കാലം മായ്ക്കാത്ത സമരസൂര്യൻ; വി എസിന് ഇന്ന് 103-ാം ജന്മവാർഷികം

പുന്നപ്രയിലെ വലിയചുടുകാട്ടിൽ ഒരു വിപ്ലവകാരി അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. എന്നാൽ അവിടെ അവസാനിച്ചുപോയ ഒന്നല്ല വി എസ് അച്യുതാനന്ദൻ എന്ന പേര്. ചൂഷണത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളിലും അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിലും ആ പേര് ഇന്നും മുഴങ്ങുന്നു. പുന്നപ്ര–വയലാറിന്റെ സമരഭൂമിയിൽനിന്ന് കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിലേക്കു നീണ്ട ജീവിതം.
1923 ഒക്ടോബർ 20ന് ആലപ്പുഴയിലെ പുന്നപ്രയിൽ ജനിച്ച വി എസിന്റെ ബാല്യം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടു. ദാരിദ്ര്യം കാരണം ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. തയ്യൽക്കടയിലും കയർ ഫാക്ടറിയിലും ജോലി ചെയ്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. അധ്വാനിക്കുന്ന മനുഷ്യരുടെ ദുരിതങ്ങൾ സ്വന്തം അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ ആ ബാലൻ പിന്നീട് അവരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളുടെ മുന്നണിയിലെത്തി.
പതിനേഴാം വയസ്സിൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. പി കൃഷ്ണപിള്ളയുടെ നിർദേശപ്രകാരം കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനിറങ്ങി. ജന്മിമാരുടെ മുന്നിൽ തലകുനിച്ചുനിന്ന മനുഷ്യരെ അവകാശങ്ങൾക്കായി ഒരുമിപ്പിച്ചു. തൊഴിലാളികളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ വേദന സ്വന്തം പോരാട്ടമാക്കി മാറ്റിയ അനുഭവങ്ങളിലാണ് വി എസിന്റെ രാഷ്ട്രീയജീവിതം വേരുറച്ചത്.
തിരുവിതാംകൂറിലെ രാജവാഴ്ചയ്ക്കും ദിവാൻ ഭരണത്തിനുമെതിരായ പുന്നപ്ര–വയലാർ പ്രക്ഷോഭം ആ ജീവിതത്തിലെ നിർണായക അധ്യായമായി. 1946ൽ അറസ്റ്റിലായ വി എസ് പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനത്തിന് ഇരയായി. കാൽവെള്ളയിൽ ബയണറ്റ് കുത്തിയിറക്കിയിട്ടും സമരവീര്യം തകർക്കാനായില്ല. അഞ്ചര വർഷത്തെ ജയിൽവാസവും നാലര വർഷത്തെ ഒളിവുജീവിതവും പിന്നിട്ടപ്പോഴും തെരഞ്ഞെടുത്ത വഴിയിൽനിന്ന് അദ്ദേഹം പിന്മാറിയില്ല.
1964ൽ സിപിഐ എം രൂപീകരണത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായി. പാർടി സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിങ്ങനെ ഉത്തരവാദിത്വങ്ങൾ പലതും വഹിച്ചു. എന്നാൽ സ്ഥാനങ്ങളുടെ വലുപ്പത്തിലായിരുന്നില്ല വി എസിന്റെ രാഷ്ട്രീയജീവിതത്തിന്റെ കരുത്ത്. അഴിമതിക്കും ഭൂമി കൈയേറ്റത്തിനും അധികാരദുർവിനിയോഗത്തിനുമെതിരെ അദ്ദേഹം നടത്തിയ ഇടപെടലുകൾ സാധാരണ മനുഷ്യരുടെ ശബ്ദമായി മാറി.
എൺപത്തിരണ്ടാം വയസ്സിൽ മുഖ്യമന്ത്രിയായപ്പോഴും സമരമുഖത്ത് രൂപപ്പെട്ട സ്വഭാവം കൈവിട്ടില്ല. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരായ നടപടികളും പൊതുസമ്പത്തിന്റെ സംരക്ഷണത്തിനായുള്ള ഇടപെടലുകളും ശ്രദ്ധേയമായി. നിയമസഭയിലും തെരുവിലും അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഒരേ മൂർച്ചയായിരുന്നു. എതിരാളികളെ കടന്നാക്രമിക്കുന്ന പ്രസംഗങ്ങൾക്കപ്പുറം, അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുന്ന പോരാളിയെയാണ് ജനങ്ങൾ വി എസിൽ കണ്ടത്.
2025 ജൂലൈ 21ന് വി എസ് വിടവാങ്ങിയപ്പോൾ കേരളത്തിന് നഷ്ടമായത് ഒരു മുൻ മുഖ്യമന്ത്രിയെ മാത്രമായിരുന്നില്ല. പുന്നപ്ര–വയലാറിന്റെ സമരപാരമ്പര്യം പുതിയ കാലത്തേക്ക് പകർന്നുനൽകിയ വിപ്ലവകാരിയെയായിരുന്നു. അവസാനയാത്രയിൽ വഴിനീളെ ഒഴുകിയെത്തിയ ജനസഞ്ചയം ആ ജീവിതത്തിന് ലഭിച്ച ആദരവിന്റെ സാക്ഷ്യമായി.
ഇന്ന് അദ്ദേഹം വിടവാങ്ങിയശേഷമുള്ള ആദ്യ ജന്മവാർഷികം. അധ്വാനിക്കുന്ന മനുഷ്യരുടെ അവകാശങ്ങൾ വെല്ലുവിളിക്കപ്പെടുകയും പൊതുസമ്പത്ത് കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് വഴിമാറുകയും ചെയ്യുന്ന കാലത്ത് വി എസ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയം കൂടുതൽ പ്രസക്തമാകുന്നു.
വി എസ് എന്ന രണ്ടക്ഷരം ഇന്നൊരു ഓർമ മാത്രമല്ല. അനീതിക്കുമുന്നിൽ തലകുനിക്കാത്ത പോരാട്ടവീര്യത്തിന്റെ പേരാണ്. അധികാരത്തെക്കാൾ ജനങ്ങളെ വലുതായി കണ്ട ജീവിതത്തിന്റെ അടയാളമാണ്. സമരസൂര്യൻ അസ്തമിച്ചിട്ടും ആ വെളിച്ചം കേരളത്തിന്റെ പോരാട്ടവഴികളിൽ അണയാതെ ജ്വലിക്കുന്നു.








0 comments