പ്രായത്തിന്റെ അടയാളങ്ങൾക്ക് കാരണമാവുന്ന പ്രോട്ടീൻ വേര്‍തിരിച്ച് ഗവേഷകര്‍

ന്യൂയോർക്ക്: രോഗപ്രതിരോധത്തിലും വാർധക്യത്തിലും സ്ത്രീ-പുരുഷ വ്യത്യാസങ്ങൾക്ക് കാരണമെന്താണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ചോദ്യത്തിന് 'SIRT7' എന്ന പ്രോട്ടീൻ സാന്നിധ്യത്തെ മുൻനിര്‍ത്തി കാരണങ്ങൾ വവരിക്കയാണ് ഗവേഷകര്‍.
പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരം രോഗങ്ങളോടും വാർദ്ധക്യത്തോടും വ്യത്യസ്തമായി പ്രതികരിക്കുന്നതിന് പിന്നിലെ കൃത്യമായ ജൈവിക കാരണങ്ങൾ തേടിയുള്ള അന്വേഷണമാണ് പ്രോട്ടീനിലേക്ക് എത്തിച്ചത്. കോശങ്ങളിലെ ജീനുകളുടെ സുരക്ഷ ഉറപ്പാക്കുകയും അവയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന 'SIRT7' (Sirtuin 7) എന്ന പ്രോട്ടീനാണ് ഈ ആൺ-പെൺ വ്യത്യാസങ്ങൾക്ക് പിന്നിലെ പ്രധാന ഘടകമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
അമേരിക്കയിലെ പ്രമുഖ ഹെൽത്ത് കെയർ സിസ്റ്റമായ 'മാസ് ജനറൽ ബ്രിഗാം, സ്പെയിനിലെ 'ജോസെപ് കരേരാസ് ലുക്കീമിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്' എന്നിവടങ്ങളിലെ ശാസ്ത്രജ്ഞർ സംയുക്തമായി നടത്തിയ ഗവേഷണ റിപ്പോര്‍ട് പ്രശസ്ത ശാസ്ത്ര മാസികയായ 'നേച്ചർ' പ്രസിധീകരിച്ചിട്ടുണ്ട്.
എക്സ് ക്രോമസോമും
ജനിതക സന്തുലനവും
മനുഷ്യന്റെ ലിംഗനിർണ്ണയം നടത്തുന്നത് എക്സ് (X), വൈ (Y) ക്രോമസോമുകളാണ്. സ്ത്രീകൾക്ക് രണ്ട് എക്സ് ക്രോമസോമുകളും പുരുഷന്മാർക്ക് ഒരു എക്സ് ക്രോമസോമും ഒരു വൈ ക്രോമസോമും ആണുള്ളത്.
സ്ത്രീകളുടെ കോശങ്ങളിൽ രണ്ട് എക്സ് ക്രോമസോമുകൾ ഉള്ളതിനാൽ, ജീനുകളുടെ പ്രവർത്തനം അമിതമാകാതിരിക്കാനും സന്തുലിതാവസ്ഥ നിലനിർത്താനും പ്രകൃതിദത്തമായി ഒരു എക്സ് ക്രോമസോം നിഷ്ക്രിയമാക്കപ്പെടാറുണ്ട്. ഇതിനെ ശാസ്ത്രലോകം 'ഡോസേജ് കോമ്പൻസേഷൻ' (Dosage compensation) എന്ന് വിളിക്കുന്നു. ലിംഗഭേദമന്യേ കോശങ്ങളുടെ ആരോഗ്യം നിലനിർത്താൻ ഈ സന്തുലിതാവസ്ഥ അത്യാവശ്യമാണ്.
എന്താണ് വാര്‍ധക്യ ലക്ഷണങ്ങളിൽ
'SIRT7'-ന്റെ പങ്ക്
കോശങ്ങളിലെ സമ്മർദ്ദവും വാർദ്ധക്യ പ്രക്രിയകളും നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് SIRT7 പ്രോട്ടീൻ. എക്സ് ക്രോമസോമിന്റെ ഘടനാപരമായ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഈ പ്രോട്ടീൻ എത്രത്തോളം നിർണായകമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. കോശങ്ങളിൽ SIRT7 പ്രോട്ടീന്റെ സാന്നിധ്യം കുറയുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങൾ പഠിക്കാൻ ഗവേഷകർ എലികളിൽ പരീക്ഷണങ്ങൾ നടത്തി.
വാര്‍ധക്യത്തിൽ എന്താണുണ്ടായത്
SIRT7 ഇല്ലാതാകുമ്പോൾ, സാധാരണഗതിയിൽ നിഷ്ക്രിയമായിരിക്കേണ്ട എക്സ് ക്രോമസോം അമിതമായി നിശ്ശബ്ദമാക്കപ്പെടുകയും സജീവമായിരിക്കേണ്ട ക്രോമസോം അമിതമായി ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുന്നു. ജീനുകളുടെ ഈ അമിത പ്രവർത്തനം ജനിതക ഘടനയുടെ സന്തുലിതാവസ്ഥ തകർക്കുകയും (Genome instability) ഡി എൻ എ ഘടനയ്ക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. ജരാനരകൾക്ക് പിന്നിൽ ഈ ചയാപചയ പ്രവര്‍ത്തനങ്ങൾക്ക് വില്ലൻ റോളാണ്.
ജീവശാസ്ത്രത്തിലെ ലിംഗ പക്ഷപാതം
ഈ പ്രതിഭാസം പുരുഷന്മാരേക്കാൾ കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണെന്ന് പരീക്ഷണത്തിലൂടെ തെളിഞ്ഞു. SIRT7 പ്രോട്ടീന്റെ കുറവ് മൂലം സ്ത്രീ ജൈവഘടനയുള്ള എലികളിലാണ് കൂടുതൽ ഡി എൻ എ നാശവും, ആരോഗ്യക്ഷയവും, ആയുർദൈർഘ്യക്കുറവും രേഖപ്പെടുത്തിയത്. എക്സ് ക്രോമസോമുകളുടെ എണ്ണത്തിലുള്ള വ്യത്യാസമാണ് ഇതിന് കാരണം.
"സജീവമായ എക്സ് ക്രോമസോമിന്റെ അമിതമായ പ്രവർത്തനം (Upregulation) ജനിതക സന്തുലിതാവസ്ഥ തകരാൻ കാരണമാകുന്നു. SIRT7 ബയോളജിയിൽ കാണുന്ന ലിംഗപരമായ വ്യത്യാസങ്ങൾക്ക് കാരണം ക്രോമസോമുകളിലുണ്ടാകുന്ന ഈ അസമമായ ആഘാതങ്ങളാണ്." — റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഭാവി ചികിത്സാരീതികളിൽ
ഉണ്ടാകുന്ന മാറ്റങ്ങൾ
നിലവിൽ പല രോഗങ്ങൾക്കുമുള്ള ചികിത്സകൾ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ പൊതുവായ രീതിയിലാണ് നിശ്ചയിക്കാറുള്ളത്. എന്നാൽ ഈ പുതിയ കണ്ടെത്തൽ ഭാവിയിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും.
സ്ത്രീകളെയും പുരുഷന്മാരെയും വ്യത്യസ്തമായി ബാധിക്കുന്ന പ്രമേഹം, ഹൃദ്രോഗങ്ങൾ, വാർദ്ധക്യസഹജമായ അസുഖങ്ങൾ, പ്രതിരോധശേഷിയെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയ്ക്ക് ലിംഗാടിസ്ഥാനത്തിൽ കൂടുതൽ ഫലപ്രദമായ 'പ്രിസിഷൻ മെഡിസിൻ' രൂപപ്പെടുത്താൻ ഈ പഠനം സഹായിക്കും. വാര്‍ധക്യ ലക്ഷണങ്ങൾ പ്രത്യക്ഷമാവാത്ത മനുഷ്യ ലോകത്തേക്കുള്ള പ്രയാണത്തിനായുള്ള പ്രത്യാശയുമാണ്.
വ്യത്യാസം അത്ര വലുതല്ല
ജീവിത ശൈലിയും നിര്‍ണ്ണായകം
സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരത്തിലുള്ള പ്രോട്ടീനുകളുടെ അളവിൽ വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും, ഇതിൽ വെറും 3 ശതമാനത്തിൽ താഴെ മാത്രമാണ് ജനിതകപരമായ (Genes) കാരണങ്ങളാൽ സംഭവിക്കുന്നതെന്ന് ലണ്ടനിലെ ക്വീൻ മേരി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 'പ്രിസിഷൻ ഹെൽത്ത് കെയർ യൂണിവേഴ്സിറ്റി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്' (PHURI) പഠനത്തിലും കണ്ടെത്തുകയുണ്ടായി. യുകെ ബയോബാങ്ക്, ഫെൻലാൻഡ് സ്റ്റഡി എന്നിവയിൽ നിന്നുള്ള 30,307 സ്ത്രീകളുടെയും 26,058 പുരുഷന്മാരുടെയും വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്.
സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടുന്ന പ്രോട്ടീൻ വ്യത്യാസങ്ങളിൽ വെറും 2.9 ശതമാനം മാത്രമാണ് ജനിതക മാറ്റങ്ങൾ (Germline genetic variants) മൂലം സംഭവിക്കുന്നത്. അതായത്, ജീനുകൾ ഇരുവിഭാഗത്തിലും പ്രോട്ടീനുകളെ നിയന്ത്രിക്കുന്നത് ഒരേ രീതിയിലാണ്. ബാക്കി ഭൂരിഭാഗം പ്രോട്ടീൻ വ്യത്യാസങ്ങൾക്കും കാരണം ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളും, ഭക്ഷണരീതി, വ്യായാമം തുടങ്ങിയ ജീവിതശൈലികളുമാണ്.










0 comments