"ഇങ്ങനെ ചെയ്യുന്നതുകൊണ്ട് സഞ്ജുവിനോ സൂര്യവംശിക്കോ യാതൊരു ഗുണവുമില്ല"; ടീം മാനേജ്മെന്റിനെതിരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ

സഞ്ജു സാംസണും വൈഭവ് സൂര്യവംശിയും
മുംബൈ: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ആദ്യ ട്വന്റി 20 മത്സരത്തിന്റെ പ്ലേയിംഗ് ഇലവനിൽ നിന്ന് വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റനും ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. കടുത്ത അനീതിയാണ് ടീം മാനേജ്മെന്റ് വൈഭവിനോട് ചെയ്തതെന്ന് ശ്രീകാന്ത് വിമർശിച്ചു.
മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തിയതോടെയാണ് ഇന്ത്യൻ ഓപ്പണിംഗ് നിരയെച്ചൊല്ലിയുള്ള ചർച്ചകൾ വീണ്ടും സജീവമായത്. ഒടുവിൽ സഞ്ജുവിനെയും അഭിഷേക് ശർമയെയും ഓപ്പണർമാരായി തെരഞ്ഞെടുത്ത ടീം മാനേജ്മെന്റ് സൂര്യവംശിയെ ബെഞ്ചിലിരുത്തുകയായിരുന്നു.
ഇന്ത്യയുടെ മുൻ മത്സരങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സൂര്യവംശിയെ ഒഴിവാക്കിയത് ഏറെ അത്ഭുതപ്പെടുത്തുന്നതാണെന്ന് ശ്രീകാന്ത് പറഞ്ഞു. സിംബാബ്‌വെക്കെതിരായ പരമ്പരയിൽ 196.10 എന്ന സ്ട്രൈക്ക് റേറ്റിൽ 151 റൺസ് അടിച്ചുകൂട്ടിയ 15കാരൻ മാൻ ഓഫ് ദി സീരീസ് പുരസ്കാരവും സ്വന്തമാക്കിയിരുന്നു. തുടർന്ന് ദുലീപ് ട്രോഫി ഫൈനലിലും കളിച്ചാണ് സൂര്യവംശിയെത്തിയത്. അതുകൊണ്ടുതന്നെ സൂര്യവംശിയെ ഒഴിവാക്കിയ തീരുമാനത്തിൽ താനും അത്ഭുതപ്പെട്ടുപോയെന്നും, ടീം സെലക്ഷനെക്കുറിച്ച് തന്റെ ഭാര്യ പോലും ചോദ്യങ്ങൾ ചോദിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
"സൂര്യവംശി കളിക്കാത്തത് കൊണ്ട് ഇന്നലെ ഞങ്ങൾ സിനിമ കാണാൻ തുടങ്ങി. കഴിഞ്ഞ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയ താരം എന്തുകൊണ്ട് പ്ലേയിംഗ് ഇലവനിൽ ഇല്ല എന്ന് ചോദിച്ച് എന്റെ ഭാര്യ എന്നോട് തർക്കിക്കുകയായിരുന്നു. " ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ടീമിൽ സഞ്ജു സാംസണെ കൈകാര്യം ചെയ്യുന്ന രീതിയേയും ശ്രീകാന്ത് വിമർശിച്ചു. ജൂലൈയിൽ നടന്ന യുകെ പര്യടനത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ പ്ലേയിംഗ് ഇലവന്റെ ഭാഗമായിരുന്നു സഞ്ജു. എന്നാൽ മൂന്ന് മത്സരങ്ങൾക്ക് ശേഷം അദ്ദേഹത്തിന് പകരം സൂര്യവംശിക്ക് അവസരം നൽകി. തുടർന്ന് പരമ്പരയിലെ ഏഴാമത്തെയും അവസാനത്തെയും മത്സരത്തിൽ മടങ്ങിയെത്തിയ സഞ്ജുവിന്, അതിനുശേഷമുള്ള സിംബാബ്‌വെ പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്നു. ഇങ്ങനെ ഇടയ്ക്കിടെയുള്ള അവസരങ്ങൾ കൊണ്ട് സഞ്ജുവിനോ സൂര്യവംശിക്കോ യാതൊരു ഗുണവുമില്ലെന്ന് ശ്രീകാന്ത് വ്യക്തമാക്കി. ഇരുതാരങ്ങളെയും ഒന്നിച്ച് മാറിമാറി കളിപ്പിക്കുന്ന രീതി ഒഴിവാക്കി ടീം മാനേജ്മെന്റ് കൂടുതൽ വ്യക്തതയുള്ള ഒരു സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
"സഞ്ജുവിനെ ഓർത്ത് എനിക്ക് സഹതാപം തോന്നുന്നു. ഒന്നുകിൽ അവന് മതിയായ അവസരങ്ങൾ നൽകിയിട്ട് പിന്നീട് ഒഴിവാക്കുക, അല്ലെങ്കിൽ വൈഭവ് സൂര്യവംശിക്ക് തുടർച്ചയായി മത്സരങ്ങൾ കളിക്കാൻ അവസരം നൽകുക. ഇന്ത്യ വരുത്തുന്ന പ്രധാന തെറ്റ് ഇരുവർക്കും ഇവിടെയും അവിടെയുമായി രണ്ടോ മൂന്നോ മത്സരങ്ങൾ മാത്രം നൽകുന്നു എന്നതാണ്. ഇത് കളിക്കാരെ സംബന്ധിച്ച് നല്ല രീതിയല്ല," ശ്രീകാന്ത് പറഞ്ഞു.
ഇടയ്ക്കിടെയുള്ള ഈ മാറ്റങ്ങൾ ഓപ്പണർമാരിൽ അനിശ്ചിതത്വമുണ്ടാക്കുമെന്നും കളിക്കാർക്ക് ടീമിലെ സ്ഥാനത്തെക്കുറിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നൽകി.









0 comments