എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ പിതാവ് അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. യുഎഇയിലെ റാസൽഖൈമയിൽ നിന്നെത്തിയ പൊന്നാനി സ്വദേശിയാണ് കുഞ്ഞിനെയും മറ്റ് മക്കളെയും മുൻനിർത്തി സ്വർണക്കടത്തിന് ശ്രമിച്ചത്.
എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിലും, ഒപ്പമുണ്ടായിരുന്ന പിതാവിന്റെ ശരീരത്തിലും മിശ്രിത രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് ആണ് സ്വർണം പിടികൂടിയത്. മൂന്ന് മക്കളോടൊപ്പം വിമാനമിറങ്ങിയ ഇയാളെ, കോഴിക്കോട് നിന്നുള്ള ഡിആർഐ സംഘം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുവെച്ച് പരിശോധിക്കുകയായിരുന്നു.
കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിൽ അൻപത് ലക്ഷം രൂപയോളം വരുന്ന അര കിലോ സ്വർണമാണ് പിടികൂടിയത്. ബാക്കി സ്വർണ പിതാവിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നു. ഇയാൾ ഇത്തരത്തിൽ ഇതിന് മുൻപും സ്വർണം കടത്തിയിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.









0 comments