കൊട്ടാരക്കരയിൽ അയപ്പഭക്തരെ മദ്യപസംഘം ആക്രമിച്ചു; ഒന്നരവയസുള്ള കുട്ടിക്കും പരിക്ക്

മദ്യപസംഘത്തെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിക്കുന്നു
കൊല്ലം: ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം. കൊട്ടാരക്കരയിലാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന അയപ്പഭക്തർ ആക്രമണത്തിന് ഇരയായത്. മദ്യപിച്ചെത്തിയ നാലംഗ സംഘത്തിന്റെ അഴിഞ്ഞാട്ടത്തിൽ ഒന്നരവയസുള്ള കുട്ടിക്കും പരിക്കേറ്റു. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കൾ രാത്രിയോടെയായിരുന്നു സംഭവം.
അയപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനവും മദ്യപസംഘത്തിന്റെ കാറും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് കാറിന്റെ റിയർ മിറർ പൊട്ടി. ഇതേതുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സമീപത്ത് നാട്ടുകാർ ഉണ്ടായിട്ടും ആരും ഇടപെട്ടില്ലെന്ന് സംഘം പറഞ്ഞു. ശേഷം അതുവഴി എത്തിയ പഴക്കച്ചവടക്കാരാണ് കുട്ടിയെ പോലും വിടാതെ ആക്രമിക്കുന്നത് കണ്ട് ഇടപെട്ടതെന്ന് അയപ്പഭക്തർ പറഞ്ഞു.
എന്നാൽ ഇടപെട്ട പഴക്കടച്ചവടക്കാരുടെ വാഹനത്തിന്റെ താക്കോൽ മദ്യപസംഘം കൈക്കലാക്കുകയും കച്ചവടക്കാരെയും ആക്രമിച്ചു. ശേഷം പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴും നാലംഗ സംഘം അസഭ്യവർഷം നടത്തുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. നിലവിൽ നാലുപേർ പൊലീസ് കസ്റ്റഡിയിലാണ്. സംഘം കടുത്ത മദ്യലഹരിയിലാണെന്ന് പറഞ്ഞു. ഇവരുടെ വാഹനത്തിൽ നിന്നും മദ്യകുപ്പികൾ കണ്ടെടുത്തു.








0 comments