'അതിജീവനത്തില്‍ ഒപ്പം നിന്നവള്‍'; ഭാര്യയ്ക്ക് ഏറെ വൈകാരികമായ ആശംസയുമായി മേജർ മനേഷ് പി വി

കണ്ണൂർ : ഭീകരരുടെ മുന്നിൽ പതറാതെ രാജ്യത്തിനായി പോരാടിയ സൈനികന് താങ്ങും തണലുമായി നിന്ന പങ്കാളിയ്ക്ക് വൈകാരികമായ വിവാഹവാര്‍ഷിക ആശംസ. മുംബൈ ഭീകരാക്രമണത്തിൽ ഭീകരരോട് പൊരുതി പരിക്കേറ്റ ശൗര്യചക്ര ജേതാവ് മേജർ മനേഷ് പി വിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുകയാണ്.
ജീവിതത്തിന്റെ എല്ലാ അവസ്ഥയിലും മനേഷിനൊപ്പം നിന്ന് ആത്മവിശ്വാസം നൽകിയ ഭാര്യ ഷീമ പിയ്ക്ക് ഇതിലും മനോഹരമായ ആശംസകൾ വേറെ ലഭിക്കാനില്ല. മുംബൈ ആക്രമണത്തിൽ ഭീകരരെ നേരിട്ട നാഷണൽ സെക്യൂരിറ്റി ഗാർഡ്(എൻഎസ്ജി) കമാൻഡോ ടീമിലെ അംഗമായിരുന്നു മനേഷ്.
എന്റെ പ്രിയപ്പെട്ടവളോടൊപ്പം ജീവിതയാത്ര തുടങ്ങിയിട്ട് ഇന്ന് 22 വർഷം എന്ന വരിയോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. മരണത്തെ മുഖാമുഖം കണ്ട് ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് കരുതിയിടത്ത് നിന്ന് കൈപിടിച്ച് ഉയർത്തിയ ഭാര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് കുറിപ്പ്. ഓരോ വരിയിലും ഒരു സൈനികൻ കടന്നുപോയ അവസ്ഥകളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണ ഓരോ ഘട്ടത്തിലും എത്രത്തോളം വലുതാണെന്ന കാര്യവും പോസ്റ്റിലൂടെ മനേഷ് പറയുന്നു.
ജീവിതത്തിൽ പല ഏറ്റക്കുറച്ചിലുകളും സന്തോഷങ്ങളും ദുഃഖങ്ങളും പ്രതിസന്ധികളും കടന്നുപോയെങ്കിലും, ഓരോ നിമിഷത്തിലും എന്റെ കൂടെ ഉറച്ചുനിന്ന ഒരാൾ എന്റെ പ്രിയപ്പെട്ട പത്നിയാണെന്നും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഭാര്യ നടത്തിയ പോരാട്ടവും പ്രയത്നവും ഒരിക്കലും വാക്കുകളിൽ പറഞ്ഞുതീർക്കാനാവില്ലെന്നും മനേഷ് കുറിച്ചു.
ഒരു സൈനികനെന്ന നിലയിൽ എനിക്ക് മനോബലവും ആത്മവിശ്വാസവും ഊർജ്ജവും പകർന്നു നൽകി, ജീവിതത്തിലെ ഓരോ വെല്ലുവിളിയിലും എന്റെ കൈപിടിച്ച് മുന്നോട്ട് നയിച്ചത് നീയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ അപകടം സംഭവിച്ച്, ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് ഞാൻ പോലും കരുതിയ ആ നിർണായക നിമിഷത്തിൽ, എന്റെ കൈപിടിച്ച് കൂടെ നിന്നു. വേദനകളിൽ ആശ്വാസമായി, തളർച്ചയിൽ കരുത്തായി, ഇരുട്ടിൽ വെളിച്ചമായി ഓരോ പ്രതിസന്ധിയിലും നീ എന്റെ ഏറ്റവും വലിയ പിന്തുണയായി, മനേഷ് പറഞ്ഞു.
22 വർഷത്തെ ദാമ്പത്യജീവിതം തനിക്ക് ഒരു ബന്ധം മാത്രമല്ലെന്നും ത്യാഗത്തിന്റെയും അതിജീവനത്തിന്റെയും മനോഹരമായ യാത്രയാണെന്നും മനേഷ് കുറിച്ചു. ഇനിയും ഒരുപാട് വർഷങ്ങൾ മുന്നോട്ട് പോകേണ്ടതുണ്ടെന്ന ആശംസയും മനേഷ് ഭാര്യയ്ക്ക് നൽകുന്നു.









0 comments