ദിശ സാലിയന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് ബോംബെ ഹൈക്കോടതി

മുംബൈ: നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മുൻ മാനേജർ ദിശ സാലിയന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ദിശയുടെ മരണത്തിൽ പങ്കുണ്ടെന്നതിന് മതിയായ തെളിവുകൾ ലഭിക്കാതെ ആരെയും പ്രതിയായി കണക്കാക്കരുതെന്നും കോടതി കൂട്ടിച്ചേർത്തു.
മകളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ മുംബൈ പൊലീസിന് വീഴ്ചയുണ്ടായെന്നാരോപിച്ച് ദിശയുടെ പിതാവ് സതീഷ് സാലിയൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. 2020 ജൂൺ 8 നാണ് ദിശയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം.
ദിശയുടെ മരണത്തിൽ സംശയമുണ്ടെന്നും കൂട്ടബലാത്സംഗവും കൊലപാതകവും നടന്നെന്നും ആരോപിച്ചായിരുന്നു കുടുംബം പരാതി നൽകിയത്. എന്നാൽ പൊലീസിന്റെ റിപ്പോർട്ടിൽ അപകടമരണം എന്ന് മാത്രമാണുണ്ടായിരുന്നത്. ദിശയുടെ മരണത്തിന് അഞ്ച് വർഷങ്ങൾക്കിപ്പുറവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും എഡിആറിന്റെയും പകർപ്പുകൾ കുടുംബത്തിന് നൽകിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് സംബന്ധിച്ച എല്ലാ രേഖകളും സിബിഐക്ക് കൈമാറാൻ കോടതി നിർദേശിച്ചിട്ടുണ്ട്.









0 comments