ഡെങ്കിപ്പനിയിൽ വിറച്ച് ബംഗാൾ; കേസുകളിൽ വൻ വർധനവ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി കേസുകളിൽ കുത്തനെ വർധനവ്. കൊതുകുകൾ വഴി പകരുന്ന രോഗം ബാധിച്ചവരുടെ എണ്ണം ഈ വർഷം 5,000 കടന്നു. പശ്ചിമ ബംഗാൾ ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ 11 വരെ 5,002 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഓഗസ്റ്റ് അവസാനം വരെ റിപ്പോർട്ട് ചെയ്ത കേസുകൾ 2,500ൽ താഴെയായിരുന്നു. അതായത്, ഏകദേശം ഒരു മാസത്തിനിടെ 2,500ലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുർഷിദാബാദിലാണ് ഇതുവരെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, കൊൽക്കത്തയും വടക്കൻ 24 പർഗാനാസുകളുമാണ് തൊട്ടുപിന്നിൽ.
സംസ്ഥാനത്ത് 29 നഗരസഭകളെയും, 85 കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ബ്ലോക്കുകളെയും, 278 ഗ്രാമപഞ്ചായത്തുകളെയും ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.കൊൽക്കത്തയിലും പശ്ചിമ ബംഗാളിന്റെ മറ്റ് ഭാഗങ്ങളിലും, മൺസൂൺ കാലാവസ്ഥ ഈഡിസ് കൊതുക് പെറ്റുപെരുകാൻ അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന സമയത്താണ് ഈ വർധനവുണ്ടായിരിക്കുന്നത്.
ഡെങ്കിപ്പനി ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നതിലും സ്വയം ചികിത്സ ഒഴിവാക്കുന്നതിലും വീടുകൾക്കും സമൂഹത്തിനും ചുറ്റും കൊതുകുപെരുകുന്നത് തടയുന്നതിലുമായിരിക്കണം ഇനി പ്രധാന ശ്രദ്ധയെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കി









0 comments