ad
Deshabhimani

'ഹോർമുസ് ഞങ്ങളുടെ കയ്യിൽ'; വീണ്ടും അവകാശവാദവുമായി ട്രംപ്

Trump-AFP
വെബ് ഡെസ്ക്

Published on Sep 02, 2026, 07:59 AM | 1 min read

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം തങ്ങളുടെ കൈയിലെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെയാണ് ട്രംപ് അവകാശവാദം ഉന്നയിച്ചത്. ഉപരോധങ്ങൾ കാരണം ഇറാന്റെ സമ്പദ് വ്യവസ്ഥ പൂർണമായി തകർന്നെന്നും ഒരു കരാറിൽ അവർ ഒപ്പുവച്ചാലും ഇല്ലെങ്കിലും അത് തനിക്ക് വിഷയമല്ലെന്നും ട്രംപ് കുറിച്ചു.


സമാധാന കരാറിനായി ഇറാനെ അമേരിക്ക ചർച്ചയ്ക്ക് ക്ഷണിക്കുന്നതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്ത വാർത്ത അടിസ്ഥാന രഹിതമാണെന്നും ട്രംപ് കുറിപ്പിൽ പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ അവകാശവാദം.

ഇറാനെതിരെ യുഎസ് പുതിയ വ്യോമാക്രമണങ്ങൾ ആരംഭിച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ട്രൂത്ത് സോഷ്യലിൽ ട്രംപ് പോസ്റ്റ് പങ്കുവച്ചത്. ഫെബ്രുവരിയിൽ ഇറാനിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്തതായി ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു.


അതേസമയം, പുതിയ ആക്രമണങ്ങൾക്ക് പിന്നാലെ ജോർദാൻ, ബഹ്‌റൈൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തി. തിങ്കളാഴ്ച ഹോർമുസിൽ നിന്ന് പുറപ്പെട്ട രണ്ട് ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു.


തന്ത്ര പ്രധാന ജലപാതയാണ് ഹോർമുസ് കടലിടുക്ക്. ആ​ഗോള എണ്ണ - ചരക്ക് നീക്കത്തിന്റെ ഭൂരിഭാ​ഗവും ഇതുവഴിയാണ് നടക്കുന്നത്. ജലപാതയിലൂടെയുള്ള യാത്ര സാധ്യമാകാതെ വന്നതോടെ അന്താരാഷ്ട്ര വിപണികളിൽ എണ്ണ വില കുതിച്ചുയരുകയാണ്. ചൊവ്വാഴ്ച ആഗോള എണ്ണവില ബാരലിന് 4 ഡോളറിലധികം ഉയർന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home