Deshabhimani

ധാക്കയിൽ അടിയന്തരമായി ഇറക്കിയ എയർ ആംബുലൻസിൽ ഉണ്ടായിരുന്ന ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു

air ambulance

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 20, 2026, 08:59 AM | 1 min read

ധാക്ക: ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുമായി യാത്ര ചെയ്യുന്നതിനിടെ സാങ്കേതിക തകരാറിനെത്തുടർന്ന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ അടിയന്തരമായി ഇറക്കിയ എയർ ആംബുലൻസിലുണ്ടായിരുന്ന യുവതി മരിച്ചു. എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) അഗർത്തല വിമാനത്താവളത്തിലെ ഹ്യൂമൻ റിസോഴ്‌സ് മാനേജരായ അഞ്ജന ഭൗമിക് ആണ് മരിച്ചത്.


ഒക്ടോബർ 18 ഞായറാഴ്ചയാണ് വിമാനം ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. അഗർത്തലയിൽനിന്ന് കൊൽക്കത്തയിലേക്ക് രോഗിയുമായി പോകുകയായിരുന്ന വിമാനത്തിൽ മധ്യവായുവിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്നാണ് പൈലറ്റുമാർ വിമാനം ധാക്കയിലേക്ക് തിരിച്ചുവിട്ടതെന്ന് വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.


വിമാനം സുരക്ഷിതമായി നിലത്തിറക്കിയശേഷം അഞ്ജന ഭൗമിക്കിനെ കുർമിറ്റോള ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽവെച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.


അസമിലെ ഗുവാഹത്തിയിലുള്ള ബിരുബാരിയിൽ താമസിച്ചിരുന്ന അഞ്ജന ഭൗമിക് ശ്വാസതടസ്സത്തെത്തുടർന്ന് അഗർത്തലയിലെ ഐഎൽഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് മാറ്റാൻ നിർദേശിച്ചതിനെത്തുടർന്നാണ് എഎഐ എയർ ആംബുലൻസ് ക്രമീകരിച്ചത്.


അതേസമയം, വിമാനത്തിലുണ്ടായ സാങ്കേതിക തകരാറും അഞ്ജന ഭൗമിക്കിന്റെ മരണവും തമ്മിൽ നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. മരണത്തിന്റെ ഔദ്യോഗിക കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home