ad
Deshabhimani

ഒഴുകിയെത്തി കർഷകർ; പഞ്ചാബിൽ ശക്തിപ്രാപിച്ച് കർഷക പ്രക്ഷോഭം

Farmers Protest

Photo: NDTV

വെബ് ഡെസ്ക്

Published on Sep 02, 2026, 12:57 PM | 2 min read

ചണ്ഡീ​ഗഡ്: പഞ്ചാബിൽ കർഷക പ്രക്ഷോഭം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. ബസുകളിലും ട്രെയിനുകളിലുമായി വയോധികരായ കർഷകർ‍ ഉൾപ്പടെ നിരവധി പേർ റാലിക്ക് പിന്തുണ നൽകി എത്തുകയാണ്. ഇതോടെ പഞ്ചാബിൽ കർഷക പ്രക്ഷോഭം ശക്തിയാർജിച്ചു. വിളകൾക്ക് നിയമപരമായി ഉറപ്പുള്ള താങ്ങുവില, കാർഷിക വായ്പ എഴുതിത്തള്ളൽ, വൈദ്യുതി-വിത്ത് ബില്ലുകൾ പിൻവലിക്കൽ തുടങ്ങി ആവശ്യങ്ങളുമായാണ് 32 കർഷക സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത കിസാൻ മോർച്ച വീണ്ടും പ്രക്ഷോഭത്തിന് ഇറങ്ങിയത്. ചൊവ്വാഴ്ചയാണ് ഒരാഴ്ച നീളുന്ന ധർണയ്ക്ക് തുടക്കമായത്.


ഭാരതീയ കിസാൻ യൂണിയൻ രാജേവാൾ, ഭാരതീയ കിസാൻ യൂണിയൻ ദക്കൗണ്ട, കീർത്തി കിസാൻ യൂണിയൻ, പഞ്ചാബ് കിസാൻ യൂണിയൻ തുടങ്ങിയ സംഘടനകൾ സമരത്തിന്റെ ഭാഗമായി. ഒരാഴ്ച തങ്ങുന്നതിനാവശ്യമായ ഭക്ഷണവും മറ്റ് സാധനങ്ങളും ട്രാക്ടർ ട്രോളികളിൽ എത്തിക്കഴിഞ്ഞു. ഭക്ഷണം ഒരുക്കുന്നതിനും മറ്റ് സഹായങ്ങൾക്കുമായി സ്ത്രീകളും പ്രക്ഷോഭത്തിന്റെ ഭാ​ഗമായിട്ടുണ്ട്. ഐഐഎസ്ഇആർ ടി-പോയിന്റിൽനിന്ന് ട്രിബ്യൂൺ ചൗക്കിലേക്കുള്ള റോഡിന്റെ ഭാഗത്താണ് കർഷകർ തമ്പടിക്കുന്നത്.


ഡോ. എം എസ് സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശകൾ അനുസരിച്ച് എല്ലാ കാർഷിക വിളകൾക്കും നിയമപരമായി ഉറപ്പുള്ള താങ്ങുവില നൽകണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. വർഷങ്ങളായി കർഷക പ്രക്ഷോഭങ്ങളുടെ കേന്ദ്ര ആവശ്യമായിട്ടും എംഎസ്‌പിക്ക് നിയമപരിരക്ഷ ഉറപ്പാക്കാത്തതിനെതിരെയാണ് വീണ്ടും കർഷകർ തെരുവിലിറങ്ങുന്നത്. കൃഷിക്ക് ചെലവായ പണത്തേക്കാൾ കർഷകന് മാന്യമായ ലാഭം ഉറപ്പാക്കി വില കിട്ടണം എന്നതാണ് സ്വാമിനാഥൻ കമ്മീഷൻ നിർദേശത്തിന്റെ കാതൽ.


കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഴുവൻ കടങ്ങളും എഴുതിത്തള്ളണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെടുന്നു. കരിമ്പിന് ക്വിന്റലിന് 500 രൂപ വില ഉറപ്പാക്കുക, സ്വകാര്യ പഞ്ചസാര മില്ലുകളിൽനിന്നുള്ള പണം സഹകരണ മില്ലുകളുടെ മാതൃകയിൽ ഒറ്റ കൗണ്ടറിലൂടെ നൽകുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. കർഷകർ, കർഷകത്തൊഴിലാളികൾ, ഗ്രാമീണ കരകൗശല തൊഴിലാളികൾ എന്നിവർക്കുള്ള വാർധക്യ പെൻഷൻ പ്രതിമാസം 10,000 രൂപയായി ഉയർത്തണമെന്നും സംഘടന ആവശ്യപ്പെടുന്നു.


പഞ്ചാബിന്റെ നദീജലവുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ ഒപ്പിട്ട എല്ലാ കരാറുകളും റദ്ദാക്കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കർഷകരുടെ ആവശ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഭക്ര ബിയാസ് മാനേജ്മെന്റ് ബോർഡിൽ പഞ്ചാബിനുള്ള പ്രാതിനിധ്യം പുനഃസ്ഥാപിക്കണമെന്നും ഡാം സുരക്ഷാ നിയമവും 2024ലെ ദുരന്തനിവാരണ നിയമവും പിൻവലിക്കണമെന്നും കർഷകർ ഉന്നയിക്കുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home