'ഇറാൻ തകർന്നടിയുന്നു, ഈ സാഹചര്യമാണ് തനിക്ക് ഇഷ്ടം'; ആക്രമണത്തിന് പിന്നാലെ ട്രംപ്

Photo by FILIP SINGER / POOL / AFP
വാഷിംഗ്ടൺ/തെഹ്റാൻ: ഇറാൻ സാമ്പത്തികമായി തകർന്നടിയുന്നുവെന്നും ഈ സാഹചര്യമാണ് തനിക്ക് ഇഷ്ടമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ച മേശയിലെത്തിക്കാൻ താൻ ശ്രമിക്കുന്നില്ലെന്നും അവർ ഒപ്പുവെക്കുന്ന കരാറുകൾക്ക് യാതൊരു മൂല്യവുമില്ലെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ പൂർണമായ നിയന്ത്രണം ഇപ്പോൾ അമേരിക്കയുടെ കൈകളിലാണെന്നും ട്രംപ് വാദിച്ചു.
തെക്കുപടിഞ്ഞാറൻ ഇറാനിയൻ നഗരങ്ങളായ അഹ്വാസ് , അഘാജാരി എന്നിവയ്ക്ക് സമീപം അമേരിക്കൻ മിസൈലാക്രമണങ്ങൾ നടന്നിരുന്നു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, കടലിൽ മൈനുകൾ സ്ഥാപിക്കാനുള്ള കേന്ദ്രങ്ങൾ, വാർത്താവിനിമയ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമാക്കി പുതിയ ഘട്ട ആക്രമണങ്ങൾ പൂർത്തിയാക്കിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര എണ്ണക്കപ്പലുകൾക്കും അമേരിക്കൻ സൈനികർക്കും നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തിയ ആക്രമണ ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നാണ് അമേരിക്കയുടെ വാദം. അമേരിക്കൻ സൈനിക നടപടിക്ക് നേരെ ഇറാൻ തിരിച്ചടിച്ചാൽ വരും ദിവസങ്ങളിൽ ഇതിലും വലിയ ആക്രമണം ഇറാനിൽ നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന് മേൽ പുതിയ സാമ്പത്തിക ഉപരോധങ്ങൾ ചുമത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റും മുന്നറിയിപ്പ് നൽകി.
അതേസമയം അമേരിക്കയുടെ ആക്രമണത്തിന്, യുഎസ് ഭരണകൂടം പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് വക്താവ് തിരിച്ചടിച്ചു. "പേർഷ്യൻ ഉൾക്കടലിൽനിന്ന് ഇറാന് എണ്ണ കയറ്റുമതി ചെയ്യാൻ സാധിച്ചില്ലെങ്കിൽ, മേഖലയിലെ മറ്റാരെയും എണ്ണ കയറ്റുമതി ചെയ്യാൻ അനുവദിക്കില്ല" എന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് തുറന്നടിച്ചു. "ചർച്ചകളെ അമേരിക്ക തങ്ങളുടെ നിബന്ധനകൾ അടിച്ചേൽപ്പിക്കാനുള്ള മാർഗമായി തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും" ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വിമർശിച്ചു.









0 comments