Deshabhimani

ഏഷ്യൻ പാരാ ഗെയിംസ്: ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ; പ്രദീപിന് വെള്ളി, ആയുഷിന് വെങ്കലം

pradeep para asian games

എഫ് 53/എഫ് 54 വിഭാഗങ്ങളുടെ ഫൈനലിൽ പ്രദീപ് കുമാർ വെള്ളിയും ആയുഷ് വർമ്മ വെങ്കലവും നേടി

വെബ് ഡെസ്ക്

Published on Oct 20, 2026, 09:08 AM | 1 min read

നഗോയ: ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടം. എഫ് 53/എഫ് 54 വിഭാഗങ്ങളുടെ ഫൈനലിൽ പ്രദീപ് കുമാർ വെള്ളിയും ആയുഷ് വർമ്മ വെങ്കലവും നേടി. ചൊവ്വാഴ്ച നടന്ന മത്സരത്തിലാണ് ഇന്ത്യൻ താരങ്ങളുടെ നേട്ടം.


എഫ് 54 വിഭാഗത്തിൽ മത്സരിച്ച പ്രദീപ് കുമാർ തന്റെ ആറാമത്തെയും അവസാനത്തെയും ശ്രമത്തിൽ 27.45 മീറ്റർ ദൂരം കണ്ടെത്തിയാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. എഫ് 53 വിഭാഗത്തിൽ മത്സരിച്ച ആയുഷ് വർമ്മ അഞ്ചാമത്തെ ശ്രമത്തിൽ 17.88 മീറ്റർ ദൂരം എറിഞ്ഞ് വെങ്കലവും നേടി. ഇരുവരും ഈ മത്സരത്തിലൂടെ തങ്ങളുടെ വ്യക്തിഗത മികച്ച പ്രകടനവും കുറിച്ചു.


ഇറാന്റെ എർഫാൻ ബൊണ്ടോറിയാണ് സ്വർണം നേടിയത്.എഫ് 54 വിഭാഗത്തിൽ മത്സരിച്ച താരം 30.24 മീറ്റർ ദൂരം എറിഞ്ഞ് ഗെയിംസ് റെക്കോർഡും സ്ഥാപിച്ചു.


നിലവിലെ ഏഷ്യൻ പാരാ ഗെയിംസിൽ ജാവലിൻ ത്രോയിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ ഇരട്ട മെഡൽ നേട്ടമാണിത്. നേരത്തേ പുരുഷന്മാരുടെ എഫ് 46 വിഭാഗത്തിൽ റിങ്കുവും അജീത് സിങ്ങും യഥാക്രമം സ്വർണവും വെള്ളിയും നേടി ഇന്ത്യയ്ക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ സമ്മാനിച്ചിരുന്നു.


എഫ് 53, എഫ് 54 വിഭാഗങ്ങൾ


എഫ് 53 വിഭാഗത്തിൽ മത്സരിക്കുന്ന താരങ്ങൾക്ക് കൈകൾക്കും കൈപ്പത്തികൾക്കും സാധാരണയായി പൂർണ പ്രവർത്തനശേഷിയുണ്ടാകും. എന്നാൽ വയറിലെയും നട്ടെല്ലിന്റെ താഴ്ഭാഗത്തെയും പേശികളുടെ പ്രവർത്തനം പരിമിതമായതിനാൽ ഇരിക്കുമ്പോൾ ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ബുദ്ധിമുട്ടുണ്ടാകും.


എഫ് 54 വിഭാഗത്തിൽ കൈകളിലെ പേശികൾക്ക് പൂർണ ശക്തിയുണ്ടാകും. ശരീരത്തിന്റെ മുകൾഭാഗത്തെ പേശികൾക്കും ഭാഗികമായോ പൂർണമായോ ശക്തിയുണ്ടാകാം. എന്നാൽ ശരീരത്തിന്റെ മധ്യഭാഗത്തിന്റെയും കാലുകളുടെയും ചലനശേഷി ഗണ്യമായി പരിമിതപ്പെട്ടിരിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home