സീസണിൽ ഏറ്റവും കൂടുതൽ ആളെത്തിയത് ഇന്നലെ; തീർഥാടക തിരക്കിലേക്ക് ശബരിമല


സി ജെ ഹരികുമാർ
Published on Nov 24, 2026, 08:35 AM | 1 min read
ശബരിമല: മണ്ഡലകാല ഉത്സവത്തിനായി നട തുറന്ന് ഒരാഴ്‌ച്ച പിന്നിട്ടതോടെ ശബരിമല സന്നിധാനം തീർഥാടക തിരക്കിലേക്ക്. നട തുറന്ന ശേഷം ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയ ദിവസമായിരുന്നു തിങ്കളാഴ്‌ച. രാത്രി 12 വരെ 75,234 തീർഥാടകർ സന്നിധാനത്ത് ദർശനം നടത്തി.
രാവിലെ മുതൽ പമ്പയിലും നിലയ്‌ക്കലിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. നാല് ലക്ഷത്തോളം തീർഥാടകരാണ് എട്ട് ദിവസത്തിനുള്ളിൽ സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷത്തേതിലും മൂന്ന് ലക്ഷം തീർഥാടകരാണ് കുറവ്.
എന്നാൽ വൃശ്‌ചികം 12 കഴിയുന്നതോടെ തീർഥാടക തിരക്ക് കൂടുമെന്നാണ് വിലയിരുത്തൽ. തിരക്ക് കുറവായതിനാൽ ദേവസ്വം ബോർഡ് ഇടപെട്ട് വെർച്വൽ ക്യൂ ബുക്കിങ് പരിധി നവംബർ 30 വരെ 5000 എണ്ണം വർധിപ്പിച്ചിരുന്നു.
ഇതിന് ശേഷമുള്ള എല്ലാ ദിവസങ്ങളിലും അറുപതിനായിരത്തിലധികം തീർഥാടകർ ദർശനത്തിനെത്തി. നട തുറന്ന 16ന് 26,131 പേരും 17ന് 35,073നും 18ന് 40,037, 19ന് 46,603, 20ന് 60, 635, 21ന് 61,677ഉം, 22ന് 60,003 തീർഥാടകരുമാണ് ദർശനത്തിന് എത്തിയത്.
തീർഥാടകരുടെ തിരക്ക് കുറവായിരുന്നതിനാൽ ശബരിമല വരുമാനത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ എട്ടുദിവസത്തെ അരവണ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9 കോടി രൂപയോളം കുറവുണ്ടായിട്ടുണ്ട്.
ഞായറാഴ്‌ച മാത്രം 2.24 ലക്ഷം ടിൻ അരവണയും 85,000 പായ്‌ക്കറ്റ് അപ്പവും വിറ്റുപോയി. ഞായർ വരെ 10.21 കോടിരൂപയുടെ അരവണ വിറ്റതായാണ് വിവരം. കഴിഞ്ഞ വർഷം ഇൗ കാലയളവിൽ അത് 19 കോടിയായിരുന്നു. എന്നാൽ 2024നെ അപേക്ഷിച്ച് കാര്യമായ തീർഥാടകരുടെ കുറവ് ഉണ്ടായിട്ടില്ല എന്നാണ് ദേവസ്വം ബോർഡ് വിലയിരുത്തൽ.
വെർച്വൽ ക്യൂ ബുക്കിങ് വർധിപ്പിച്ചതോടെ തിരക്ക് വർധിച്ചതിനാൽ 30രെ നിശ്‌ചയിച്ച 5000 പേരുടെ വർധനവ് തുടരാനാണ് സാധ്യത. ഇതുകൂടാതെ പമ്പയിലൊഴികെ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതും ബോർഡിന്റെ പരിഗണയിലാണ്.
ബുക്കിങ് ഇല്ലാത്തവർക്ക് പമ്പയിലേക്ക് കെഎസ്‌ആർടിസി ബസിൽ ടിക്കറ്റ് നൽകണ്ട എന്ന പൊലീസ് നിർദ്ദേശം തീർഥാടകരുടെ വരവിനെ പ്രതികൂലമായി ബാധിച്ചതായുള്ള വാർത്തകളെ തുടർന്ന് ഇതുസംബന്ധിച്ചും പുനരാലോചനയ്‌ക്ക് സാധ്യതയുണ്ട്.








0 comments