'പശ്ചാത്തപിക്കേണ്ടിവരും'; അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ

തെഹ്റാൻ: അമേരിക്ക തുടരുന്ന ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടിയുണ്ടാകുമെന്ന് ഇറാന്‍. തെക്കുപടിഞ്ഞാറൻ ഇറാനിയൻ നഗരങ്ങളായ അഹ്വാസ് , അഘാജാരി എന്നിവയ്ക്ക് സമീപം അമേരിക്ക മിസൈലാക്രമണം നടത്തുകയും നാല് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയത്. അമേരിക്കയുടെ ഈ നടപടികളിൽ യുഎസ് ഭരണകൂടം പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് വക്താവ് വ്യക്തമാക്കി.
പേർഷ്യൻ ഉൾക്കടലിൽനിന്ന് ഇറാന് എണ്ണ കയറ്റുമതി ചെയ്യാൻ സാധിച്ചില്ലെങ്കിൽ, മേഖലയിലെ മറ്റാരെയും എണ്ണ കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് തുറന്നടിച്ചു. ചർച്ചകളെ അമേരിക്ക തങ്ങളുടെ നിബന്ധനകൾ അടിച്ചേൽപ്പിക്കാനുള്ള മാർഗമായി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായിയും വിമർശിച്ചു.
പശ്ചിമേഷ്യയിൽ ചൊവ്വാഴ്ച അമേരിക്കൻ സൈന്യം ആക്രമണം പുനരാരംഭിച്ചിരുന്നു. പിന്നാലെ, ഇറാഖിലെയും ജോർദാനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച പുലർച്ചെയോടെ ജോർദാനിലെ അഖബയിലുള്ള യുഎസ് മറൈൻ ബേസിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇറാൻ തൊടുത്ത 13 ബാലിസ്റ്റിക് മിസൈലുകളിൽ 10 എണ്ണവും തകർത്തതായും 3 എണ്ണം ജനവാസില്ലാത്ത പ്രദേശങ്ങളിൽ പതിച്ചതായും ജോർദാൻ സൈന്യം അറിയിച്ചു. ബുധനാഴ്ച പുലർച്ചെ ഇറാന്റെ മിസൈൽ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രതിരോധിച്ചതായി കുവൈറ്റ് സൈന്യവും അറിയിച്ചു. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ബഹ്‌റൈനിലും സ്ഫോടനങ്ങൾ നടന്നു.
നിങ്ങളുടെ മണ്ണിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പുറത്താക്കണമെന്നും അല്ലാത്തപക്ഷം കടുത്ത സൈനിക തിരിച്ചടി നേരിടേണ്ടി വരുമെന്ന് അറബ് രാജ്യങ്ങളോട് ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഡെപ്യൂട്ടി പൊളിറ്റിക്കൽ മേധാവി ജനറൽ യദുള്ള ജവാനി ആവശ്യപ്പെട്ടു. ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്ക താവളമായി ഉപയോഗിക്കുന്ന ഏത് രാജ്യത്തെ കേന്ദ്രത്തിനെതിരെയും ശക്തമായ തിരിച്ചടി നൽകാൻ തങ്ങളുടെ സൈന്യത്തിന് കഴിയുമെന്ന് തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ എന്നീ രാജ്യങ്ങളെ അദ്ദേഹം പ്രസ്താവനയിൽ പ്രത്യേകം പരാമർശിച്ചു.










0 comments