ഇന്ന് ലോകാരോഗ്യ ദിനം
കാലാവസ്ഥാ വ്യതിയാനം ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ? അറിഞ്ഞിരിക്കാം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വെറുമൊരു പ്രകൃതി പ്രതിഭാസമല്ല മനുഷ്യരാശിയുടെ നിലനിൽപിനെത്തന്നെ ചോദ്യം ചെയ്യുന്ന മഹാമാരികളുടെ വ്യാപനത്തിന് കാരണമായേക്കാവുന്ന തുറന്നിട്ട വാതിലുകളാണെന്ന് പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. സമുദ്രനിരപ്പ് ഉയരുന്നതിനെക്കുറിച്ചും പ്രകൃതിക്ഷോഭങ്ങളെക്കുറിച്ചും മാത്രം ചർച്ച ചെയ്യുമ്പോൾ തന്നെ നമുക്ക് മുന്നിലെത്തിക്കഴിഞ്ഞ ഭയാനകമായ ആരോഗ്യപ്രതിസന്ധിയെ വിസ്മരിക്കരുത്. രാജ്യത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും രോഗങ്ങളുടെ പുതിയ വേലിയേറ്റമാണ് കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്നത്.
നഗരങ്ങളിൽ പെരുകുന്ന ജലജന്യ രോഗങ്ങൾ
മുംബൈ പോലുള്ള നഗരങ്ങളിൽ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, എലിപ്പനി തുടങ്ങിയ രോഗങ്ങളുടെ പ്രജനനത്തിന് കാരണമാകുകയാണ്. നഗരങ്ങളിലെ കുടിവെള്ള സ്രോതസുകളെ ഇത് മലിനമാക്കുന്നു. മറുവശത്ത് വരൾച്ച ബാധിത പ്രദേശങ്ങളിൽ സുരക്ഷിതമായ കുടിവെള്ളത്തിന്റെ അഭാവം അതിസാര രോഗങ്ങൾക്കും (Diarrhea) നിർജലീകരണത്തിനും കാരണമാകുന്നു.
രാജ്യത്തെ ശുചിത്വ നഗരമെന്ന ഖ്യാതി നേടിയ ഇൻഡോറിൽ ഈ കഴിഞ്ഞ ജനുവരി മാസത്തിൽ മലിനജലം കുടിച്ച് നിരവധി പേരാണ് മരണപ്പെട്ടത്. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഭഗീരഥ്പുരയിലെ വെള്ളത്തിൽ വിസർജ്യങ്ങളിൽ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയ കണ്ടെത്തി. കുഴൽക്കിണറുകളിൽ നിന്നുള്ള വെള്ളത്തിൽ മാരകമായ അളവിലാണ് ബാക്ടീരിയയുടെ സാന്നിധ്യമുള്ളത്.
രോഗവ്യാപന കാലം വർധിക്കുന്നു
കാലാവസ്ഥയിലുണ്ടായ മാറ്റം രോഗങ്ങളുടെ വ്യാപനകാലം വർധിപ്പിച്ചു. ഡൽഹി പോലുള്ള നഗരങ്ങളിൽ സാധാരണയായി സെപ്റ്റംബർ മാസത്തിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് നവംബർ വരെ നീളുന്നു. ചൂടും മഴയും കലർന്ന കാലാവസ്ഥ കൊതുകുകൾക്ക് വളരാൻ അനുകൂല സാഹചര്യം ഒരുക്കുന്നു.
മലയോര മേഖലകളിൽ മുൻപ് കൊതുകുശല്യം കുറവായിരുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം താപനില വർധിച്ചതോടെ കൊതുകുകൾക്ക് വളരാൻ സാധിക്കാതിരുന്ന പ്രദേശങ്ങൾ പോലും അവയുടെ പ്രജനനത്തിന് അനുയോജ്യമായ ഇടങ്ങളായി മാറി. കൊതുക് ജന്യ രോഗങ്ങൾ ഇത്രയധികം വർധിക്കാനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന് ഇതാണ്.
ചൂട് കൂടിയതോടെ ഹിമാചൽ പ്രദേശ് പോലുള്ള തണുപ്പുള്ള പ്രദേശങ്ങളിലേക്കും മലേറിയ വ്യാപിക്കുകയാണ്. മുമ്പ് ഇത്തരം രോഗങ്ങൾ ഇല്ലാതിരുന്ന പ്രദേശമായതിനാൽ ജനങ്ങൾക്ക് പ്രതിരോധശേഷി കുറവായിരിക്കും. കൂടാതെ ആരോഗ്യ സംവിധാനങ്ങൾ ഇത്തരം വലിയ തോതിലുള്ള വ്യാപനത്തെ നേരിടാൻ സജ്ജവുമല്ല.
ഉയരുന്ന താപനിലയും ശ്വാസകോശ രോഗങ്ങളും
ചൂട് കൂടുമ്പോൾ എയർ കണ്ടീഷണറുകളുടെ അമിത ഉപയോഗം ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ വർധിപ്പിക്കുന്നു. ഇതിലൂടെയുണ്ടാകുന്ന പിഎം2.5 കണികകൾ ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും വൃക്കകളെയും മാരകമായി ബാധിക്കുന്നു. ശ്വാസകോശ വീക്കം, ആസ്ത്മ, ഉയർന്ന രക്തസമ്മർദം, ഹൃദയാഘാതം എന്നിവക്കുള്ള സാധ്യത വർധിക്കുന്നു. ഒഡീഷ, തെലങ്കാന, വിദർഭ എന്നിവിടങ്ങളിൽ ഉഷ്ണതരംഗം മൂലമുള്ള മരണങ്ങൾ വർധിക്കുകയാണ്. നഗരങ്ങളിൽ രാത്രികാലങ്ങളിലും താപനില ഉയരുന്നത് മനുഷ്യശരീരത്തിന് ആവശ്യമായ വിശ്രമവേളകളെപ്പോലും ബാധിക്കുന്നു.
ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന കാലാവസ്ഥ
കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയേയും നേരിട്ട് ബാധിക്കുന്നു. അസമയത്തുള്ള മഴയും ചൂടും വിളനാശമുണ്ടാക്കുന്നു. ചൂട് കൂടുന്നത് കന്നുകാലികളുടെ പാൽ ഉൽപാദനം കുറയാനും അതുവഴി കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കാനും കാരണമാകുന്നു. ഗർഭിണികൾ
ഈ കടുത്ത ചൂടിനെ അതിജീവിക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്. അമിതമായ ചൂട് ഗർഭിണികളിൽ നിർജലീകരണത്തിന് കാരണമാകുന്നു. ഇത് ജനിക്കുന്ന കുട്ടിയുടെ പ്രതിരോധശേഷിയെ വരെ ബാധിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാസം തികയാതെയുള്ള പ്രസവങ്ങളും കുഞ്ഞുങ്ങളിലെ തൂക്കക്കുറവും വർധിക്കുന്നതായി റിപോർട്ട് ചെയ്യപ്പെടുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ വെറുമൊരു പരിസ്ഥിതി പ്രശ്നമായി ചുരുക്കുന്നത് കോർപ്പറേറ്റുകളുടെയും വികസിത രാജ്യങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാനാണ്.
അതിജീവനത്തിനായുള്ള പോരാട്ടത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം. വെറുമൊരു പരിസ്ഥിതി പ്രശ്നമായി ഇതിനെ കാണുന്നത് വലിയ നഷ്ടത്തിന് കാരണമാകും. അടിയന്തരമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ രാജ്യം നേരിടാൻ പോകുന്നത് സമാനതകളില്ലാത്ത ആരോഗ്യ ദുരന്തമായിരിക്കും.










0 comments