Deshabhimani

ടൈഗർ ഷ്രോഫിന് നേരെ വെടിവെപ്പ്; പ്രതികളിലേക്കെത്താൻ സഹായിച്ചത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ബൈക്ക്

Tiger shroff shooting
വെബ് ഡെസ്ക്

Published on Oct 20, 2026, 06:39 AM | 2 min read

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ട് ജുഹുവിൽ നടന്ന വെടിവെപ്പ് കേസിൽ നിർണായക സൂചനയായി ബൈക്ക്. സംഭവത്തിന് പിന്നാലെ മുംബൈയിലെ അന്ധേരി വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന്, ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മൂന്ന് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്.


ഹൃതിക് എന്ന റോഷൻ, രേഹാൻ, ഫൂൽ സിങ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇവർ മൂന്ന് പേരും പ്രായപൂർത്തിയായവരാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഹൃതിക് എന്ന റോഷനാണ് ബൈക്ക് ഓടിച്ചിരുന്നുതെന്നും രേഹാനും ഫൂൽ സിങ്ങുമാണ് വെടിയുതിർത്തതെന്നുമാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ബജാജ് പൾസർ 220 മോഡലെന്ന് കരുതുന്ന ബൈക്ക് ആക്രമണത്തിനായി പ്രത്യേകം വാങ്ങിയതാണോ, അതോ പ്രദേശം നിരീക്ഷിക്കാൻ നേരത്തേ ഉപയോഗിച്ചതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


ബിഹാറിലെ ബെഗുസരായിൽ നിന്നുള്ളയാളാണ് ഹൃതിക് എന്ന റോഷൻ. ഹരിയാനയിലെ സോനിപത്തിൽ നിന്നുള്ളയാളാണ് രേഹാൻ. ഫൂൽ സിങ്ങും ഹരിയാന സ്വദേശിയാണ്. പ്രതികളിൽ ഒരാൾക്ക് 18 വയസ്സും മറ്റ് രണ്ടുപേർക്ക് 22 വയസ്സുമാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജ് തിലക് റൗഷൻ അറിയിച്ചു.


സംഭവത്തിന് പിന്നാലെ പ്രതികളുടെ യാത്രാവിവരങ്ങൾ പിന്തുടർന്ന പൊലീസ്, തിങ്കളാഴ്ച രാവിലെ രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് പൂനെ–ജയ്പുർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ നിന്നാണ് ഇവരെ പിടികൂടിയത്. രാവിലെ 10.17ന് ട്രെയിൻ സ്റ്റേഷനിലെത്തിയതിനു പിന്നാലെ ഏകദേശം 15 മിനിറ്റിനുള്ളിൽ ഓപ്പറേഷൻ പൂർത്തിയാക്കിയതായി കോട്ട പൊലീസ് അറിയിച്ചു. തുടർന്ന് പ്രതികളെ മുംബൈ പൊലീസിന് കൈമാറി.


കേസന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന്റെ 20 പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. അന്ധേരി വെസ്റ്റ് സ്റ്റേഷന് സമീപത്തുനിന്ന് ബൈക്ക് കണ്ടെത്തിയതിനു പിന്നാലെ പ്രതികളുടെ നീക്കങ്ങൾ പിന്തുടർന്ന പൊലീസ്, അവർ വടക്കൻ മുംബൈയിലേക്കും പിന്നീട് സൂറത്തിലേക്കും പോയതായി കണ്ടെത്തി. തുടർന്നാണ് പൂനെ–ജയ്പുർ എക്സ്പ്രസിൽ യാത്ര ചെയ്യുകയാണെന്ന് സ്ഥിരീകരിച്ചത്.


അതേസമയം, കേസിന് ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രേഹാൻ, ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ള അനിൽ പണ്ഡിറ്റുമായി സമ്പർക്കത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള സ്ഥിരീകരിക്കാത്ത സമൂഹമാധ്യമ പോസ്റ്റും പുറത്തുവന്നിരുന്നു.


അനിൽ പണ്ഡിറ്റിന്റേതെന്ന് ആരോപിക്കപ്പെടുന്ന ഒരു ശബ്ദസന്ദേശവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സൽമാൻ ഖാനൊപ്പം സിനിമകളിൽ പ്രവർത്തിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ടതെന്നാണ് സന്ദേശത്തിലെ ശബ്ദം അവകാശപ്പെടുന്നത്. സൽമാൻ ഖാൻ ലോറൻസ് ബിഷ്‌ണോയ് സംഘത്തോടും ബിഷ്‌ണോയ് സമൂഹത്തോടും മാപ്പുപറയണമെന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. 1998-ലെ കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ട വിവാദമാണ് ഭീഷണിക്ക് പിന്നിലെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home