നേപ്പാളിലെ പ്രധാന നദികളിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ; ജാഗ്രതാ നിർദേശം

കാഠ്മണ്ഡു: നേപ്പാളിലെ മൂന്ന് പ്രധാന നദികളിലെ ജലനിരപ്പ് അപകടനില കവിഞ്ഞതായി മുന്നറിയിപ്പ്. സിന്ധുലി ജില്ലയിലെ സൺ കോശി, ഗൂർഖയിലെ ബുധി ഗന്ധകി, ദാദൽദുരയിലെ മഹാകാളി നദികളിലാണ് ജലനിരപ്പ് ക്രമാധീതമായി ഉയർന്നത്. രാജ്യത്തിന്റെ മധ്യ, പടിഞ്ഞാറൻ, കിഴക്കൻ മേഖലകളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാത്രി 11ഓടെ ലാംജംങ് ജില്ലയിലെ മാർസ്യാങ്ഡി നദിയിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. ജലനിരപ്പ് ഇപ്പോഴും ഉയരുകയാണെന്ന്. അപകടപരിധി കടന്നതിനാൽ, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മാറി ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു.
നേപ്പാളിൽ സമീപ ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നുണ്ട്. കാഠ്മണ്ഡു ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൺസൂൺ സജീവമായി തുടരുകയാണ്. അതേസമയം, ആഗസ്ത് 26നുണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലും ടിബറ്റിലുമായി മരിച്ചവരുടെ എണ്ണം 1,066 ആയി. 4,000-ത്തോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കാണാതായവരിൽ 583 വിദേശപൗരന്മാരും ഉൾപ്പെടുന്നു. പ്രളയത്തിൽ തകർന്ന ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പ്രധാനമായും രക്ഷാപ്രവർത്തനം നടക്കുന്നത്.
നേപ്പാളിൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനങ്ങളിൽ ഇന്ത്യ തുടർച്ചയായ പിന്തുണ ഉറപ്പുവരുത്തുന്നുണ്ട്. ദുരിതാശ്വാസ, രക്ഷാ സഹായങ്ങളുമായി ഇന്ത്യയിലെ അഞ്ചാമത്തെ വിമാനം ഇന്ന് നേപ്പാളിലേക്ക് പുറപ്പെട്ടു. പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച 11 അംഗ രക്ഷാ സംഘവും 5.5 ടൺ അവശ്യ മരുന്നുകളും വിമാനത്തിലുണ്ടെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ അറിയിച്ചു.









0 comments