കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന്റെ മരണം
സമീപത്ത് പെട്രോൾ കാൻ; മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ മതിലിൽ ഇടിച്ച കാറിന് തീപിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി പി സുധാകരൻ ആണ് മരിച്ചത്. ഒഴിഞ്ഞ പെട്രോൾ കാൻ സംഭവ സ്ഥലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ആത്മഹത്യയാണോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നും കൊയിലാണ്ടിയിലേക്ക് പോകാനിറങ്ങിയപ്പോഴാണ് വീടിന് സമീപത്തുവച്ച് അപകടമുണ്ടായത്.
അപകടം നടന്ന സ്ഥലത്ത് വലിയൊരു ഇറക്കമുണ്ട്. ഈ ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ സുധാകരൻ ഓടിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു എന്നാണ് നിഗമനം. തുടർന്ന് കാർ ആദ്യം റോഡരികിലെ ട്രാൻസ്ഫോർമറിനോട് ചേർന്ന ഭാഗത്ത് ഇടിക്കുകയും, പിന്നാലെ വലിയ ആഘാതത്തോടെ മതിലിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചു.

പുലർച്ചെ നാലേമുക്കാലോടെയാണ് പ്രദേശവാസികൾ വിവരമറിയുന്നത്. നാട്ടുകാർ ഓടിയെത്തുമ്പോൾ കാർ പൂർണമായും അഗ്നിക്കിരയായിക്കൊണ്ടിരിക്കുകയായിരുന്നു. ഏകദേശം പതിനഞ്ച് മിനിറ്റോളം വാഹനം ആളിക്കത്തി. ഉടൻ തന്നെ നാട്ടുകാർ പൊലീസിലും ഫയർഫോഴ്‌സിലും വിവരം അറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. എന്നാൽ അതിനോടകം തന്നെ സുധാകരൻ മരണപ്പെട്ടിരുന്നു. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.









0 comments