രണ്ട് കേസ്, രണ്ട് നീതി: സാമൂഹ്യപ്രവർത്തകർ തടവിൽ, കൊലക്കേസ് പ്രതിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജാമ്യം

ന്യൂഡൽഹി: മോദി സർക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് ഇരയായി സാമൂഹ്യപ്രവർത്തകർ ജാമ്യമില്ലാതെ ജയിലിൽ കിടക്കുമ്പോൾ, കൊലപാതകക്കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം.
ജന്തർമന്തർ സമരത്തിൽ അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ക്രമസമാധാന പ്രശ്നങ്ങളും സുരക്ഷയും ചൂണ്ടിക്കാട്ടിയാണ് പൊലീസ് നീതിനിഷേധത്തിന് വഴിമരുന്നിട്ടത്. അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചിട്ടും ഇരുവരെയും മോചിപ്പിക്കാതെ തടങ്കൽ തുടരുകയാണ്. ജാമ്യനടപടികൾ മനഃപൂർവം വൈകിപ്പിച്ചും പുതിയ തടസ്സങ്ങൾ സൃഷ്ടിച്ചും നേതാക്കളെ ജയിലിൽ തന്നെ ഇടാനുള്ള നീക്കമാണ് നടക്കുന്നത്.
എന്നാൽ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊലക്കേസ് പ്രതിക്ക് ശിക്ഷാ വിധി സ്റ്റേ ചെയ്യുകയും അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കുകയും ചെയ്തു. നന്ദലാൽ റായ് എന്ന ബാബ്ലു റായ് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് സിദ്ധാർത്ഥ്, ജസ്റ്റിസ് വിനയ് കുമാർ ദ്വിവേദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 2017-ലെ സിഗ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ കൊലപാതക കേസിൽ വാരാണസി സെഷൻസ് കോടതിയാണ് ഇയാളെ 2025-ൽ ശിക്ഷിച്ചത്. പ്രതി ശിക്ഷിക്കപ്പെടുന്നതിന് മുൻപ് രാഷ്ട്രീയ പ്രവർത്തകനും സജീവ ബിജെപി പ്രവർത്തകനുമായിരുന്നു എന്ന് നിരീക്ഷിച്ച കോടതി, അപ്പീൽ കാലയളവിൽ ഇയാൾക്ക് ജാമ്യം അനുവദിച്ചു.
2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായോ അല്ലെങ്കിൽ ബിജെപി ടിക്കറ്റിലോ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. അന്വേഷണ ഏജൻസികളും ഭരണകൂട സംവിധാനങ്ങളും സ്വീകരിക്കുന്ന വിവേചനപരമായ നിലപാടാണ് ഇതിലൂടെ വീണ്ടും വ്യക്തമാകുന്നത്.
അവകാശങ്ങൾക്കും നീതിക്കും വേണ്ടി ശബ്ദമുയർത്തുന്നവരെ നിശ്ശബ്ദരാക്കാൻ പോലീസ് സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയും, മറുഭാഗത്ത് ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് രാഷ്ട്രീയ സംരക്ഷണം നൽകി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മോദി സർക്കാരിന്റെ ഭരണകൂട നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.








0 comments