില്‍ പ്രത്യേകിച്ച് കാലിലെ മസിലുകളില്‍ ശക്തമായ വേദന, കണ്ണിന് ചുവപ്പുനിറം തുടങ്ങിയവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍.


4. ദീര്‍ഘകാലമായി മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ മഴക്കാലത്ത് ആരോഗ്യ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?


പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം, ആസ്ത്മ, വൃക്കരോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ദീര്‍ഘകാലമായി മരുന്ന് കഴിക്കുന്നവര്‍ മഴക്കാലത്ത് അതീവ ജാഗ്രത പുലര്‍ത്തണം. ഇന്‍ഫ്‌ളുവന്‍സ പോലും ഇക്കൂട്ടരില്‍ സങ്കീര്‍ണമാകുവാനുള്ള സാധ്യത ഏറെയാണ്. കാരണം, ഇവരുടെ രോഗപ്രതിരോധശേഷി സാധാരണക്കാരെ അപേക്ഷിച്ച് കുറവായിരിക്കും. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ കൃത്യമായി കഴിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ പരിശോധനകള്‍ മുടക്കാതിരിക്കുക, മഴ നനയുന്നത് പരമാവധി ഒഴിവാക്കുക, നനഞ്ഞാല്‍ ഉടന്‍ ശരീരം തുടച്ച് ഉണങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുക, കാലുകള്‍ ഈര്‍പ്പമില്ലാതെ സൂക്ഷിക്കുക. പ്രമേഹരോഗികള്‍ കാലുകളില്‍ ഉണ്ടാകുന്ന ചെറിയ മുറിവുകള്‍ പോലും അവഗണിക്കരുത്, ആസ്ത്മ രോഗികള്‍ തണുപ്പും ഈര്‍പ്പവും ഏല്‍ക്കുന്നത് ഒഴിവാക്കണം, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന പോഷകസമൃദ്ധമായ ആഹാരം കഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വളരെ നന്നായിരിക്കും.


5. രോഗപ്രതിരോധത്തില്‍, പ്രത്യേകിച്ച് കൊതുക് നിവാരണത്തില്‍ സമൂഹത്തിന്റെ പങ്ക്?


കൊതുക് നിവാരണത്തിന് സമൂഹത്തിന് വ്യക്തമായ പങ്ക് വഹിക്കാനാകും. നമ്മുടെ വീടും പരിസരവും കൊതുക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുവാന്‍ ഓരോ പൗരനും തയാറാകണം. വീടിനുള്ളിലും പരിസരത്തും കൊതുക് മുട്ടയിട്ട് പെരുകുന്ന സാഹചര്യം ഒഴിവാക്കാന്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള ചിരട്ട, ടയര്‍, കുപ്പികള്‍, ചെടിച്ചട്ടികള്‍ എന്നിവയിലെ വെള്ളം ഒഴുക്കി കളയാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. ആഴ്ചയിലൊരിക്കല്‍ വീടും പരിസരവും പരിശോധിച്ച് വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നത് ഒരു ശീലമാക്കുന്നത് നല്ലതാണ്. പൊതുസ്ഥലങ്ങളിലും ഓടകളിലും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിക്കുക. ഓര്‍ക്കുക, ഒരാളുടെ വീട്ടിലെ കൊതുക് അയല്‍പക്കത്തുള്ളവര്‍ക്കും ഭീഷണിയാണ്.


6. ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?


മഴക്കാലത്ത് ഭക്ഷണക്രമത്തില്‍ വളരെയധികം ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. നമുക്കറിയാം മഴക്കാലമാകുമ്പോള്‍ ജലം മലിനമാകുവാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. യാത്ര ചെയ്യുമ്പോള്‍ ശുദ്ധജലം കയ്യില്‍ കരുതുക. എളുപ്പത്തില്‍ ദഹിക്കുന്നതും ചൂടോടെ പാകം ചെയ്തതുമായ ഭക്ഷണം കഴിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. ഇലക്കറികള്‍ ഉപ്പും മഞ്ഞളുമിട്ട വെള്ളത്തില്‍ അല്പനേരം വെച്ചതിനുശേഷം പാകം ചെയ്യുന്നതാണ് ഉത്തമം. അതുപോലെ, തണുത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കേണ്ടതും വഴിയോരങ്ങളില്‍ നിന്നുള്ള ഭക്ഷണവും പാനീയങ്ങളും കഴിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ടതും അനിവാര്യമാണ്. എണ്ണ പലഹാരങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ്, ജങ്ക്‌സ് ഫുഡ്‌സ് എന്നിവയും ഒഴിവാക്കിയുള്ള ഭക്ഷണരീതി മഴക്കാലത്ത് മാത്രമല്ല എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്.


7. കുട്ടികളുടെ ആരോഗ്യത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണം?


മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിലും പ്രധാനമാണ്. തിളപ്പിച്ചാറിച്ച വെള്ളം മാത്രം കുടിക്കുവാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. അതോടൊപ്പം കുട്ടികളില്‍ വ്യക്തിശുചിത്വം വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പുറത്തുപോയി വന്നാല്‍ കൈകാലുകള്‍ സോപ്പിട്ട് കഴുകാന്‍ ശീലിപ്പിക്കുക. വീട്ടില്‍ പാകം ചെയ്ത പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുക. ഇത്തരത്തില്‍ ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുവാന്‍ അവരെ ശീലിപ്പിക്കുവാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. കുട്ടികള്‍ക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. സ്വയം ചികിത്സ അരുത്.



8. കോവിഡ് വീണ്ടും പെരുകുന്ന സാഹചര്യത്തില്‍ പനി വന്നാല്‍ കോവിഡ് പരിശോധന നടത്തേണ്ടത് അനിവാര്യമല്ലേ? പരിശോധനയുടെ ആവശ്യകത?


കണക്കുകള്‍ പരിശോധിച്ചാല്‍ കോവിഡ് വീണ്ടും പെരുകുന്നതായി മനസിലാക്കാന്‍ കഴിയും. എന്നാല്‍ മുന്‍പ് വന്നതുപോലെ മരണസാധ്യതയുള്ള കോവിഡ് അല്ല ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷേ, ദീര്‍ഘകാലമായി എന്തെങ്കിലും രോഗത്തിന് ചികിത്സ തേടുന്നവരില്‍ ഇത് ചിലപ്പോള്‍ സങ്കീര്‍ണത സൃഷ്ടിക്കുന്നതായി കാണാറുണ്ട്. അതുകൊണ്ട് തന്നെ രോഗലക്ഷണമുള്ള എല്ലാവരിലും കോവിഡ് ടെസ്റ്റ് നടത്താതെ, രോഗം വന്നുകഴിഞ്ഞാല്‍ ഗുരുതര അവസ്ഥയിലേക്ക് പോകുവാന്‍ സാധ്യതയുള്ളവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കുന്നതാകും ഉത്തമം. അല്ലെങ്കില്‍ ഹെല്‍ത്ത് റിസോഴ്‌സസ് അനാവശ്യമായി ഉപയോഗിച്ച് നഷ്ടപ്പെടുത്തുവാനും ആവശ്യമുള്ളപ്പോള്‍ ലഭ്യതക്കുറവ് അനുഭവപ്പെടാനും സാധ്യതയുണ്ട്.


9. ദഹന വ്യവസ്ഥയെ മഴക്കാലം പ്രതികൂലമായി ബാധിക്കുന്നതെങ്ങനെ?


ദഹന വ്യവസ്ഥയെ മുഴുവനായി മഴക്കാലം പ്രതികൂലമായി ബാധിക്കുന്നില്ല. പക്ഷെ, മഴക്കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ വയറിളക്കം പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുന്നുണ്ട്. ഡെങ്കിപ്പനി പോലുള്ളവ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്ന രോഗങ്ങളാണ്.


10. സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍?


മഴക്കാലം പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്. അതുപോലെ വെള്ളം, ഭക്ഷണം, കൊതുക് നിവാരണം എന്നിവയില്‍ ശ്രദ്ധപുലര്‍ത്തി ജീവിക്കണം. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതല്ല ശരിയായ പ്രതിരോധം. പകരം നമ്മുടെ അന്തരീക്ഷത്തെയും പരിസ്ഥിതിയെയും മനസിലാക്കി രോഗം വ്യാപിക്കാനുള്ള സാധ്യതകളും ഇടങ്ങളും ഒഴിവാക്കുകയാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുക,തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക, ശരീരത്തിന് ആവശ്യമായ തോതില്‍ വെള്ളം കുടിക്കുക, പനിയോ മറ്റു രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക. സ്വയം ചികിത്സ ഒഴിവാക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home