കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി: ചാലക്കുടി എംഎൽഎ സനീഷ് കുമാറിനെതിരെ കേസെടുക്കാൻ ഉത്തരവ്

സനീഷ് കുമാർ
തൃശൂർ: കൈക്കൂലി ആരോപണത്തിൽ ചാലക്കുടിയിലെ യുഡിഎഫ് എംഎൽഎ സനീഷ്കുമാറിനെതിരെ കേസെടുക്കാൻ തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ്. പട്ടയം ശരിയാക്കി നൽകാൻ സനീഷ് കുമാർ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. തൃശൂർ താണിക്കുടം സ്വദേശി ദേവേന്ദ്രനാണ് പരാതിക്കാരൻ.
സനീഷ് കുമാർ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെയാണ് പരാതിക്ക് ആസ്പദമായ സംഭവം. 2010ൽ ദേവേന്ദ്രൻ തന്റെ അമ്മയുടെ പേരിലുള്ള 17 സെന്റ് ഭൂമിയുടെ പട്ടയത്തിന് അപേക്ഷ നൽകിയിരുന്നു. 2012ൽ 15സെന്റ് ഭൂമി പാസാക്കി നൽകി. ബാക്കിയുള്ള രണ്ട് സെന്റ് ഭൂമിക്ക് കൂടി പട്ടയം ലഭിക്കാൻ അന്ന് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സനീഷ് കുമാറിനെ സമീപിച്ചു. എന്നാൽ സനീഷ് കുമാർ തന്നോട് അഞ്ച് ലക്ഷം രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടെന്ന് ദേവേന്ദ്രൻ പറഞ്ഞു. കൈക്കൂലി നൽകാൻ വിസമ്മതിച്ചതോടെ സനീഷ് കുമാർ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അന്ന് അവണൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തിനെ സമീപിച്ചു. പിന്നാലെ താലൂക്ക് ഓഫീസിൽ പോയി കോൺഗ്രസ് നേതാവും സീനിയർ ക്ലർക്കുമായ വിൽസണെ കണ്ടു. അൻപതിനായിരം രൂപ കൈക്കൂലിയായി വേണമെന്ന് അവരും ആവശ്യപ്പെട്ടു. അതിനുശേഷം 75000 രൂപ കൂടി വേണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് വിജിലൻസ് കോടതിയെ ദേവേന്ദ്രൻ സമീപിച്ചത്.









0 comments