ഉത്തരേന്ത്യയിൽ കനത്ത മഴ; 17 മരണം; ഡെറാഡൂണിൽ മണ്ണിടിച്ചിൽ

ഉത്തരാഖണ്ഡിലെ നൈനിറ്റാൾ മേഖലയിലുണ്ടായ മഴക്കെടുതി
ഡെറാഡൂൺ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഉത്തരാഖണ്ഡ്, അസം, ഒഡീഷ സംസ്ഥാനങ്ങളിലായി 17 പേർ മരിച്ചു. 24 മണിക്കൂറിനിടെ എട്ട് പേരാണ് മരിച്ചത്.
പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറിയതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. ജാർഖണ്ഡിലും ഉത്തർപ്രദേശിലും നദികൾ അപകടപരിധിക്ക് മുകളിലാകുകയും, റോഡുകളിലും വീടുകളിലും വെള്ളം കയറുകയും ചെയ്തു. മിന്നൽ പ്രളയ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദേശം നൽകി. ചില പ്രദേശങ്ങളിൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ചിലയിടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ഗുവാഹത്തിയിൽ ഉരുൾപൊട്ടലിൽ നാല് പേർ മരിച്ചു. ഉത്തരാഖണ്ഡിൽ ഒദ്യുഡ ഗ്രാമത്തിൽ പുലർച്ചെ 3 മണിയോടെ വീടിന്റെ ഭിത്തികൾ തകർന്നു വീണ് മൂന്ന് പേർ മരിച്ചു. അൽമേര ടൗണിൽ മറ്റൊരു ധർക്കിതുനി പ്രദേശത്ത് വീട് തകർന്ന് രണ്ട് നേപ്പാളി തൊഴിലാളികൾ മരിച്ചു. ഇതോടെ അൽമേര ജില്ലയിൽ മാത്രം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
ഡെറാഡൂണിൽ, തിങ്കളാഴ്ച രാത്രി വൈകി ലോവർ കന്തോളിയിലെ പൗന്ധ റോഡിൽ കന്തോളി പാലത്തിന് സമീപം ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒരു കാർ ഒഴുകിപ്പോയി. ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങൾ എസ്‌ഡിആർഎഫ് സംഘം കണ്ടെടുത്തു. ഡെറാഡൂൺ-മസൂരി ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. മസൂരിക്ക് സമീപമുള്ള ഭാഗങ്ങളിൽ തുടർച്ചയായി ഉരുൾപൊട്ടലുണ്ടാകുന്നുണ്ട്. ഋഷികേശിൽ ബിൻ നദി കവിഞ്ഞൊഴുകി.
നൈനിറ്റാൾ, അൽമേര ജില്ലകളിൽ റെഡ് അലർട്ടും ഉത്തരാഖണ്ഡിലെ മറ്റ് മിക്ക ഭാഗങ്ങളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബാഗേശ്വർ ജില്ലാ മജിസ്ട്രേറ്റ് അപൂർവ പാണ്ഡേ, പല പ്രദേശങ്ങളിലും ഉരുൾപൊട്ടലി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നദികൾ, തോടുകൾ, മറ്റ് ദുരന്തസാധ്യതയുള്ള സ്ഥലങ്ങൾ എന്നിവ്ക്ക് സമീപത്തേക്ക് പോകരുതെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജനങ്ങളോട് അധികാരികൾ നിർദേശിച്ചു.










0 comments