ഇന്ത്യൻ ജനാധിപത്യം അടിയന്തരാവസ്ഥ കാലത്തെക്കാൾ താഴ്ന്ന നിലയിലെന്ന് വി- ഡെം പഠനം; ആശങ്ക പങ്കുവെച്ച് യുഎൻ സമിതിയും

ന്യൂഡൽഹി: ജനാധിപത്യ സൂചികയിൽ ഇന്ത്യ രാജ്യചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് പഠന റിപ്പോര്‍ട്. സ്വീഡനിലെ ഗോട്ടൻബര്‍ഗ് സര്‍വകലാശാലയിലെ വി-ഡെം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പുതിയ ജനാധപത്യ സൂചികയിലാണ് പരിതാപകരവും ഭീഷണവുമായ സാഹചര്യം ചൂണ്ടികാണിക്കപ്പെടുന്നത്.
1975 ൽ രാജ്യത്ത് അടിയന്തരാവസ്ഥ നിലനിന്നിരുന്ന കാലത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന റാങ്കിലേക്കും സ്കോറിലേക്കുമാണ് ഇന്ത്യ കൂപ്പുകുത്തിയിരിക്കുന്നത്. 'വി-ഡെം' (Varieties of Democracy)ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പട്ടിക പ്രകാരം ഇലക്ട്രൽ ഡെമോക്രസി സൂചികയിൽ ഇന്ത്യ 106-ാം സ്ഥാനത്താണ്. 179 രാജ്യങ്ങളിലെ ജനാധിപത്യ സംവിധാനങ്ങളാണ് പഠന വിധേയമാക്കിയത്.
തെരഞ്ഞെടുപ്പ് കേന്ദ്രീകൃത
ഏകാധിപത്യം
ജനാധിപത്യ സ്ഥാപനങ്ങൾ വ്യവസ്ഥാപിതവും ആസൂത്രിതവുമായി തകര്‍ക്കപ്പെട്ടു. ഇതുവഴി രാജ്യത്ത് "ഇലക്ടറൽ ഓട്ടോക്രസി" നിലനിൽക്കുകയാണ് എന്നും പഠനം ചൂണ്ടികാട്ടുന്നു. ഇതിനൊപ്പം ഇന്ത്യയിലെ വംശീയ ന്യൂനപക്ഷ അവകാശ ലംഘനങ്ങളും വേട്ടയാടലുകളും സംബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ വംശീയ വിവേചന നിര്‍മാര്‍ജന സമിതിയും (UN CERD) ഗുരുതര ആശങ്ക മുന്നോട്ടുവെച്ചു.
നീതിന്യായ വ്യവസ്ഥയിലെ സുതാര്യതയും ഉത്തരവാദിത്തവും വെല്ലുവിളി നേരിടുന്നു. പൊതുഭരണ രംഗങ്ങളിലെ അഴിമതി നിയന്ത്രണം, തെരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം, സിവിൽ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ നിഷ്പക്ഷത എന്നിവയിൽ എല്ലാം കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തെക്കാൾ ഏറ്റവും പിറകിലാണ്.
മാധ്യമ- അക്കാദമിക്
സ്വാതന്ത്ര്യത്തിലും ഇടപെടൽ
മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വേട്ടയാടലുകൾ വര്‍ധിക്കുന്നു. അക്കാദമിക് സ്വാതന്ത്യം ഇടിഞ്ഞു. ഗവേഷണ ബോധന സ്വാതന്ത്യത്തിലുള്ള ഇടപെടൽ വര്‍ധിച്ചു. ഇവ ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ ദുര്‍ബലമാക്കിയതായും വി ഡെം പഠനം ചൂണ്ടികാട്ടുന്നു.

സമാനമായ ആശങ്ക പരസ്യമാക്കി
ഐക്യരാഷ്ട്രസഭ
ഐക്യരാഷ്ട്രസഭയുടെ വംശീയ വിവേചന നിര്‍മാര്‍ജനത്തിനായുള്ള സമിതി (UN Committee on the Elimination of Racial Discrimination - CERD) ഇന്ത്യയിലെ വംശീയ മത ഗോത്ര സമൂഹങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും അവസ്ഥയെ കുറിച്ച് പുറത്തവിട്ട നിരീക്ഷണങ്ങളും സമാനമായ ആശങ്ക പങ്കുവെക്കുന്നു. ജനീവയിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് സമിതി റിപ്പോര്‍ട് പരസ്യമാക്കിയത്. 2007 ന് ശേഷം ആദ്യമായാണ് ഐക്യരാഷ്ട്ര സഭ ഇത്തരത്തിൽ ഒരു ആശങ്ക ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.
പൊലീസ് ഉൾപ്പെടെ നിയമ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾ, ദലിതര്‍, മത വംശീയ ന്യൂനപക്ഷങ്ങൾ, കുടിയേറ്റക്കാര്‍ എന്നിവര്‍ക്കെതിരെ വൻ തോതിൽ നിയമലംഘനങ്ങളും പീഡനവും നടത്തുന്നു. ഇലക്ട്രൽ റോൾ പരിഷ്കരണത്തിലൂടെ (Special Intensive Revision - SIR) വൻതോതിൽ വോട്ടര്‍മാരെ വെട്ടിമാറ്റി. ഇതുവഴി ന്യൂനപക്ഷങ്ങൾ ലക്ഷ്യമാക്കപ്പെട്ടു എന്നും റിപ്പോര്‍ട് വ്യക്തമാക്കുന്നു.
വംശീയവും മതപരവുമായ പ്രേരണകളോടെയുള്ള അക്രമങ്ങൾ, അമിത ബലപ്രയോഗം, നിയമവിരുദ്ധ ഭരണകൂട കൊലപാതകങ്ങൾ, വിചാരണയില്ലാതെ പ്രതികാര ബുദ്ധിയോടെ തടങ്കലിൽ വെക്കൽ, കസ്റ്റഡി പീഡനം, വംശീയവും മതപരവുമായി പ്രെഫൈലിങ്ങിലൂടെ പൊലീസ് അതിക്രമങ്ങൾ എന്നിവ കുത്തനെ വര്‍ധിച്ചതായും ചൂണ്ടികാണിച്ചിട്ടുണ്ട്.










0 comments