ഇന്ത്യയിൽ ആദ്യത്തെ ഡെങ്കി വാക്സിന് അനുമതി; 'ക്യുഡെംഗ' ഉടൻ ലഭ്യമാകും

Photo Credit:NDTV
ന്യൂഡൽഹി: ഇന്ത്യയിൽ ഡെങ്കിപ്പനി തടയുന്നതിനായി തകെഡ ബയോഫാർമസ്യൂട്ടിക്കൽസ് ഇന്ത്യയുടെ ഡെങ്കി വാക്സിനായ 'ക്യുഡെംഗ'യ്ക്ക് (QDENGA) ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകാൻ അനുമതിയുള്ളത്.
ഇന്ത്യയിൽ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഡെങ്കി വാക്സിനാണിത്. ഡെങ്കിപ്പനി ബാധിച്ചവരും അല്ലാത്തവരും ഉൾപ്പെടെയുള്ളവർക്ക് മുൻകൂട്ടിയുള്ള പരിശോധനകളില്ലാതെ തന്നെ ഈ വാക്സിൻ സ്വീകരിക്കാം.
ഏഷ്യ, ലാറ്റിൻ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 43 രാജ്യങ്ങളിൽ ഇതിനകം അംഗീകാരം ലഭിച്ചിട്ടുള്ള ക്യുഡെംഗ, ലോകാരോഗ്യ സംഘടനയുടെ പ്രീ-ക്വാളിഫിക്കേഷൻ നേടിയിട്ടുണ്ട്.
ഡെങ്കിപ്പനിയുടെ നാല് വകഭേദങ്ങൾക്കെതിരെയും സംരക്ഷണം നൽകാൻ കഴിവുള്ള 'ടെട്രാവാലന്റ് ലൈവ്-അറ്റൻവേറ്റഡ്' വാക്സിനാണിത്. 0.5 മില്ലിലിറ്റർ വീതമുള്ള രണ്ട് ഡോസുകളായാണ് വാക്സിൻ നൽകേണ്ടത്; മൂന്ന് മാസത്തെ ഇടവേളയിൽ ഇവ സ്വീകരിക്കണം.
ഇന്ത്യയിലെ ഡെങ്കിപ്പനിയുടെ വ്യാപനം കണക്കിലെടുക്കുമ്പോൾ ഈ വാക്സിൻ വലിയൊരു നാഴികക്കല്ലാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. 28,000-ത്തിലധികം ആളുകളിൽ നടത്തിയ വിവിധ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാക്സിന് അനുമതി ലഭിച്ചത്.
ഡെങ്കിപ്പനി മൂലമുള്ള ആശുപത്രിവാസം തടയുന്നതിൽ 90 ശതമാനത്തിലധികം കാര്യക്ഷമത ഈ വാക്സിൻ പ്രകടിപ്പിച്ചതായി പരീക്ഷണങ്ങൾ തെളിയിക്കുന്നു.










0 comments