ad
Deshabhimani

സയൻസ് ഒളിമ്പ്യാഡ്: ഹൈസ്കൂൾ, ഹയർ സെക്കൻഡറി
വിദ്യാർഥികൾക്ക് അവസരം

Student Studying Laptop

Representative Image | AI

avatar
പ്രൊഫ.കെ പി ജയരാജൻ

Published on Sep 02, 2026, 08:28 AM | 1 min read

ശാസ്‌ത്രവിഷയങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർഥികൾക്ക്‌ മികവുറ്റ അക്കാദമിക് മത്സരപരീക്ഷകളിൽ ഒന്നാണ് ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എഡ്യുക്കേഷൻ ഒളിമ്പ്യാഡ്. മുംബൈയിലെ ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എഡ്യുക്കേഷനാണ്‌ (HBCSE) സംഘാടകർ. സയൻസ്, ഗണിത മേഖലകളിലെ ഒളിമ്പ്യാഡ് പ്രോഗ്രാമുകൾക്കുള്ള ഇന്ത്യയുടെ നോഡൽ കേന്ദ്രംകൂടിയാണ് ഈ സ്ഥാപനം.


അന്താരാഷ്ട്ര ശാസ്ത്ര ഒളിമ്പ്യാഡുകളിലേക്ക് ഇന്ത്യൻ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയാണ് എച്ച്ബിസിഎസ്ഇ ഒളിമ്പ്യാഡ്. വിശകലനചിന്ത, പ്രശ്‌നപരിഹാരശേഷി, ആഴത്തിലുള്ള ആശയപരമായ ധാരണ എന്നിവ വികസിപ്പിക്കുകയാണ്‌ ലക്ഷ്യം. ഒളിമ്പ്യാഡുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുവർക്ക് അന്താരാഷ്ട്രമത്സരങ്ങളിൽ പങ്കെടുക്കാനും മികച്ച ശാസ്ത്രജ്ഞരിൽനിന്ന്‌ പരിശീലനം നേടാനും അവസരം ലഭിക്കുന്നു. ഉന്നതപഠനത്തിനുള്ള പ്രവേശനപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും ഇത് ഏറെ ഗുണകരമാകും.


വിഷയങ്ങൾ


ആസ്ട്രോണമി, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, ജൂനിയർ സയൻസ് എന്നീ വിഷയങ്ങളിലാണ് സയൻസ് ഒളിമ്പ്യാഡ് പ്രോഗ്രാമിന് അവസരമുള്ളത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി/ തത്തുല്യം ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് അർഹത. താൽപ്പര്യമുള്ളവർക്ക് വിദ്യാലയത്തിൽനിന്നുള്ള സർട്ടിഫിക്കറ്റ് സഹിതം നേരിട്ടും അപേക്ഷിക്കാം.


വിവിധ ഘട്ടങ്ങൾ


​വ്യത്യസ്ത ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പുപ്രക്രിയയിലൂടെയാണ് ഒളിമ്പ്യാഡ് പ്രോഗ്രാം. ഇതിൽ ആദ്യത്തേത് നവംബർ 21നും 22നും നടക്കുന്ന നാഷണൽ സ്റ്റാൻഡേർഡ് എക്സാമിനേഷനാണ്‌ (NSE). രാജ്യവ്യാപകമായി നടക്കുന്ന ദേശീയനിലവാര പരീക്ഷയ്ക്ക്‌ സെപ്തംബർ 14നകം രജിസ്റ്റർ ചെയ്യണം. ഒന്നാംഘട്ടത്തിൽ യോഗ്യത നേടുന്നവർക്ക് ഇന്ത്യൻ നാഷണൽ ഒളിമ്പ്യാഡ് പരീക്ഷ (INO) എഴുതാം. ഇത് 2027 ജനുവരി 30നും 31നുമായിരിക്കും. ഇതിലേക്ക് തെരഞ്ഞെടുത്ത വിദ്യാർഥികളുടെ വിവരങ്ങൾ ജനുവരി 15നുള്ളിൽ പ്രസിദ്ധീകരിക്കും. തുടർന്ന് നാഷണൽ ഒളിമ്പ്യാഡ് പരീക്ഷയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യണം. എങ്കിൽമാത്രമേ അഡ്‌മിറ്റ് കാർഡ് ലഭിക്കുകയുള്ളൂ.

ഇതിലെ മികച്ച വിജയികളെ ഹോമി ഭാഭ സെന്റർ സംഘടിപ്പിക്കുന്ന തീവ്രപരിശീലന പരിപാടിയായ ഓറിയന്റേഷൻ കം സെലക്‌ഷൻ ക്യാമ്പിലേക്ക് ക്ഷണിക്കും.

അവസാനഘട്ടത്തിൽ അന്താരാഷ്ട്ര സയൻസ് ഒളിമ്പ്യാഡുകളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്ന വിദ്യാർഥികളുടെ ഒരു ടീമിനെ തെരഞ്ഞെടുക്കും. ഈ വിദ്യാർഥിപ്രതിഭകൾ വിവിധ രാജ്യങ്ങളിൽനിന്നുള്ള മിടുക്കന്മാരോടും മത്സരിക്കുന്നതോടൊപ്പം അക്കാദമിക് തലത്തിലുള്ള ആശയവിനിമയം നടത്തും.

വിവരങ്ങൾക്ക്: https://iapt.org.in,http://www.hbcse.tifr.res.in ഫോൺ: 022/25072322. ഇ–മെയിൽ: [email protected]




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home