ജന്തുജന്യ പകർച്ചവ്യാധികൾ തടയാൻ ജാഗ്രത

ഡോ. എം മുഹമ്മദ് ആസിഫ്
Published on Jul 06, 2025, 01:00 AM | 2 min read
കോവിഡ് -19 അടക്കം മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയ പുതിയ രോഗങ്ങളിൽ 75 ശതമാനവും നട്ടെല്ലുള്ള ജീവികളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന ജന്തുജന്യരോഗങ്ങളാണെന്ന് ലോകാരോഗ്യസംഘടനയുടെ പഠനങ്ങൾ പറയുന്നു. മറ്റൊരു റിപ്പോർട്ടിൽ മനുഷ്യാരോഗ്യത്തെ അപകടപ്പെടുത്തുന്ന സാംക്രമികരോഗങ്ങളിൽ 60 ശതമാനവും ജന്തുക്കളിൽനിന്നോ ജന്തുജന്യ ഉൽപ്പന്നങ്ങളിൽനിന്നോ പ്രത്യക്ഷമായോ പരോക്ഷമായോ പകരാവുന്ന രോഗങ്ങളാണെന്നും വ്യക്തമാക്കുന്നു. കോഗോ പനിയും എബോളയും മെർസ് കൊറോണയും സാർസ് കൊറോണയും നിപയും സിക്കയും ഹെനിപയും ഈ പട്ടികയിൽപ്പെടുന്നു. ലോകത്ത് ഓരോ വർഷവും ഉത്ഭവിക്കുന്ന 5 പുതിയ രോഗങ്ങളിൽ മൂന്നും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളാണ്.
മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള രോഗങ്ങളെയും അവയുടെ നിയന്ത്രണത്തെയും നിവാരണത്തെയും പറ്റിയുള്ള ഓർമപ്പെടുത്തലാണ് ലോക ജന്തുജന്യരോഗദിനാചരണം. ‘ജന്തുജന്യരോഗങ്ങൾ പ്രതിരോധിക്കാൻ ഏകാരോഗ്യസമീപനം' എന്നതാണ് പ്രമേയം. മനുഷ്യരാശിക്ക് വെല്ലുവിളിയുയർത്തുന്ന പേവിഷബാധയെ പ്രതിരോധിക്കാൻ ലൂയി പാസ്ചർ 1885 ജൂലൈ ആറിന് നടത്തിയ റാബീസ് പ്രതിരോധ വാക്സിൻ പരീക്ഷണത്തിന്റെ ഓർമപുതുക്കൽ കൂടിയാണ് ഈ ദിനം.
ഡിസീസ് എക്സ് മുന്നറിയിപ്പ്
ഭാവിയിൽ ലോകവ്യാപകമായി പടർന്നുപിടിക്കാൻ സാധ്യതയുള്ള ഡിസീസ് എക്സ് (Disease X) എന്ന പകർച്ചവ്യാധിയെപ്പറ്റി ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ജന്തുജന്യരോഗം ആവാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും അവർ പങ്കുവയ്ക്കുന്നു. അതിജാഗ്രത പുലർത്തേണ്ട 10 മഹാമാരികളുടെ പട്ടിക സംഘടന പുറത്തുവിട്ടപ്പോൾ അതിൽ ഡിസീസ് എക്സ് എന്ന രോഗത്തെയും ഉൾപ്പെടുത്തിയിരുന്നു. കോവിഡ് 19, ക്രീമിയൻ-കോംഗോ ഹെമറാജിക് ഫീവർ, എബോള വൈറസ് & മാർബർഗ് വൈറസ് ഡിസീസ്, ലാസ ഫീവർ, മെർസ്, സാർസ്, നിപ & ഹെനിപാ വൈറൽ ഡിസീസ്, റിഫ്റ്റ് വാലി ഫീവർ, സിക തുടങ്ങിയവയാണ് മഹാമാരികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റുള്ളവ. പേവിഷബാധയും എലിപ്പനിയും ചെള്ളുപനിയും കരിമ്പനിയും, നിപ, പക്ഷിപ്പനി, വെസ്റ്റ് നൈൽ ഫീവർ, ഫൈലേറിയ, ബ്രൂസെല്ലോസിസ്, ജപ്പാൻജ്വരം, കുരങ്ങുപനി തുടങ്ങി ജന്തുജന്യരോഗങ്ങൾ നിരവധി. മഹാമാരികളുടെ ഉത്ഭവവും ജീവികളുടെ ആവാസവ്യവസ്ഥയുടെ നശീകരണവും തമ്മിൽ ഏറെ ബന്ധമുണ്ട്.
സൂക്ഷിക്കാം സ്പിൽ ഓവർ
മനുഷ്യന്റെ അറിവുകൾക്ക് തീർത്തും അപരിചിതമായ അനേകലക്ഷം രോഗാണുക്കൾ വന്യജീവികളിലും പക്ഷികളിലും സ്വാഭാവികമായ രീതിയിൽ വസിക്കുന്നുണ്ട്. ഇവ മനുഷ്യരിലേക്ക് കടന്നുകയറുന്നതിനെ സ്പിൽ ഓവർ എന്നുപറയുന്നു. മനുഷ്യരിൽമാത്രം ഒതുങ്ങി നിൽക്കുന്ന പ്രതിരോധപ്രവർത്തനങ്ങൾ കൊണ്ടോ മരുന്നുപയോഗം കൊണ്ടോ സ്പിൽ ഓവർ തടയാനോ ജന്തുജന്യരോഗനിയന്ത്രണമോ സാധ്യമല്ല. ചുറ്റുമുള്ള ജീവജാലങ്ങളുടെയും അവയുടെ ആവാസവ്യവസ്ഥയുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് ജന്തുജന്യ രോഗനിയന്ത്രണത്തിന് അനിവാര്യമാണ്. മനുഷ്യരുടെ ആരോഗ്യസുരക്ഷിതത്വമെന്നത് പ്രകൃതിയുടെയും മറ്റ് ജീവജാലകങ്ങളുടെയും ആരോഗ്യവുമായി ഇഴപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് വൺ ഹെൽത്ത് അഥവാ ഏകാരോഗ്യം എന്ന ആശയത്തിന്റെ അന്തസ്സത്ത.
(മൃഗസംരക്ഷണവകുപ്പ് വെറ്ററിനറി സർജനാണ് ലേഖകൻ)









0 comments