പ്രളയ ജലത്തിൽ നിന്ന് മീൻ പിടിച്ച് ഭക്ഷിക്കരുത്; നേപ്പാൾ ദുരന്തത്തിന് പിന്നാലെ ബിഹാറിൽ മുന്നറിയിപ്പ്

പട്ന: നേപ്പാളിൽ നിന്ന് ഒഴുകി വരുന്ന പ്രളയ ജലത്തിൽ നിന്ന് മീൻപിടിക്കരുതെന്നും അവ ഭക്ഷിക്കരുതെന്നും മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ അത്തരം മീനുകൾ കഴിക്കരുതെന്നാണ് നിർദേശം.
നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ പ്രളയ ജലം ത്രിശൂലി നദിയുടെ പ്രധാന കൈവഴികളായ ഗന്ധക്, കോസി നദികൾ വഴി ബീഹാറിലേക്ക് ഒഴുകിയെത്തുന്നുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് പല തരത്തിലുള്ള മത്സ്യങ്ങളെയും പ്രദേശത്ത് ദൃശ്യമാകുന്നുണ്ട്. ഇത്തരം മീനുകൾ പാകം ചെയ്ത് കഴിച്ച ചിലർക്ക് അസ്വസ്ഥതകളുണ്ടായ സാഹചര്യത്തിലാണ് സർക്കാർ മുന്നറിയിപ്പ് നൽകിയത്.
പ്രളയ ജലം വരുന്ന ശ്രോതസുകളിൽ നിന്ന് പിടിക്കുന്ന മത്സ്യങ്ങൾ വാങ്ങുകയോ വിൽക്കുകയോ കഴിക്കുകയോ ചെയ്യരുതെന്നാണ് കർശന നിർദേശം. മലിനമായ അഴുക്കുചാലുകൾ, ചത്ത മൃഗങ്ങൾ, മറ്റ് മാലിന്യങ്ങൾ എന്നിവയെല്ലാം ഒഴുക്കിവരുന്ന പ്രളയ ജലത്തിലെ മത്സ്യങ്ങളിൽ പലതരം ബാക്ടീരിയകളും വൈറസുകളും മറ്റ് രോഗകാരികളായ അണുക്കളുമുണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം മീനുകൾ കഴിക്കുന്നത് സുരക്ഷിതമല്ലെന്ന് മൃഗ-മത്സ്യവിഭവ വകുപ്പ് പറഞ്ഞു.









0 comments