Deshabhimani

ലോക പക്ഷാഘാത ദിനം

ലക്ഷണങ്ങളില്ലാതെ എത്തുന്ന സൈലന്റ് സ്ട്രോക്ക്: അറിയാം തലച്ചോറിനേൽക്കുന്ന അദൃശ്യ ആഘാതങ്ങളെക്കുറിച്ച്

silent stroke

എഐ നിർമിതചിത്രം

avatar
ഡോ. സൗമ്യ സി വി

Published on Oct 29, 2026, 10:30 AM | 3 min read

കൈകാലുകൾക്ക് തളർച്ച ഉണ്ടാകുക, മുഖം കോടിപ്പോകുക, സംസാരത്തിൽ വിക്ക് വരിക എന്നിവയാണ് സ്ട്രോക്ക് (പക്ഷാഘാതം) എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം എത്തുന്ന ലക്ഷണങ്ങൾ. എന്നാൽ യാതൊരുവിധ ബാഹ്യ ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ തലച്ചോറിനെ ബാധിക്കുന്ന സ്ട്രോക്കിനെയാണ് വൈദ്യശാസ്ത്രം സൈലന്റ് സ്ട്രോക്ക് അഥവാ ലക്ഷണങ്ങളില്ലാത്ത പക്ഷാഘാതം എന്ന് വിളിക്കുന്നുത്.


തങ്ങൾക്ക് സ്ട്രോക്ക് സംഭവിച്ച കാര്യം വ്യക്തിപോലും അറിയാതെയാവും തലച്ചോറിലെ രക്തധമനികളെയും നാഡീകോശങ്ങളെയും ഇത് നിശബ്ദമായി നശിപ്പിക്കുന്നത്. മറ്റ് രോഗങ്ങളുടെ ഭാഗമായോ തലവേദനയെത്തുടർന്നോ നടത്തുന്ന എംആർഐ, സിടി സ്കാൻ പരിശോധനകളിലൂടെ മാത്രമാണ് പലപ്പോഴും ഇത്തരം സ്ട്രോക്കുകൾ മുൻപ് നടന്നിട്ടുണ്ടെന്ന സത്യം പുറത്തുവരുന്നത്.


എന്താണ് സൈലന്റ് സ്ട്രോക്ക്?


തലച്ചോറിലെ വളരെ ചെറിയ രക്തധമനികളിൽ ഉണ്ടാകുന്ന തടസ്സം മൂലം രക്തയോട്ടം നിലയ്ക്കുകയും അവിടുത്തെ കോശങ്ങൾ നശിച്ചുപോവുകയും ചെയ്യുന്ന അവസ്ഥയാണിത്. വൈദ്യശാസ്ത്രപരമായി ഇസ്കീമിക് സെറിബ്രോവാസ്കുലാർ രോഗങ്ങളുടെ (Ischemic Cerebrovascular Disease) ഒരു വകഭേദമാണ് സൈലന്റ് സ്ട്രോക്കുകൾ. ചലനശേഷിയെയോ സംസാരശേഷിയെയോ നിയന്ത്രിക്കാത്ത, തലച്ചോറിലെ ‌‌നിശബ്ദ മേഖലകളിൽ (Silent areas of the brain) ഇത് സംഭവിക്കുന്നതിനാലാണ് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ പോകുന്നത്. സാധാരണ സ്ട്രോക്ക് ഒരു വലിയ ആഘാതമായി പ്രത്യക്ഷപ്പെടുമ്പോൾ സൈലന്റ് സ്ട്രോക്ക് നിശ്ശബ്ദനായ ശത്രുവിനെപ്പോലെ തലച്ചോറിലെ കോശങ്ങളെ വീണ്ടും നശിപ്പിക്കുന്നു.


തിരിച്ചറിയപ്പെടാതെ പോകുന്ന സൂക്ഷ്മ ലക്ഷണങ്ങൾ


സൈലന്റ് സ്ട്രോക്കിന് സാധാരണ സ്ട്രോക്ക് പോലെ പെട്ടെന്നുള്ള തളർച്ച അനുഭവപ്പെടില്ലെങ്കിലും ദൈനംദിന ജീവിതത്തിൽ വളരെ പതുക്കെ പ്രത്യക്ഷപ്പെടുന്ന ചില സൂക്ഷ്മ മാറ്റങ്ങൾ ശ്രദ്ധിച്ചാൽ തിരിച്ചറിയാൻ സാധിക്കും:


>> അടുത്തകാലത്തു നടന്ന കാര്യങ്ങൾ മറന്നുപോവുക, സാധനങ്ങൾ വെച്ച സ്ഥലം ഓർമയില്ലാതെ വരിക.


>> ചിന്താശേഷിയിലെയും ഏകാഗ്രതയിലെയും മന്ദത അനുഭവപ്പെടുക. ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ലളിതമായ തീരുമാനങ്ങൾ എടുക്കാൻ പോലും പ്രയാസം അനുഭവപ്പെടുക.


>> ശാരീരിക തുലനാവസ്ഥ നഷ്ടപ്പെടുക, മുൻപത്തേക്കാൾ പതുക്കെ നടക്കുക.


>> പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ദേഷ്യം വരിക, വിഷാദാവസ്ഥ അല്ലെങ്കിൽ വൈകാരിക നിയന്ത്രണം നഷ്ടപ്പെടുക തുടങ്ങിയവ.


ശ്രദ്ധിക്കുക: ഈ ലക്ഷണങ്ങൾ പലപ്പോഴും വാർദ്ധക്യ സഹജമായ ക്ഷീണമായോ സാധാരണ മറവിയായോ തെറ്റിദ്ധരിക്കരുത്.


വാസ്കുലാർ ഡിമെൻഷ്യയും ഓർമക്ഷയവും


ഒന്നിലധികം സൈലന്റ് സ്ട്രോക്കുകൾ തുടർച്ചയായി ഉണ്ടാകുന്നത് തലച്ചോറിന് കടുത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. ആദ്യ തവണ വലിയ വൈകല്യങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും ആവർത്തിച്ചുള്ള സൈലന്റ് സ്ട്രോക്കുകൾ തലച്ചോറിലെ നാഡീവ്യൂഹ ബന്ധങ്ങളെ തകരാറിലാക്കുന്നു. ഇത് ക്രമേണ വാസ്കുലാർ ഡിമെൻഷ്യ എന്ന ഗുരുതരമായ അവസ്ഥയിലേക്ക് രോഗിയെ നയിക്കുന്നു.


>> ചിന്താശേഷിയുടെ ക്ഷയം: തലച്ചോറിലെ വൈറ്റ് മാറ്ററിന് ഉണ്ടാകുന്ന കേടുപാടുകൾ കാരണം വ്യക്തിയുടെ ഗ്രഹണശേഷിയും കാര്യങ്ങൾ വിശകലനം ചെയ്യാനുള്ള കഴിവ് ക്രമേണ കുറയുന്നു.


>> അൽഷിമേഴ്സിനോട് സാമ്യമുള്ള അവസ്ഥ: രോഗിക്ക് സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ പറ്റാത്ത വിധത്തിൽ കടുത്ത മറവിയും ആശയക്കുഴപ്പവും ഉണ്ടാകുന്നു.


>> ഭാവിയിലെ വലിയ സ്ട്രോക്ക് സാധ്യത: ഒന്നോ അതിലധികമോ സൈലന്റ് സ്ട്രോക്ക് വന്നിട്ടുള്ളവർക്ക് ഭാവിയിൽ പൂർണ്ണമായ രീതിയിലുള്ള കടുത്ത സ്ട്രോക്ക് വരാനുള്ള സാധ്യത 3 മുതൽ 5 ഇരട്ടിയാണ്.


പ്രധാന അപകടസാധ്യത ഘടകങ്ങൾ


സൈലന്റ് സ്ട്രോക്കിലേക്ക് നയിക്കുന്ന പ്രധാന അപകടസാധ്യതകൾ


>> അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദ്ദം : തലച്ചോറിലെ ചെറു രക്തധമനികളെ ദൃഢമാക്കുന്നതിനും തടസ്സപ്പെടുത്തുന്നതിനും പ്രധാന കാരണം ഉയർന്ന ബിപി ആണ്.


>> പ്രമേഹവും അമിത കൊളസ്ട്രോളും: രക്തത്തിൽ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് കൂടുന്നത് ധമനികളിൽ തടസ്സങ്ങൾ ഉണ്ടാക്കുന്നു.


>> ഹൃദയമിടിപ്പിലെ ക്രമക്കേടുകൾ: ഹൃദയത്തിൽ ചെറിയ രക്തക്കട്ടകൾ രൂപപ്പെടാനും അവ രക്ത ഓട്ടത്തിലൂടെ തലച്ചോറിലെത്തി ചെറു തടസ്സങ്ങൾ ഉണ്ടാക്കാനും ഇടയാക്കുന്നു.


>> പുകവലിയും വ്യായാമമില്ലായ്മയും: രക്തക്കുഴലുകളുടെ ഇലാസ്തികത നഷ്ടപ്പെടുത്താൻ പുകവലി കാരണമാകുന്നു.


>> വൃക്കരോഗങ്ങൾ: വിട്ടുമാറാത്ത വൃക്കരോഗങ്ങൾ ഉള്ളവരിലും ഉയർന്ന സ്ട്രോക്ക് സാധ്യതയാണുള്ളത്.


പരിശോധനയും രോഗനിർണ്ണയവും


സൈലന്റ് സ്ട്രോക്ക് സാധാരണ പരിശോധനകളിൽ തെളിയണമെന്നില്ല.


>> ബ്രെയിൻ എംആർഐ: തലച്ചോറിലെ ഏറ്റവും ചെറിയ രക്തയോട്ട തടസ്സങ്ങളും പഴയ സ്ട്രോക്കുകളുടെ പാടുകളും കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന ഏറ്റവും മികച്ച പരിശോധനയാണിത്.


>> സിടി സ്കാൻ: എംആർഐ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ തലച്ചോറിലെ രക്തസ്രാവമോ വലിയ തടസ്സങ്ങളോ കണ്ടെത്താൻ സിടി സ്കാൻ ഉപയോഗിക്കുന്നു.


പ്രതിരോധ മാർഗ്ഗങ്ങൾ: അദൃശ്യ ആഘാതങ്ങളിൽ നിന്ന് തലച്ചോറിനെ എങ്ങനെ സംരക്ഷിക്കാം?


>> രക്തസമ്മർദ്ദം കൃത്യമായി നിയന്ത്രിക്കുക: 40 വയസ്സിന് മുകളിലുള്ളവർ ഇടയ്ക്കിടെ ബിപി പരിശോധിക്കുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായി മരുന്നുകൾ കഴിക്കുകയും ചെയ്യുക.


>> രക്തപരിശോധനകൾ: പ്രമേഹം (HbA1c), കൊളസ്ട്രോൾ (ലിപിഡ് പ്രൊഫൈൽ) എന്നിവ പരിശോധിച്ച് നിയന്ത്രണവിധേയമാക്കുക.


>> തലച്ചോറിന് വ്യായാമം നൽകുക: വായന, പുതിയ കാര്യങ്ങൾ പഠിക്കുക എന്നിവ തലച്ചോറിലെ നാഡീകോശങ്ങളെ സജീവമായി നിലനിർത്താൻ സഹായിക്കും.


>> ആരോഗ്യകരമായ ഭക്ഷണശീലം: ഉപ്പും കൊഴുപ്പും കുറച്ച് ധാരാളം പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.


>> വ്യായാമവും ഉറക്കവും: ദിവസേനയുള്ള വ്യായാമവും 7 മുതൽ 8 മണിക്കൂർ സുഖകരമായ ഉറക്കവും ഉറപ്പാക്കുക.


സൈലന്റ് സ്ട്രോക്ക് എന്ന അവസ്ഥ ഭയപ്പെടുകയല്ല മറിച്ച് ജാഗ്രത പുലർത്തുകയാണ് വേണ്ടത്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന ചെറുതും വലുതുമായ ഓർമ്മക്കുറവുകളെയും നടത്തത്തിലെ ബുദ്ധിമുട്ടുകളെയും വെറും വാർദ്ധക്യസഹജമായ കാര്യങ്ങളായി തള്ളിക്കളയാതെ കൃത്യസമയത്ത് ഒരു ന്യൂറോളജിസ്റ്റിന്റെ സഹായം തേടുക. ശരിയായ ജീവിതശൈലിയും വൈദ്യപരിശോധനകളും വഴി തലച്ചോറിന്റെ ആരോഗ്യത്തെയും നമ്മുടെ ഓർമശക്തിയെയും ദീർഘകാലം സുരക്ഷിതമായി നിലനിർത്താൻ സാധിക്കും.


(കണ്ണൂർ ആസ്റ്റർ മിംസിലെ ന്യൂറോ സയൻസസ് വിഭാ​ഗത്തിൽ ഡയറക്ടറാണ് ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home