വ്യാജരേഖ ചമച്ച് ലൈഫ് പദ്ധതിയിൽനിന്ന് പണം തട്ടി; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ

ചിറ്റാർ: ബന്ധുക്കളെയും സുഹൃത്തുക്കളെയും ലൈഫ് ഗുണഭോക്താക്കളാക്കി പണം തട്ടിയ കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ. തണ്ണിത്തോട് പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം ആർ റാണിലക്ഷ്മിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജരേഖ ചമച്ച് ലൈഫ് പദ്ധതിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തിയെന്ന പരാതിയിലാണ് കേസ്. പഞ്ചായത്തിന് പുറത്ത് താമസിക്കുന്നവരുടെ പേരുവച്ച് വ്യാജരേഖ തയാറാക്കിയാണ് പണം തട്ടിയത്. വിശദമായ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
തണ്ണിത്തോട് സ്വദേശിയല്ലാത്ത ഒരാളുടെ അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപ പോയത് ശ്രദ്ധയിൽപ്പെട്ട ഭരണസമിതി നടത്തിയ അന്വേഷണത്തിലാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. ഇൗ ഫെബ്രുവരി മുതലാണ് റാണി ലക്ഷ്മി തണ്ണിത്തോട് വിഇഒയുടെ ചുമതല ഏറ്റെടുത്തത്. മുമ്പ് ജോലി ചെയ്തിരുന്ന സീതത്തോട് പഞ്ചായത്തിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി ഭരണസമിതി കണ്ടെത്തി.
ലൈഫ് ഭവനപദ്ധതി, വീട് നവീകരണം തുടങ്ങിയ പദ്ധതികൾ പൂർത്തീകരിച്ച ഗുണഭോക്താക്കൾക്ക് പണം നൽകാൻ കാലതാമസം വരുത്തിയതിൽ സീതത്തോട് ഭരണസമിതി ഇവരോട് വിശദീകരണം തേടിയിരുന്നു. നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് പൂർത്തീകരിച്ച പദ്ധതികൾക്ക് അടിയന്തിരമായി പണം നൽകാൻ കർശന നിർദേശം നൽകിയിട്ടും നടപ്പാക്കിയില്ല.
വിഇഒയുടെ സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നിയതിനെ തുടർന്ന് "വ്യക്തിഗത ആനുകൂലങ്ങൾക്ക് പണം നൽകാനുള്ള ഗുണഭോക്താക്കളുടെ വിശദമായ വിവരങ്ങൾ' പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചോദ്യമായി ഉന്നയിച്ചത് പഞ്ചായത്ത് യോഗത്തിൽ അജൻഡണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്തു. എന്നാൽ ഇൗ യോഗത്തിൽ രേഖകൾ കൈമാറത്തതിനെ തുടർന്ന് മൂന്നുദിവസം കൂടി സാവകാശം അനുവദിച്ചിരുന്നു. സ്ഥലം മാറി പോയ റാണി ലക്ഷ്മി രേഖകൾ കൈമാറാൻ തയാറാകുന്നില്ല എന്നാണ് സീതത്തോട് പഞ്ചായത്തിലെ നിലവിലെ വിഇഒ മറുപടി നൽകിയത്.
അന്ന് സെക്രട്ടറിയുടെ നേതൃത്വത്തിൽ സീതത്തോട് പഞ്ചായത്ത് ജീവനക്കാർ കൂട്ടായി നടത്തിയ പരിശോധനയിലാണ് റാണി ലക്ഷ്മിയുടെ അഴിമതി കണ്ടെത്തിയത്. അമ്മയെയും ഭർത്താവിനെയും സുഹൃത്തുക്കളെയും ഗുണഭോക്താക്കളായി ഉൾപ്പെടുത്തി വ്യാജരേഖകൾ തയ്യാറാക്കി പണാപഹരണം നടത്തിയെന്ന് കണ്ടെത്തി. റാണി ലക്ഷ്മി ചുമതല വഹിച്ചിരുന്ന സമയത്തെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകൾ പൊലീസിലും തദ്ദേശവകുപ്പിലും പരാതികൾ നൽകിയിരുന്നു. റാണി ലക്ഷിമി മുമ്പ് ജോലിചെയ്തിരുന്ന അരിവാപ്പുലം പഞ്ചായത്തിലും സമാന തട്ടിപ്പ് നടത്തിയതായാണ് വിവരം.










0 comments