കുട്ടികളുടെ സംരക്ഷണ നടപടികൾ വിശദീകരിച്ച് ദുബായ് പൊലീസ്

ദുബായ്: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമായി നടപ്പാക്കുന്ന നടപടികളും സേവനങ്ങളും യുഎൻ പ്രതിനിധിക്ക് വിശദീകരിച്ച് ദുബായ് പൊലീസ്. യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി ഡോ. നജാത്ത് മല്ല അംജിദിന്റെ ദുബായ് പൊലീസ് ആസ്ഥാനം സന്ദർശിച്ചു.
കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതും തുടർനടപടികൾ കൈക്കൊള്ളുന്നതും കുട്ടികൾക്കും കുടുംബങ്ങൾക്കും ലഭ്യമാക്കുന്ന സഹായങ്ങളും സംബന്ധിച്ച് പ്രതിനിധിക്ക് വിശദീകരണം നൽകി. കുട്ടികളുടെ താൽപ്പര്യങ്ങൾക്കും സ്വകാര്യതയ-്ക്കും മാനസികാവസ്ഥയ-്ക്കും മുൻഗണന നൽകിയാണ് ഓരോ കേസും കൈകാര്യം ചെയ്യുന്നതെന്ന് മനുഷ്യാവകാശ വിഭാഗം ഡയറക-്ടർ ബ്രിഗേഡിയർ ഫൈസൽ അൽ ഖുമൈരി പറഞ്ഞു.
കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷത്തിൽ സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കാൻ സൗകര്യമൊരുക്കുന്ന "ചൈൽഡ് ഒയാസിസ്' കേന്ദ്രവും ഡോ. നജാത്ത് സന്ദർശിച്ചു. കുട്ടികൾക്കെതിരായ പീഡനം, അവഗണന, അപകടസാധ്യത എന്നിവ സംബന്ധിച്ച പരാതികൾ ദുബായ് പൊലീസിന്റെ മൊബൈൽ ആപ്പിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും അറിയിക്കാം. വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും 901 എന്ന നമ്പറിലും അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും ബന്ധപ്പെടാം. കുട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള സംരക്ഷണ നടപടികൾക്ക് ഡോ. നജാത്ത് മല്ല അംജിദ് ദുബായ് പൊലീസിനെ അഭിനന്ദിച്ചു.








0 comments