ഇറാനെതിരെ വീണ്ടും സൈനിക ആക്രമണങ്ങൾക്ക് നീക്കം? യുഎസ് ഡിഫൻസ് സെക്രട്ടറി നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്

വാഷിംഗ്ടൺ: ഇസ്രയേലിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യുഎസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത ഇസ്രായേൽ സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച നടന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ വാഷിംഗ്ടണോ ടെൽ അവീവോ കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടില്ല.
ഇസ്രയേൽ തെരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന് അമേരിക്കൻ ട്രംപ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രഹസ്യ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. ഇരുവരും തമ്മിലുള്ള സഖ്യം ശക്തിപ്പെടുന്നത് ഭാവിയിൽ ഇറാനെതിരെയുള്ള ശക്തമായ സൈനിക നീക്കത്തിന് വഴിവെച്ചേക്കാമെന്ന് നയതന്ത്ര വിദഗ്ദ്ർ വ്യക്തമാക്കി.
ഇറാനെതിരെ വീണ്ടും സൈനിക ആക്രമണങ്ങൾക്ക് ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നു എന്ന സൂചനയാണ് വിദഗ്ദ്ധർ നൽകുന്നത്. നവംബർ ആദ്യം നടക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപോ ശേഷമോ ഇറാനെതിരെ സംയുക്ത സൈനിക നീക്കം നടത്താൻ പെന്റഗൺ പദ്ധതിയിടുന്നതായി ചില അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിനും ഗാസ, ലെബനൻ, ഇറാൻ എന്നിവിടങ്ങളിലെ യുദ്ധങ്ങൾക്കും ശേഷം ഇസ്രായേലിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അഭിപ്രായ സർവേകൾ പ്രകാരം നെതന്യാഹുവിന്റെ സഖ്യകക്ഷിക്ക് ഭൂരിപക്ഷം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ.
നെതന്യാഹുവിന് ട്രംപ് നൽകിയ പിന്തുണ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് രാഷ്ട്രീയ ആനുകൂല്യമാണ് നൽകുന്നതെന്ന് ലണ്ടനിലെ കിംഗ്സ് കോളേജ് ലക്ചറർ ആന്ദ്രിയാസ് ക്രീഗ് അഭിപ്രായപ്പെട്ടു. അതേസമയം, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാൻ തയ്യാറായില്ല. ഇസ്രായേലിനെ യുദ്ധത്തിലേക്ക് തള്ളിയിട്ടതിൽ നെതന്യാഹുവിനെ മുൻപും വിമർശിച്ചിട്ടുള്ള വാൻസ്, താൻ അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇസ്രായേൽ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും തിങ്കളാഴ്ച നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.









0 comments