കീഴടങ്ങില്ല; വിദ്യാർഥി വേട്ടയ്ക്കെതിരെ എസ്എഫ്ഐ മാർച്ച്

സെക്രട്ടറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ച്
തിരുവനന്തപുരം: സർവകലാശാലകളിലെ കാവിവൽക്കരണത്തിനെതിരെ സമരം ചെയ്തതിന് പൊലീസ് നടത്തിയ നരനായാട്ടിനെതിരെ അലയടിച്ച് വിദ്യാർഥി പ്രതിഷേധം. എസ്എഫ്ഐ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധ മാർച്ചുകൾക്കുനേരെയും പൊലീസ് അതിക്രമം തുടർന്നു. ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. നിരവധി എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ദേശീയ കായികദിനാചരണത്തിൽ കേരള സർവകലാശാലയിൽ ആർഎസ്എസ് അജൻഡയനുസരിച്ച് വന്ദേമാതരം പൂർണമായും ആലപിച്ചതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞദിവസം എസ്എഫ്ഐ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. എന്നാൽ മാർച്ചിനുനേരെ പ്രകോപനമൊന്നുമില്ലാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നു പൊലീസ്. മാർച്ചിൽ പങ്കെടുത്ത പെൺകുട്ടികളെയടക്കം പുരുഷ പൊലീസുകാർ അതിക്രൂരമായി മർദിച്ചു. ലാത്തിച്ചാർജിൽ തലയ്‌ക്ക് അടിയേറ്റ എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിഅംഗം ആര്യ പ്രസാദിന് ബോധം നഷ്‌ടമായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്‌ണവി ഷാജിയുടെ കണ്ണിനുതാഴെ ഗുരുതര പരിക്കേറ്റു. മുഖത്തടിയേറ്റ ജില്ലാ കമ്മിറ്റിഅംഗം വൈഷ്‌ണയുടെ പല്ലിളകി. ജില്ലാ കമ്മിറ്റിഅംഗം എസ് ആർ നിരഞ്ജനും തലയ്ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സതേടി. മറ്റു നിരവധി വിദ്യാർഥികൾക്കും പരിക്കുണ്ട്.
മാര്‍ച്ച് ബാരിക്കേഡിന് സമീപം എത്തിയ ഉടനെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊടുന്നനെ ലാത്തിവീശി. പെൺകുട്ടികളെ പുരുഷ പൊലീസുകാർ ആക്രമിക്കുന്നത് പ്രവർത്തകർ ചോദ്യം ചെയ്‌തശേഷമാണ് ഏതാനും വനിതാ പൊലീസുകാരെത്തിയത്. പ്രവർത്തകർ ഗേറ്റ് ചാടിക്കടന്ന് സർവകലാശാല മന്ദിരത്തിന് മുന്നിലെത്തി പ്രതിഷേധിച്ചു. മതനിരപേക്ഷതയ്‌ക്കുവേണ്ടി തെരുവുയുദ്ധം നയിക്കേണ്ടിവന്നാൽ എസ്എഫ്ഐ അതും ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും പ്രസിഡന്റ് എം ശിവപ്രസാദും പറഞ്ഞു.
കായികദിനാചരണ പരിപാടിയിൽ മന്ത്രിമാരായ റോജി എം ജോണിന്റെയും ഒ ജെ ജനീഷിന്റെയും സാന്നിധ്യത്തിലാണ് വന്ദേമാതരം പൂർണമായും ആലപിച്ചത്.










0 comments