അടുത്ത ചിത്രം 'കൊല': പുതുമുഖങ്ങളുമായി സെന്ന ഹെഗ്ഡെ

കൊച്ചി: അവിഹിതം എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ സെന്ന ഹെഗ്ഡെ. കൊല എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സൗഹൃദങ്ങൾ, കുടുംബം, തലമുറകൾ എന്നിവയെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
നമ്മുടെ അയൽപ്പക്കങ്ങളിൽ കാണാൻ കഴിയുന്നതാണ് ചിത്രത്തിന്റെ കഥയെന്ന് സെന്ന ഹെഗ്ഡെ പറയുന്നു. യുവ അഭിനേതാക്കളും പുതുമുഖങ്ങളുമടങ്ങുന്നതാണ് ചിത്രത്തിന്റെ കാസ്റ്റിങ്. ഹാരിസ് ദേശവും പി ബി അനീഷും ചേർന്നാണ് ചിത്രത്തിന്റ നിർമാണം. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് സെന്ന ഹെഗ്ഡെ ഫേസ്ബുക്കിൽ കുറിച്ചു.
'തിങ്കളാഴ്ച നിശ്ചയം' ആയിരുന്നു സെന്ന സംവിധാനം ചെയ്ത ആദ്യ ചിത്രം. ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ശേഷം സംവിധാനം ചെയ്ത ചിത്രമായിരുന്നു അവിഹിതം. ഒരു ഗ്രാമവും അവിടെ രൂപപ്പെടുന്ന അവിഹിത കഥകളും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
'ബ്ലഡി' (Blood- y) എന്ന് പേരിട്ടിരിക്കുന്നൊരു ചിത്രം കഴിഞ്ഞ വർഷം സെന്ന ഹെഗ്‌ഡെ പ്രഖ്യാപിച്ചിരുന്നു. ഇ ഫോർ എക്സിപിരിമെന്റസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ക്രൈം ത്രില്ലർ ചിത്രമായാണ് ബ്ലഡി എത്തുന്നത് എന്നാണ് സൂചനകൾ. എല്ലാവർക്കും കണക്ട് ആവുന്ന രീതിയിൽ ലളിതമായ ആഖ്യാന ശൈലികൊണ്ട് ശ്രദ്ദേയനാണ് സെന്ന ഹെഗ്ഡെ.









0 comments