തമിഴ്നാട്ടിലെ 52 ക്ഷേത്രങ്ങളിൽ സ്മാർട്ഫോണിന് വിലക്ക്; സൂക്ഷിക്കാൻ 5 രൂപ നൽകണം, ഭക്തരിൽ എതിർപ്പ്

Photo: ANI
ചെന്നൈ: തമിഴ്നാട്ടിലെ 52 ക്ഷേത്രങ്ങളിൽ സ്മാർട്ഫോൺ കൊണ്ടുവരുന്നതിനും ഉപയോഗിക്കുന്നതിനും വിജയ് സർക്കാർ നിരോധനം ഏർപ്പെടുത്തി. പുതുക്കിയ നിയമം പ്രാബല്യത്തിൽ വന്നു. സ്മാർട്ഫോണുമായി ക്ഷേത്രത്തിലെത്തുന്ന ഭക്തർ ക്ഷേത്രങ്ങളിൽ ഒരുക്കിയിരിക്കുന്ന കൗണ്ടറുകളിൽ സൂക്ഷിക്കാൻ നൽകണം. അഞ്ച് രൂപ വീതം ഓരോ ഫോണിനും ഈടാക്കും. അതേസമയം, ക്യാമറയില്ലാത്ത മൊബൈൽ ഫോണുകൾക്ക് വിലക്കില്ല. ക്ഷേത്രത്തിനുള്ളിൽ അനുവദിക്കും. മദ്രാസ് ഹൈക്കോടതിയുടെ നേരത്തെയുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
ക്ഷേത്രപരിസരങ്ങളിൽ ഫോട്ടോ എടുക്കുന്നതിനും റീലുകൾ ചിത്രീകരിക്കുന്നതും വിലക്കുണ്ട്. മാർഗ നിർദേശങ്ങളുടെ ലംഘനമാകുന്ന സാഹചര്യത്തിലാണ് നടപടി. സ്മാർട്ഫോണുമായി എത്തുന്നവർ കൗണ്ടറുകളിൽ ഫോൺ നൽകണം. ഫോൺ ഏൽപ്പിച്ചതിന്റെ രീസത് ഫോൺ തിരികെ നൽകുമ്പോൾ ഏൽപ്പിക്കുകയും ചെയ്യണം. ഭക്തന്റെ ഫോട്ടോ, മൊബൈൽ ഫോണിന്റെ മോഡൽ, ഫോൺ നമ്പർ എന്നിവ രജിസ്റ്റർ ചെയ്യും. തുടർന്ന് രസീത് ഹാജരാക്കി വിവരങ്ങൾ പരിശോധിച്ച ശേഷമാണ് ഫോൺ തിരികെ നൽകുന്നത്.
കാഞ്ചീപുരം ദേവരാജസ്വാമി–അത്തി വരദർ ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാവിലെ ആറുമണി മുതൽ പുതിയ സംവിധാനം നടപ്പിലാക്കി. സ്മാർട്ഫോൺ നിരോധനം സംബന്ധിച്ച് വിവിധ ഭാഷകളിലുള്ള അറിയിപ്പ് ബോർഡുകൾ ക്ഷേത്രത്തിന് ചുറ്റുമുള്ള പാർക്കിങ് ഏരിയകളിലും മറ്റ് പ്രധാനസ്ഥലങ്ങളിലും സ്ഥാപിച്ചു. പുതിയ നിയമത്തിൽ ഭക്തരിൽ നിന്നും എതിർപ്പ് പ്രകടമാകുന്നുണ്ട്. ദിവസവും ക്ഷേത്രങ്ങളിൽ എത്തുന്നവർക്ക് അഞ്ച് രൂപ നൽകി ഫോൺ സൂക്ഷിക്കാൻ ഏൽപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഭക്തർ പറയുന്നു. കൂടാതെ ഫോൺ നൽകുന്നതിനായി കൗണ്ടറിൽ നീണ്ടനിരയുണ്ടാവുകയും അത് പ്രയാസമാണെന്നും പലരും അഭിപ്രായപ്പെട്ടു.










0 comments