അനാശാസ്യകേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാര്‍, ഭിന്ന വിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

കൊച്ചി: അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ആവശ്യക്കാരും കുറ്റക്കാരാണെന്ന് ഹൈക്കോടതി. സിംഗിൾ ബെഞ്ചുകൾ ഇത് സംബന്ധിച്ച് വ്യത്യസ്ത വിധി പുറപ്പെടുവിച്ച സാഹര്യത്തിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ജസ്റ്റിസ് വി രാജ വിജയരാഘവനും ജസ്റ്റിസ് കെ വി ജയകുമാറും ഉൾപ്പെടുന്ന ബെഞ്ചിന്റെയാണ് വിധി.
ലൈംഗിക തൊഴിലാളികൾ ഇത്തരം കേന്ദ്രങ്ങളിൽ കച്ചവട ചരക്കാക്കി കൈമാറ്റം ചെയ്യപ്പെടുകയാണ്. നടത്തിപ്പുകാര്‍ ലാഭം കൊയ്യുന്നു. സേവനം തേടി എത്തുന്നവരുടെ അഭാവത്തിൽ ഈ കുറ്റകൃത്യം നടപ്പാവില്ല എന്നും കോടതി പറഞ്ഞു. അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരം ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്ന വ്യക്തികളെ കസ്റ്റമറായും അതുവഴി കുറ്റകൃത്യത്തിൽ പങ്കുള്ളയാളായും കാണാൻ പറ്റുമോ എന്ന വിഷയമാണ് കോടതി പരിഗണഗിച്ചത്.
സൗകര്യങ്ങൾ ഒരുക്കി നടത്തിപ്പുകാരൻ ലാഭം കൊയ്യുമ്പോൾ 'കസ്റ്റമർ' അതിനെ പരിപോഷിപ്പിക്കുകയാണ്. നടത്തിപ്പുകാരനും കസ്റ്റമറും ഉണ്ടെങ്കിലേ അനാശാസ്യ കേന്ദ്രങ്ങളിലെ ചൂഷണം നടക്കുകയുള്ളൂ. അതിനാൽ 'കസ്റ്റമർ' പ്രതിയായില്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യത്തിൽ വെള്ളംചേർക്കുന്നതിന് സമമാകും. അതിനാൽ കസ്റ്റമറെ ക്രിമിനൽ ബാധ്യതയിൽ നിന്നും ഒഴിവാക്കാനാവില്ലെന്നും കോടതി പറഞ്ഞു.










0 comments