പ്ലസ് ടു സയൻസ് വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷകൾ നിരവധി

Representative Image
പി കെ അന്‍വര്‍ മുട്ടാഞ്ചേരി
Published on Sep 02, 2026, 07:51 AM | 2 min read
പ്ലസ് ടു സയൻസ് വിദ്യാർഥികൾക്ക് വിവിധ മേഖലകളിൽ ഉപരിപഠനത്തിനായി നിരവധി പ്രവേശന പരീക്ഷകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിക്കുന്നവർക്ക് പ്ലസ് ടുകാർക്കുള്ള എല്ലാ പരീക്ഷകളുമെഴുതാം. പ്ലസ് ടു സയൻസ് വിദ്യാർഥികൾക്ക് പരിഗണിക്കാവുന്ന, സയൻസ് മേഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രവേശന പരീക്ഷകളെ പരിചയപ്പെടുത്തുകയാണിവിടെ. ഇപ്പോൾ പ്ലസ് ടുവിന് പഠിക്കുന്നവർ ഇൗ പരീക്ഷകളുടെ വിജ്‌ഞാപനങ്ങൾ വരുന്ന മുറയ്‌ക്ക് അപേക്ഷിക്കണം.
കീം
കേരളത്തിലെ എൻജിനിയറിങ്, ഫാര്‍മസി പ്രവേശനത്തിനായി കേരള എന്‍ട്രൻസ് കമീഷണർ നടത്തുന്ന പ്രത്യേക ഓൺലൈൻ പരീക്ഷ (KEAM). എൻജിനിയറിങ് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള (150 ചോദ്യങ്ങൾ) പരീക്ഷയും ഫാർമസി പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ഒന്നര മണിക്കൂർ (75 ചോദ്യങ്ങൾ) പരീക്ഷയുമാണ്. വിവരങ്ങൾക്ക്: www.cee.kerala.gov.in
കുസാറ്റ് ക്യാറ്റ്
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിവിധ എൻജിനിയറിങ്, ഇന്റഗ്രേറ്റഡ് എംഎസ്‌സി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ. വിവരങ്ങൾക്ക്: admissions.cusat. ac.in
സിയുഇടി യുജി
കേന്ദ്ര സർവകലാശാലകളുടെയും മറ്റു ചില സർവകലാശാലകളുടെയും ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പരീക്ഷയാണ് സിയുഇടി -യുജി. വിവിധ സർവകലാശാലകളിലായി നിരവധി സയൻസ് പ്രോഗ്രാമുകൾ ലഭ്യമാണ്. അഗ്രികൾചർ അനുബന്ധ കോഴ്സുകളുടെ 20 ശതമാനം ഓൾ ഇന്ത്യ ക്വോട്ടയുടെ പ്രവേശനവും സിയുഇടി വഴിയാണ്. വിവരങ്ങൾക്ക്: cuet.nta.nic.in
നീറ്റ് യുജി
വിവിധ മെഡിക്കൽ, ഡെന്റൽ, മറ്റു മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ് യുജി അഥവാ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജുവേറ്റ് (NEET UG). ദേശീയ പ്രാധാന്യമുള്ള എയിംസ്, ജിപ്മെർ പോലുള്ള സ്ഥാപനങ്ങളിലെ മുഴുവൻ സീറ്റുകളിലും നീറ്റ് വഴിയാണ് പ്രവേശനം. കേരളത്തിൽ എംബിബിഎസ് / ബിഡിഎസ് പ്രോഗ്രാമുകൾക്കുപുറമേ ഹോമിയോ, ആയുർവേദം, വെറ്ററിനറി, അഗ്രികൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി തുടങ്ങി വിവിധ പ്രോഗ്രാമുകളുടെ പ്രവേശനത്തിനും നീറ്റ് സ്കോറാണ് പരിഗണിക്കുന്നത്. വിദേശത്ത് എംബിബിഎസ് പഠിക്കാനും നീറ്റ് യോഗ്യത ആവശ്യമാണ്. വിവരങ്ങൾക്ക്: neet.nta.ac.in
ജെഇഇ മെയിൻ
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (NIT), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (IIIT), ഗവെൺമെന്റ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്സ് (GFTI ) എന്നിവയിലെ വിവിധ എൻജിനിയറിങ് , സയന്‍സ്, ആര്‍ക്കിടെക്ചര്‍, പ്ലാനിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജോയിന്റ് എന്‍ട്രസ് എക്‌സാമിനേഷന്‍ (JEE ) മെയിൻ. കോഴിക്കോട് എന്‍ഐടിയിലും കോട്ടയം ഐഐഐടിയിലും ജെഇഇ മെയിൻ വഴിയാണ് പ്രവേശനം. ദേശീയ പ്രാധാന്യമുള്ള വിവിധ സ്ഥാപനങ്ങളും പ്രവേശനത്തിന് ജെഇഇ മെയിൻ സ്‌കോര്‍ പരിഗണിക്കാറുണ്ട്. രണ്ടു തവണ പരീക്ഷയുണ്ട്. രണ്ടും എഴുതുന്നവരുടെ മികച്ച സ്കോറാണ് അന്തിമ റാങ്കിങ്ങിന് പരിഗണിക്കുക. വിവരങ്ങൾക്ക്: jeemain.nta.nic.in
ജെഇഇ അഡ്വാൻസ്ഡ്
ഐഐടികളിലെ എൻജിനിയറിങ്, സയന്‍സ്, ആര്‍ക്കിടെക്ചര്‍ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയാണ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) അഡ്വാന്‍സ്ഡ്. ജെഇഇ മെയിന്‍ ഒന്നാം പേപ്പർ അഭിമുഖീകരിച്ച് മികച്ച റാങ്ക് ലഭിക്കുന്ന ഏകദേശം രണ്ടര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ജെഇഇ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹതയുള്ളൂ. ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് ജെഇഇ അഡ്വാൻസ്ഡ് റാങ്ക് പട്ടികയിൽ ഇടം നേടിയ ശേഷം ആര്‍ക്കിടെക്ചര്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (AAT) കൂടി എഴുതി യോഗ്യത നേടേണ്ടതുണ്ട്. വിവരങ്ങൾക്ക്: www.jeeadv.ac.in
ഐഎംയു സിഇടി
ഇന്ത്യന്‍ മാരിടൈം യൂനിവേഴ്‌സിറ്റിയുടെ കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത, വിശാഖ പട്ടണം, നവി മുംബൈ, മുബൈ പോര്‍ട്ട് എന്നീ ക്യാമ്പസുകളിലെ വിവിധ പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ. വിവരങ്ങൾക്ക്: www.imu.edu.in
നാറ്റ
ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബിആർക് ) പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷയാണ് നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (NATA). കേരളത്തിലെ ബിആര്‍ക് പ്രവേശനം, നാറ്റ സ്‌കോറിനും പ്ലസ്ടു മാർക്കിനും തുല്യ പരിഗണന നല്‍കി, പ്രവേശന പരീക്ഷാ കമീഷണര്‍ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. വിവരങ്ങൾക്ക്: www.nata.in
ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
ശാസ്ത്രമേഖലയിലെ മികവുറ്റ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആൻഡ് റിസര്‍ച്ചിലെ (IISER) വിവിധ പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷ. വിവരങ്ങൾക്ക്: www.iiseradmission.in










0 comments