ad
Deshabhimani

മഴക്കാലത്ത് പാമ്പുകൾ ധാരാളം; വേണം ജാഗ്രത

snake
avatar
അജിൻ ജി നാഥ്‌

Published on Jun 15, 2025, 11:33 AM | 2 min read

മഴക്കാലമായതോടെ നമുക്ക്‌ ചുറ്റും പാമ്പുകളെ ധാരാളമായി കാണാറുണ്ട്‌. അതുകൊണ്ടുതന്നെ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണിത്‌. കേരളത്തിൽ കണ്ടുവരുന്ന 120 സ്‌പീഷീസ്‌ പാമ്പുകളിൽ പത്തോളം മാത്രമേ വിഷമുള്ളതുള്ളൂ. എന്നാൽ, ഈ പാമ്പുകളോട്‌ കാഴ്‌ചയിൽ സാമ്യമുള്ള വിഷമില്ലാത്ത അപരന്മാരുമുണ്ട്‌. ഒന്ന്‌ ശ്രദ്ധിച്ചാൽ പാമ്പുകടി ഏറെക്കുറെ ഒഴിവാക്കാം. സംസ്ഥാന സർക്കാർ പാമ്പുകടി മരണങ്ങൾ ഒഴിവാക്കാനുള്ള തീവ്ര യജ്ഞത്തിലുമാണ്‌. സർക്കാർ ആവിഷ്കരിച്ച ‘പാമ്പുവിഷബാധ ജീവഹാനിരഹിത കേരളം’ പദ്ധതിയിലൂടെ അടുത്ത അഞ്ചുവർഷംകൊണ്ട് പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.

ബിഗ്‌ 4

ഇന്ത്യയിൽ മരണത്തിന്‌ കൂടുതൽ കാരണമാകുന്ന നാല് പാമ്പുകളെ ബിഗ്‌ 4 എന്ന ഗണത്തിലുൾപ്പെടുത്തിയിട്ടുണ്ട്‌. വെള്ളിക്കെട്ടൻ (Common krait), അണലി(Russell's Viper), ചുരുട്ട മണ്ഡലി (Raw-scaled viper), മൂർഖൻ( Indian spectacled cobra) എന്നിവയാണ് ബിഗ് 4. ഇവയുടെ കടിയേറ്റാൽ നൽകുന്ന മരുന്ന്‌ (Anti--Venom) കേരളത്തിലെ എല്ലാ താലൂക്ക്‌ ആശുപത്രികളിലും ലഭ്യമാണ്‌.

വെള്ളിക്കെട്ടൻ/ശംഖുവരയൻ

വെള്ളിക്കെട്ടൻ, ശംഖുവരയൻ, മോതിരവളയൻ, എട്ടടിവീരൻ തുടങ്ങി നിരവധി പ്രാദേശിക പേരുകളിൽ അറിയപ്പെടുന്നു. രാത്രിഞ്ചരന്മാരായ ഇവയെ മിക്കയിടത്തും കാണാം. മൂന്നുമുതൽ അഞ്ചടിവരെ (175 സെന്റിമീറ്റർ) വലിപ്പം. എണ്ണക്കറുപ്പ് നിറമുള്ള ശരീരത്തിൽ വെള്ള നിറത്തിലുള്ള ഇരട്ടവരകൾ. ചിലതിൽ ശരീരത്തിന്റെ തുടക്കത്തിൽ വരകളില്ല.


SNAKE


നട്ടെല്ലിന്‌ മുകളിലൂടെ ഷഡ്ഭുജാകൃതിയിൽ നീളത്തിലുള്ള ശൽക്കങ്ങൾ, കഴുത്തിനേക്കാൾ കുറച്ചുമാത്രം വലിപ്പമുള്ള തല തുടങ്ങിയവയാണ്‌ പ്രത്യേകതകൾ. നാഡീവ്യവസ്ഥയെയാണ്‌ വിഷം ബാധിക്കുന്നത്‌. കാഴ്‌ചയിൽ വെള്ളിക്കെട്ടനോട്‌ സാമ്യമുള്ള വിഷമില്ലാപ്പാമ്പുകളുണ്ട്‌. വെള്ളിവരയൻ (Common wolf snake‍), തിരുവിതാംകൂർ വെള്ളിവരയൻ ( Travancore wolf snake), വെള്ളിത്തളയൻ തുടങ്ങിയവ.

അണലി

ചേനത്തണ്ടൻ, വട്ടക്കൂറ, പയ്യാനമണ്ഡലി, കുതിരക്കുളമ്പൻ തുടങ്ങിയ പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു. മനുഷ്യവാസമേഖലകളിൽ ഇവയെ കൂടുതൽ കാണാറുണ്ട്‌. 166 സെന്റിമീറ്റർവരെ നീളം. പരന്ന ത്രികോണാകൃതിയിലുള്ള തല. ദീർഘവൃത്താകൃതി അടയാളങ്ങളുള്ള തടിച്ച ശരീരം, വലിയ കണ്ണുകൾ തുടങ്ങിയവ പ്രത്യേകത.


rasal-viper


രക്തപര്യയന വ്യവസ്ഥയെ ബാധിക്കുന്ന ഹീമോടോക്സിൻ എന്ന പദാർഥം അടങ്ങിയ വിഷമുണ്ട്‌. പൊതുവേ രാത്രിഞ്ചരന്മാരായ ഇവ തണുപ്പുള്ളപ്പോൾ പകലുമിറങ്ങും. പ്രത്യേകിച്ച്‌ പ്രകോപനമില്ലാതെ ആക്രമിക്കുന്ന സ്വഭാവമുണ്ട്‌. 360 ഡിഗ്രി വരെ പൊടുന്നനെ തിരിയാനാകും. മണ്ണൂലി(Sand Boa), പെരുമ്പാമ്പ്‌ (Indian Rock Python) തുടങ്ങിയവ വിഷമില്ലാത്ത പ്രധാന അപരന്മാർ.

ചുരുട്ടമണ്ഡലി

രക്തഅണലി, ഈർച്ചവാൾ ശൽക്ക അണലി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു. ത്രികോണാകൃതിയിലുള്ള തലയിൽ മുൻവശത്ത്‌ കൂർത്ത ചെറിയ ശൽക്കങ്ങളുണ്ട്‌. വലിയ കണ്ണുകളാണ്‌. തവിട്ട്‌, ചെങ്കല്ല‌്‌ നിറത്തിൽ കാണപ്പെടുന്നു.


ചുരുട്ടമണ്ഡലി


ശൽക്കങ്ങൾ ഉരച്ച്‌ പ്രത്യേക ശബ്ദം പുറപ്പെടുവിക്കാറുണ്ട്‌. പൂച്ചക്കണ്ണൻ പാമ്പ്‌ ( Boiga trigonata), തവിടൻ പൂച്ചക്കണ്ണൻ എന്നിവ അപരന്മാർ.

മൂർഖൻ

മൂർഖൻ, വെമ്പാല, പുല്ലാനി, സർപ്പം എന്നിങ്ങനെ അറിയപ്പെടുന്നു. ത്രികോണാകൃതിയുള്ള ഉരുണ്ട അഗ്രമുള്ള തല, പത്തി വിടർത്താനുള്ള കഴിവ്‌, പത്തിയുടെ പിറകിൽ കണ്ണട അടയാളം, പുറംഭാഗം മഞ്ഞയോ തവിട്ടോ നിറം തുടങ്ങിയവയാണ്‌ പ്രത്യേകത.


COBRA


മനുഷ്യവാസമേഖലകളിൽ സാധാരണയായി കണ്ടുവരുന്നു. ചേര (Indian rat snake) യാണ്‌ മൂർഖന്റെ പ്രധാന അപരൻ.

മുഴമൂക്കൻ കുഴിമണ്ഡലി

ബിഗ്‌ 4നെ കൂടാതെ കേരളത്തിൽ മരണകാരണമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ട പാമ്പാണിത്‌. ഇവയുടെ വിഷത്തിന്‌ പ്രതിവിഷമില്ല. കാട്ടുപ്രദേശങ്ങളിൽ കാണപ്പെടുന്നു.


മുഴമൂക്കൻ കുഴിമണ്ഡലി


ചുരുട്ട എന്ന പേരുമുണ്ട്‌. 30 മുതൽ 45 സെന്റിമീറ്റർ വലിപ്പം. ചാരനിറത്തിൽ കറുത്ത കുത്തുകളുള്ള ശരീരം. ഇവയുടെ പ്രതിവിഷം വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്‌.

സർപ്പ, സ്നേക്ക് പീഡിയ

പാമ്പുകളെ ഭയക്കേണ്ടതില്ലെങ്കിലും അംഗീകൃത പരിശീലനം ഇല്ലാതെ അവയോട് നേരിട്ട് സമ്പർക്കം പാടില്ല. 1972ലെ വന്യജീവി സംരക്ഷിത നിയമപ്രകാരം സംരക്ഷിത വർഗമാണ് എല്ലാ പാമ്പുകളും. പാമ്പുകളെ സംരക്ഷിക്കാനും ജനങ്ങളെ സഹായിക്കാനുമായി വനംവകുപ്പ് വികസിപ്പിച്ച ആപ്പാണ് സർപ്പ. ഇതിലൂടെ പരിശീലനം നേടിയ റെസ്ക്യൂവേഴ്സിന്റെ സഹായം ലഭിക്കും. അവർ ശാസ്ത്രീയ മാർഗങ്ങളിലുടെ പാമ്പിനെ പിടിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും.


sarpa


ഒരുകൂട്ടം ഗവേഷകരുടെയും ഡോക്‌ടർമാരുടെയും കൂട്ടായ്മയിൽ പിറന്ന ആപ്പാണ് സ്നേക്ക്പീഡിയ. പാമ്പുകളെക്കുറിച്ച് ശാസ്ത്രീയമായി അറിയാനും പഠിക്കാനും ഇത് സഹായിക്കും. ചിത്രങ്ങളും ചികിത്സാ മാർഗങ്ങളും റെസ്ക്യൂവേഴ്‌സിന്റെ നമ്പരും അടക്കമുള്ള വൻ വിവരശേഖരണം ഇതിലുണ്ട്. ഇവരുടെ ‘കേരളത്തിലെ പാമ്പുകൾ’ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയും പാമ്പുകളെപ്പറ്റി അറിവ് പകരുന്നു.


snake pedia



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home