കാൻസർ ചികിത്സയിൽ പ്രതിസന്ധി; കീമോതെറാപ്പി മരുന്നുകൾക്ക് രാജ്യത്ത് ക്ഷാമം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യവ്യാപകമായി സിസ്‌പ്ലാറ്റിൻ, കാർബോപ്ലാറ്റിൻ എന്നീ കീമോതെറാപ്പി മരുന്നുകൾക്ക് നേരിടുന്ന ക്ഷാമം കാൻസർ രോഗികളുടെ ചികിത്സയെ ഗുരുതരമായി ബാധിക്കുന്നു. ശ്വാസകോശം, ഗർഭാശയമുഖം, അണ്ഡാശയം, തല, കഴുത്ത് തുടങ്ങിയ വിവിധ ക്യാൻസർ രോഗങ്ങളുടെ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളാണിവ.
പ്രമുഖ സർക്കാർ, സ്വകാര്യ ആശുപത്രികളിലടക്കം മരുന്നുകൾ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്, ഇത് പല രോഗികളുടെയും ചികിത്സ വൈകിപ്പിക്കാനോ ചികിത്സാ രീതികളിൽ മാറ്റം വരുത്താനോ ഡോക്ടർമാരെ നിർബന്ധിതരാക്കുന്നു.
ക്യാൻസർ ചികിത്സയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന പ്ലാറ്റിനം അടിസ്ഥാനമാക്കിയുള്ള മരുന്നുകളാണ് ഇവ. മരുന്നുകൾ നിർമ്മിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കളുടെദൗർലഭ്യം, നിർമ്മാണച്ചെലവിലെ വർദ്ധനവ്, ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ എന്നിവയാണ് ഈ പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണങ്ങൾ.
പടിഞ്ഞാറൻ ഏഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും പ്ലാറ്റിനത്തിന്റെ വിലയിലുണ്ടായ കുത്തനെയുള്ള വർദ്ധനവും മരുന്ന് ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വ്യവസായ പ്രതിനിധികൾ വ്യക്തമാക്കുന്നു.
തുടക്കത്തിൽ കൈവശമുണ്ടായിരുന്ന സ്റ്റോക്കുകൾ ഉപയോഗിച്ച് ആശുപത്രികൾ സാഹചര്യം നേരിട്ടെങ്കിലും, കഴിഞ്ഞ ഏതാനും ആഴ്ചകളായി മരുന്നുകൾ തീർന്നുതുടങ്ങിയത് രോഗികളെയും കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പകരമായി ഉപയോഗിക്കാൻ മറ്റ് മാർഗ്ഗങ്ങൾ കുറവായതിനാൽ ഈ സാഹചര്യം ഏറെ ആശങ്കാജനകമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ചികിത്സാ പദ്ധതികൾ തടസ്സപ്പെടുന്നത് രോഗികളുടെ നിലനിൽപ്പിനെയും രോഗം വീണ്ടും വരാനുള്ള സാധ്യതയെയും ബാധിച്ചേക്കാമെന്ന് എയിംസ് ഡൽഹിയിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. എം.ഡി റേ അഭിപ്രായപ്പെട്ടു.
അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം മരുന്നുകളുടെ ഉത്പാദനം സാമ്പത്തികമായി ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി, ഈ വർഷം ആദ്യം തന്നെ മരുന്ന് നിർമ്മാതാക്കൾ വിലവർദ്ധനവ് ആവശ്യപ്പെട്ടിരുന്നു.









0 comments