ഭൂട്ടാൻ മിന്നൽപ്രളയം; വിനോദസഞ്ചാര കേന്ദ്രമായ ഗാസ ത്സാച്ചുവിൽ വൻ നാശനഷ്ടം

ഭൂട്ടാനിലെ മിന്നൽപ്രളയത്തിൽ മോ ചു നദി കരകവിഞ്ഞൊഴുകിയപ്പോൾ
തിംഫു : ഭൂട്ടാനിൽ ഹിമാനി പൊട്ടിയൊഴുകിയതിനെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗാസ ത്സാച്ചുവിൽ വൻ നാശനഷ്ടം. വടക്കൻ ഭൂട്ടാനിലെ ഗാസ ജില്ലയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു മിന്നൽ പ്രളയമുണ്ടായത്. പ്രളയജലം കുത്തിയൊഴുകി എത്തിയതോടെ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ ഒലിച്ചുപോയി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് ആളുകളെ നേരത്തേ ഒഴിപ്പിച്ചതാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷയായത്.
പ്രളയത്തിന്റെ ആഘാതത്തിൽ ലായ ഗ്രാമത്തിലേക്കുള്ള റോഡിന്റെ ഒരു ഭാഗം തകർന്നു. ഈ പ്രദേശത്തേക്കുള്ള ഗതാഗതം അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. പ്രദേശത്തെ രണ്ട് താല്കാലിക ബെയ്ലി പാലങ്ങളും ഒലിച്ചുപോയെന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാലും ശക്തമായ നീരൊഴുക്കും കാരണം നാശനഷ്ടങ്ങളുടെ പൂർണമായ വിവരം ഇതുവരെയും ലഭ്യമായിട്ടില്ല. ഷിന്താഫു തടാകത്തിൽനിന്നുള്ള വെള്ളം മോ ചു നദിയിലേക്കാണ് ഒഴുകിയെത്തുന്നത്. ഈ നദിയിലൂടെയാണ് പ്രളയജലം താഴ്ന്ന പ്രദേശങ്ങളിലേക്ക് കുത്തിയൊഴുകിയത്. ഭൂട്ടാനിലെ അപകടസാധ്യതയുള്ള 17 ഹിമതടാകങ്ങളിൽ ഒന്നാണ് ഷിന്താഫു.
പ്രളയസാധ്യത കണക്കിലെടുത്ത് ഇന്ത്യയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പശ്ചിമബംഗാളിലെ അലിപുർദ്വാർ, കൂച്ച് ബിഹാർ മേഖലകളിലും അസമിലെ ധുബ്രിയിലുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഭൂട്ടാനിൽനിന്ന് ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന സങ്കോഷ് നദിയിലെ ജലനിരപ്പ് നിരീക്ഷിക്കാൻ കാലാവസ്ഥാ വകുപ്പ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. നദീതീരത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അധികൃതർ ആവശ്യപ്പെട്ടു. രാംപൂർ-1 ഗ്രാമപഞ്ചായത്ത് പ്രദേശത്തെ നദീതീരത്തെ ജനവാസ കേന്ദ്രങ്ങളിൽ ഉച്ചഭാഷിണിയിലൂടെ അറിയിപ്പുകൾ നൽകി. 2021ലും ഗാസ ത്സാച്ചു മേഖലയിൽ സമാനമായ ഹിമപാത പ്രളയമുണ്ടായിരുന്നു. അന്ന് മോ ചു നദിയുടെ ഗതി മാറിയതിനെത്തുടർന്ന് ത്സാച്ചു പ്രദേശം വെള്ളത്തിനടിയിലായിരുന്നു.








0 comments