കേരളത്തോട് സമര കാലടി പറയുന്നത്


അജിൻ ജി നാഥ്
Published on Nov 24, 2026, 09:08 AM | 3 min read
സംഘപരിവാറിന്റെ കുടിലതന്ത്രങ്ങളെ ഒരിക്കൽ കൂടി വിദ്യാർഥികൾ പൊരുതിത്തോൽപ്പിച്ചിരിക്കുന്നു. അടിച്ചമർത്താനുള്ള ശ്രമങ്ങളും വ്യാജപ്രചരണങ്ങളുമെല്ലാം കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സമരവീര്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞു. സംഘപരിവാർ നോമിനിയായ വൈസ്ചാൻസലർ സിസ തോമസും യുഡിഎഫ് സർക്കാരും അതിൻ്റെ മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ചേർന്ന് നടത്തിയ വിദ്യാർഥി വേട്ടയ്ക്ക് മാത്രമല്ല തിരിച്ചടിയേറ്റത്. കേരളത്തിലെ സർവകലാശാലകളെ ഭയത്തിൻ്റെ വിത്തുവിതച്ച് വരുതിയിലാക്കാനുള്ള സംഘപരിവാരത്തിൻ്റെ ദീർഘകാല പദ്ധതിയുടെ മസ്തകം അടിച്ചുതകർക്കുകയാണ് വിദ്യാർഥികൾ ചെയ്തത്. സംഘപരിവാറിൻ്റെ കുടിലതകളെ എങ്ങനെ പൊരുതിത്തോൽപ്പിക്കാമെന്നതിൻ്റെ പുതിയ വഴികൾ കൂടി കാലടി കേരളത്തോട് പറഞ്ഞു വയ്ക്കുന്നുണ്ട്.
സർവകലാശാല മുന്നോട്ടുവച്ച എല്ലാ വാദങ്ങളെയും നിഷ്കരുണം തള്ളുക മാത്രമല്ല ഹൈക്കോടതി ചെയ്തത്. സർവകലാശാലയുടെ ജോലി എന്തെന്ന് ഉറപ്പിച്ച് വ്യക്തമാക്കുക കൂടിയായിരുന്നു.
"To forgive is not to diminish oneself, but to uphold one’s dignity"
ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ വിധിന്യായത്തിൽ ഉപയോഗിച്ച ഈ വാക്യം സർവകലാശാല മറന്ന ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുകയാണ്. ക്ഷമിക്കുന്നതിലൂടെ ചെറുതാവുകയല്ല അന്തസ് ഉയരുകയാണെന്ന വാക്യം വിധിന്യായത്തിലെ ദാർശനിക മാനം മാത്രമല്ല.
ക്ഷമിക്കാനും വിശാല മനസ്കതയോടെ ഉൾക്കൊള്ളാനുമൊക്കെ ശേഷിയുള്ളതാകണം സർവകലാശാല എന്നതാണിൻ്റെ ചുരുക്കം. അതായത്, എന്തിൻ്റെ പേരിലായാലും വിദ്യാർഥികളെ വൈരനിര്യാതന ബുദ്ധിയോടെ വേട്ടയാടലല്ല, അവരുടെ വിദ്യാഭ്യാസം മുടക്കലല്ല സർവകലാശാലയുടെ പണി എന്ന് വ്യക്തമാക്കുകയാണ് കോടതി. ചെയ്യാത്ത തെറ്റിന് മാപ്പെഴുതാൻ പറഞ്ഞാൽ അന്തസ് പണയം വയ്ക്കാത്ത വിദ്യാർഥികൾ അതിന് തയ്യാറാകില്ല എന്ന അർത്ഥം കൂടി അതിനുണ്ട്. മാപ്പെഴുതി മാത്രംശീലമുള്ള ആർഎസ്എസും ആർഎസിഎസിനുമുമ്പിൽ കുമ്പിട്ടുമാത്രം ശീലമുള്ള കോൺഗ്രസും ചേർന്ന് ആത്മാഭിമാനമുള്ള വിദ്യാർഥികളെയാണ് ‘അച്ചടക്കം’ പഠിപ്പിക്കാനിറങ്ങി പുറപ്പെട്ടത്. എന്നാൽ, എന്താണ് സമരമെന്നും, നിലപാടെന്നും, എങ്ങനെ നട്ടെല്ല് പണയപ്പെടുത്താതിരിക്കാം എന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി സ്ഥാനത്തുള്ള പച്ച പരിഷ്കാരിയെ പുതുതലമുറ പഠിപ്പിക്കുന്ന കാഴ്ച കൂടിയാണ് നാം കാണുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സമരം ചെയ്തതിന്, അതിനായി ഒരു നാടകം അവതരിപ്പിച്ചതിനെ ആണ് വക്രീകരിച്ച് ഇത്രത്തോളം സർവകലാശാല അധികാരികൾ എത്തിച്ചത്. സർവകലാശാല സസ്പെൻഡ് ചെയ്യപ്പെട്ട കെ ശ്യാംജിത്ത്, എം എസ് ശിവകുമാർ , കെ എൽ അതുല്യ, പി എം അശ്വന്ത്, സി പി ശ്രദ്ധ, റിതിഷ ഋതു, പി എസ് അർച്ചന, എം ആശ്രിത, എം ഫസ്ന, ഡോണ മരിയ, കെ പി വിസ്മയ, ലിബിൻ മാത്യു, അനഘ വി നായർ, ആർ അരുണിമ, ജിഷ്ണു സുരേഷ്, കെ വി അഭിജിത്ത് എന്നീ വിദ്യാർഥികളോട് എടുത്ത നടപടി അന്യായമാണെന്ന് കോടതി പറഞ്ഞെങ്കിലും വിസിക്കും സംഘപരിവാർ, യുഡിഎഫ് കോമരങ്ങൾക്ക് അത് മനസ്സിലാക്കാൻ സാധിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.
ആ സമരത്തിൻ്റെ പേരിൽ ഈഗോയ്ക്ക് മുറിവേറ്റ് സിസ തോമസ്, 16 വിദ്യാർഥികളെ 84 ദിവസം സർവകലാശാലയ്ക്ക് പുറത്ത് നിർത്തി, പരീക്ഷയെഴുതിപ്പിക്കാതെയുള്ള പ്രതികാരബുദ്ധി പ്രവർത്തിച്ചത് മാത്രമല്ല ഇവിടെ ഉണ്ടായത്. സംഘപരിവാറിൻ്റെ കൃത്യമായ സന്ദേശമാണ് മുന്നോട്ടുവച്ചത്. തങ്ങളുടെ അജൻഡകൾ നടപ്പാക്കുന്നത് എതിർത്താൽ എങ്ങനെയും കീഴടക്കും, തകർക്കും എന്ന സന്ദേശം. ഭയം വിതച്ച് സർവകലാശാലകളെ കാലടിയിലാക്കാനുള്ള നീക്കത്തിൻ്റെ ഒടുവിലെ ഉദാഹരണമാണ് കാലടി. ഉത്തരേന്ത്യൻ ക്യാമ്പസുകളിൽ കാലങ്ങളായി അവർ പരീക്ഷിക്കുന്ന ഒന്ന്. എന്നാൽ, അതിനെ പ്രതിരോധിച്ച് നിർത്തേണ്ട ധാർമികതയുള്ള സർക്കാരാകാട്ടെ അതിന് വഴിതെളിക്കുന്ന ദൗർഭാഗ്യമാണ് കേരളത്തിനിപ്പോഴുള്ളത്. മുമ്പ് വിദ്യാർഥികൾക്കൊപ്പം പ്രതിരോധത്തിന് സർക്കാരുമുണ്ടായിരുന്നെങ്കിൽ ഇപ്പോൾ സംഘപരിവാറിൻ്റെ ഒരു ടൂളായി യുഡിഎഫ് സർക്കാർ മാറി. ഗവർണർ ഓംപ്രകാശ് മാഥൂറിന് മുമ്പിൽ അത്യാദരവോടെ കുമ്പിടുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിൻ്റെ ശരീരഭാഷ ഈ സർക്കാരിൻ്റെ നയത്തിൻ്റെ ഭാഷ കൂടിയാണ്. സർവകലാശാലകളെ വരുതിക്ക് നിർത്താൻ ഗവർണർ ദുരുപയോഗിക്കുന്ന ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കം ചെയ്യുന്ന, എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച സർവകലാശാലാ നിയമഭേദഗതി പൊളിച്ചാണ് യുഡിഎഫ് മന്ത്രിസഭയുടെ തുടക്കം. പിന്നാലെ സംഘപരിവാർ അജൻഡകൾ അനവധി കേരളം കണ്ടു. സംഘപരിവാറുകാരനായ ഡി മാവൂത്തിനെ എംജി സർവകലാശാല വൈസ് ചാൻസലറാക്കി. ഒടുവിൽ ന്യായമായ ആവശ്യങ്ങളുന്നയിച്ച് പ്രതീകാത്മക സമരം നടത്തിയ വിദ്യാർഥികളെ വേട്ടയാടിയ സിസ തോമസിന് 'അപരിഷ്കൃത ' ചാപ്പയിലൂടെയാണ് മന്ത്രിയും മുഖ്യമന്ത്രിയും കുട പിടിച്ചത്. നട്ടാൽ കുരുക്കാത്ത നുണ ആവർത്തിച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച്, ഒറ്റപ്പെടുത്തി വിദ്യാർഥികളെ കീഴ്പ്പെടുത്താമെന്ന ധാരണയായിരുന്നു അത്. എന്നാൽ, റോജിയുടെ കണ്ണിൽ ഏറ്റവും 'അപരിഷ്കൃതം' ആയേക്കാനിടയുള്ള സഹനസമരത്തിലൂടെ എസ്എഫ്ഐയും വിദ്യാർഥികളും ആ ഹുങ്കിനെ പരാജയപ്പെടുത്തി. ഈ അവിശുദ്ധ സംഘം തിരിച്ചറിയാത പോയ ഒരു കാര്യം സർവകലാശാലയെന്നാൽ സർവകലാപശാലയും സർഗശാലയും ആണെന്നത് കൂടിയാണ്
1976 ൽ അടിയന്തരാവസ്ഥയുടെ കിരാത നാളുകളിലൊന്നിലാണ് മണ്ണാർക്കാട് എംഇഎസ് കോളേജിലെ പ്രീഡിഗ്രി വിദ്യാർഥിയായിരുന്ന എസ്എഫ്ഐ നേതാവ് മുഹമ്മദ് മുസ്-തഫ ജയിലറയിൽ കൊല്ലപ്പെടുന്നത്. അന്യായമായി സസ്പെൻഡ് ചെയ്ത ഒരു വിദ്യാർഥിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തതിനാണ് മിസ ചുമത്തി മുഹമ്മദ് മുസ്തഫയെ ജയിലിലടയ്ക്കുന്നത്.
എല്ലുമുറിഞ്ഞുപോകുന്ന കൊടിയ മർദനത്തിനൊടുവിൽ പൊലീസുകാർ ആ ചെറുപ്പക്കാരന് ഒരു 'ഓഫർ ' കൊടുത്തു.
"എസ്എഫ്ഐയിൽ നിന്ന് രാജിവച്ചാൽ വിട്ടയക്കാം".... പ്രാണൻ പോകുമെന്നുറപ്പായിരുന്ന ആ നിമിഷത്തിലും ഒരുവേള ചിന്തിക്കാനിടം കൊടുക്കാതെ മുഹമ്മദ് മുസ്തഫ പ്രഖ്യാപിച്ചതിങ്ങനെയാണ്
"ജീവിതത്തിൽ നിന്ന് രാജിവച്ചാലും എസ്എഫ്ഐയിൽ നിന്ന് രാജിവയ്ക്കില്ല".
ഇന്ന് 2026 ൽ അമ്പത് കൊല്ലത്തിനിപ്പുറം കാലടി സർവകലാശാലയിൽ അനീതിയോട് പൊരുതിയ വിദ്യാർഥികളോട് മന്ത്രിയും വിസിയും വച്ച "ഔദാര്യ ഓഫർ " മാപ്പെഴുതിയാൽ തിരിച്ചെടുക്കാമെന്നാണ്.
ഒരുവേള ചിന്തിക്കാനിടം കൊടുക്കാത്ത "മാപ്പുമില്ല ഒരു കോപ്പുമില്ല" എന്നവർ പ്രഖ്യാപിച്ചു. ഇന്നിതാ സംഘപരിവാരത്തിൻ്റെ അടിമയായ വിസി സിസയോടും സംഘപരിവാരത്തിൻ്റെ വിനീതവിധേയനായ മന്ത്രി റോജിയോടും പൊരുതി ജയിച്ച വേളയിൽ പട്ടിണിയിലും തളരാത്ത ആത്മവീര്യവുമായി സമരനേതൃത്വമായിരുന്ന ശിവകുമാർ പറയുന്നു.
'' ജീവിതത്തിൽ നിന്ന് തോറ്റുപോയാലും
ആർഎസ്എസിനോട് തോൽക്കാൻ സൗകര്യമില്ല "കാലമേതായാലും ദേശമേതായാലും പോരാളികളുടെ ഭാഷ ഒന്നുതന്നെയാണ്.
അനീതിക്ക് മുന്നിൽ മുട്ടുമടക്കാത്തതാണവരുടെ ശീലം.
അതേ, സംഘപരിവാർ വിരുദ്ധപോരാട്ടങ്ങളിൽ ഉജ്വലമായ ഒരു പുതിയ അധ്യായവും മാതൃകയും കാലടിയിലൂടെ കേരളം തീർക്കുകയാണ്. സമരകാലടികളെ ഭയപ്പെടുത്തി പതറിക്കാനാകില്ലെന്ന ഉറച്ച സന്ദേശമാണ് അത് മുന്നോട്ട് വയ്ക്കുന്നത്. വീണ്ടും പ്രതീക്ഷയുടെ, പ്രതിരോധത്തിൻ്റെ തുരുത്തായി കേരളവും കേരളത്തിൻ്റെ യുവതയും മാറുന്നു.








0 comments