ad
Deshabhimani

കാലിഫോർണിയയിലെ മലയാളി യുവതികളുടെ ഇരട്ടക്കൊലപാതകം: അനിലയ്ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയെന്ന് റിപ്പോർട്ട്

കൊല്ലപ്പെട്ട അഞ്ജന, ആൻ (ഇടത്), കസ്റ്റഡിയിലായ അനില (വലത്)

കൊല്ലപ്പെട്ട അഞ്ജന, ആൻ (ഇടത്), കസ്റ്റഡിയിലായ അനില (വലത്)

വെബ് ഡെസ്ക്

Published on Sep 02, 2026, 01:43 PM | 1 min read

കാലിഫോർണിയ/കോട്ടയം: കാലിഫോർണിയയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അഞ്ജന ഹരിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അനിലയ്ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയെന്നാണ് റിപ്പോർട്ട്. പ്രതി കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയാൽ 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ സാന്റ ക്ലാര കൗണ്ടി മെയിൻ ജയിലിലുള്ള അനിലയെ സെപ്റ്റംബർ ഒൻപതിന് കോടതിയിൽ ഹാജരാക്കും. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻമേരി മാത്യു (40) എന്നിവരാണ് കാലിഫോർണിയയിൽ കൊല്ലപ്പെട്ടത്. അഞ്ജന കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപാണ് ഫ്ലാറ്റിനുള്ളിൽ ആൻ മേരി മരിച്ചത്.


കേസിൽ അറസ്റ്റിലായ ഇവരുടെ സുഹൃത്തും കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം സ്വദേശിനിയുമായ അനില (32) കുറ്റസമ്മതം നടത്തിയതായി സൂചനയുണ്ടെങ്കിലും മിൽപീറ്റസ് പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.


കാലിഫോർണിയയിലെ സനോസെ നഗരത്തിലുള്ള അപാർട്ട്മെന്റ് സമുച്ചയത്തിലാണ് മൂന്നുപേരും താമസിച്ചിരുന്നത്. വെള്ളി പകൽ 12നാണ്‌ അഞ്ജനയും ആൻ മേരിയും കൊല്ലപ്പെട്ടത്. അഞ്‌ജനയെ കാറിടിച്ചും ആനിനെ കുത്തിയും അനില കൊലപ്പെടുത്തുകയായിരുന്നു. അഞ്ജനയും ആനും അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഓണാഘോഷത്തിലടക്കം സജീവമായി പങ്കെടുക്കുകയും അതിന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.


അഞ്ജനയെ ഇടിച്ചുതെറിപ്പിച്ചശേഷം കാറുമായി അനില കടന്നുകളഞ്ഞു. നീല നിറത്തിലുള്ള എസ്‍യുവി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുകളയുന്നതു ദൃക്സാക്ഷികൾ കണ്ടിരുന്നു. കാർ ഓടിച്ചത് ഒരു സ്ത്രീയാണെന്നും മ‍ിൽപീറ്റസ് പൊലീസിനെ അറിയിച്ചു. ആനിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് കത്തി കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനിലയെ കസ്റ്റഡിയിലെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home