പൊലീസ് നരനായാട്ടിൽ പരിക്കേറ്റ എസ്എഫ്ഐ നേതാക്കളെ സന്ദർശിച്ച് സിപിഐ എം നേതാക്കൾ

പൊലീസ് മർദനത്തിൽ പരിക്കേറ്റ എസ്എഫ്ഐ നേതാക്കളായ വൈഷ്ണവി ഷാജിയെയും ആര്യ പ്രസാദിനെയും സിപിഐ എം നേതാക്കളായ കെ കെ ശൈലജയും വി ശിവൻകുട്ടിയും സന്ദര്‍ശിക്കുന്നു
തിരുവനന്തപുരം: കേരളം സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെയുണ്ടായ പൊലീസ് മർദനത്തിൽ പരിക്കേറ്റ വിദ്യാർഥി നേതാക്കളെ സിപിഐ എം നേതാക്കൾ സന്ദർശിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജയും സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ വി ശിവൻകുട്ടിയുമാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്ണവി ഷാജിയെയും കേന്ദ്രകമ്മിറ്റി അംഗം ആര്യ പ്രസാദിനെയും സന്ദർശിച്ചത്. ഇരുവരുടെയും ആരോഗ്യനില ചോദിച്ചറിഞ്ഞ നേതാക്കൾ പൊലീസ് അതിക്രമത്തെ അപലപിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

കേരളത്തിലെ സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ നീക്കത്തിനും അതിന് പിന്തുണ നൽകുന്ന യുഡിഎഫ് സർക്കാരിനുമെതിരെ ചൊവ്വാഴ്ച എസ്എഫ്ഐ നടത്തിയ മാർച്ചിനുനേരെയാണ് പൊലീസ് അതിക്രൂരമായ ലാത്തിച്ചാർജ് നടത്തിയത്. ലാത്തിയടിയിൽ ആര്യ പ്രസാദിന് തലക്ക് പരിക്കേറ്റ് ബോധം നഷ്ടപ്പെടുകയും വൈഷ്ണവി ഷാജിയുടെ കണ്ണിന് താഴെ ഗുരുതരമായി മുറിവേൽക്കുകയും ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയംഗം വൈഷ്ണയ്ക്കും മുഖത്തും ചുണ്ടിലും പരിക്കേറ്റു. നിരവധി വിദ്യാർഥികൾക്കും ലാത്തിച്ചാർജിൽ പരിക്കേറ്റിരുന്നു.
സർവകലാശാല ഗേറ്റിന് മുന്നിൽ വെച്ച് മാർച്ച് തടഞ്ഞ പൊലീസ്, യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർത്ഥികൾക്ക് നേരെ ജലപീരങ്കിയും തുടർന്ന് ക്രൂരമായ ലാത്തിച്ചാർജും അഴിച്ചുവിടുകയായിരുന്നു. പെൺകുട്ടികളെന്ന പരിഗണന പോലും നൽകാതെ പുരുഷ പൊലീസാണ് വിദ്യാർത്ഥിനികളെ ആക്രമിച്ചത്.









0 comments