Deshabhimani

മക്കളെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവം: മറ്റൊരാൾക്ക് കൂടി പങ്കുള്ളതായി സൂചന, അമ്മയുമായി തെളിവെടുപ്പ് നടത്തി

chittur
വെബ് ഡെസ്ക്

Published on Oct 29, 2026, 11:31 AM | 1 min read

ചിറ്റൂർ: പാലക്കാട് മേനോൻപാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ അമ്മ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊന്ന സംഭവത്തിൽ ഒരാൾ കൂടി പ്രതിയാകും. കേസിലെ മുഖ്യപ്രതിയായ അമ്മ നിവേദ്യയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയ ശേഷമാണ് കേസിൽ മറ്റൊരാൾക്ക് കൂടി പങ്കുള്ളതായി സൂചന ലഭിച്ചത്. കേസിൽ നേരിട്ട് പങ്കില്ലെങ്കിലും ഗൂഢാലോചനയിലോ തെളിവ് നശിപ്പിക്കുന്നതിലോ പങ്കാളിയായ ആളെയണ് പ്രതി ചേർക്കുന്നത്. ഇയാളുടെ അറസ്റ്റ് ഇന്നോടെ രേഖപ്പെടുത്തിയേക്കും. പൊലീസ് കസ്റ്റഡിയിലുള്ള നിവേദ്യയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.


സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതിയായ നിവേദ്യയെ പൊലീസ് മേനോൻപാറ കൂരാങ്കൻകാട്ടിലെ വാടകവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന കുളിമുറിയിലും, വീടിന് 500 മീറ്റർ അപ്പുറത്തുള്ള വഴിയിലും എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. കുട്ടികളെ തൊട്ടിയിലെ വെള്ളത്തിൽ മുക്കുന്നതിനിടെ വഴിയിലൂടെ ഒരാൾ നടന്നുപോകുന്നത് കണ്ട് കുളിമുറിയുടെ വാതിൽ പകുതിയോളം അടച്ചതായി പ്രതി പൊലീസിന് കാട്ടിക്കൊടുത്തു. തെളിവെടുപ്പിനിടെ കുളിമുറിയിലെ സിമന്റ് തൊട്ടിയിൽ നിന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കമ്മലും പോലീസ് കണ്ടെടുത്തു. കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എസ്. രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.


വടകരപ്പതി പഴണിയാർപാളയം മണൽക്കാട് സ്വദേശി ജോൺ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റിഫർ (3) എന്നിവരെയാണ് സെപ്തംബർ 29 ചൊവ്വാഴ്ച രാവിലെ പത്തരയോടെ മേനോൻപാറ കൂരാങ്കാട്ടിലെ വാടക വീട്ടിലെ കുളിമുറിയിലെ സിമന്റ് തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ഇത് മുങ്ങിമരണമാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മരണകാരണം തൊട്ടിയിലെ വെള്ളം ശ്വാസകോശത്തിൽ ചെന്നതാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ മരണത്തിൽ നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.


കുട്ടികളെ താൻ തന്നെയാണ് കൊലപ്പെടുത്തിയതെന്ന നിവേദ്യയുടെ മൊഴി മാത്രമായിരുന്നു ആദ്യഘട്ടത്തിൽ പൊലീസിന്റെ പക്കൽ ഉണ്ടായിരുന്നത്. കേസിൽ മറ്റ് സാഹചര്യ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയതും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home