ad
Deshabhimani

നിസാരക്കാരനല്ല ഹെർണിയ; അറിയാം രോഗ കാരണങ്ങളും ചികിത്സാ രീതിയും

hernia symptoms
avatar
ഡോ. ബൈജു സേനാധിപൻ

Published on Jun 11, 2025, 02:47 PM | 3 min read

ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ അവഗണിക്കരുത്. ചിലപ്പോൾ അത് നമ്മെ ഏറെ ബുദ്ധിമുട്ടിപ്പിക്കുന്ന രോഗങ്ങളുടെ തുടക്കമാകും. ഇത്തരത്തിൽ തുടക്കത്തിലുണ്ടാകുന്ന ലക്ഷണങ്ങൾ അവഗണിക്കുന്നവരാണ് ഹെർണിയയ്ക്ക് ചികിത്സ തേടുന്നവരിൽ ഭൂരിഭാഗവും. ഭാരം ഉയർത്തിയപ്പോൾ, അല്ലെങ്കിൽ കുനിയുമ്പോൾ ചിലസമയങ്ങളിൽ വയറിനുണ്ടായ വേദനയെ നിസാരമായി കണ്ടതുകൊണ്ട് മാത്രം രോഗാവസ്ഥ ഗുരുതരമായ കേസുകൾ നിരവധിയാണ്. ഇത്തരത്തിൽ ലക്ഷണങ്ങൾ നിസാരമായി കാണുന്നതിന്റെ പ്രധാന കാരണം അവബോധമില്ലായ്മയും രോഗം മൂർച്ഛിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ധാരണയില്ലാത്തതുമാണ്. ഇന്ന് പ്രായഭേദമന്യേ ഭൂരിഭാഗം പേരും നേരിടുന്ന ആരോഗ്യ പ്രശ്‌നമാണ് ഹെർണിയ. കാര്യമായ അസ്വസ്ഥത ഉണ്ടാക്കുന്നതുവരെ പലരും ഇതിനെ അവഗണിക്കുകയാണ് പതിവ്. ചെറിയ വേദനയായാൽ പോലും ഹെർണിയ മൂലം ഒരാളുടെ ദൈനംദിന ജീവിതം പ്രയാസത്തിലാകുമെന്നതാണ് വസ്തുത. കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ രോഗം ഗുരുതരമാകാനും ഇടയുണ്ട്.


എന്താണ് ഹെർണിയ?


ഉദരാശയ ഭിതിയിലുണ്ടാകുന്ന ഒരു വിള്ളലിലൂടെ ഉദരാശയത്തിന്റെ ഭാഗങ്ങൾ (കുടലോ മറ്റ് അനുബന്ധ ഭാഗങ്ങളോ) പുറത്തു വരുന്ന ഒരവസ്ഥയാണിത്. ഉദരാശയ ഭിത്തിയുടെ ഏതെങ്കിലും വശങ്ങളിലോ, പൊക്കിളിലോ അതിന് ചുറ്റുമോ, നെഞ്ചും ഉദരാശയവും തമ്മിൽ വേർതിരിക്കുന്ന ഭിത്തിയിലോ ആവാം ഹെർണിയ ഉണ്ടാവുക. ശരീരത്തിന്റെ ഏത് ഭാഗത്തുണ്ടാകുന്നു, രോഗ കാരണം എന്നിവയെ അടിസ്ഥാനമാക്കി ഹെർണിയയെ വിവിധതരത്തിൽ തിരിച്ചിട്ടുണ്ട്.


hernia symptoms


ഇൻഗ്വിനൽ ഹെർണിയ: ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഹെർണിയയാണിത്. വയറിന് താഴെയായി നാഭിക്കും തുടയിടുക്കിനും ഇടയിലായിട്ടാണ് ഇത് കാണപ്പെടുന്നത്. പുരുഷന്മാരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.


ഫെമറൽ ഹെർണിയ: തുടയുടെ മുകൾഭാഗത്ത്, ഇൻഗ്വിനൽ ഹെർണിയ ഉണ്ടാകുന്നതിന് അൽപം താഴെയായിട്ടാണ് ഇത് കാണപ്പെടുന്നത്. സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്.


പൊക്കിൾക്കൊടി ഹെർണിയ: പൊക്കിളിന് ചുറ്റുമായി ഉണ്ടാകുന്ന ഹെർണിയയാണിത്. നവജാതശിശുക്കളിലും ഗർഭിണികളായ സ്ത്രീകളിലും ഇത് സാധാരണമാണ്.


ഹയാറ്റൽ ഹെർണിയ: ആമാശയത്തിന്റെ മുകൾഭാഗം നെഞ്ചിലെ ഡയഫ്രത്തിന്റെ വിടവിലൂടെ മുകളിലേക്ക് തള്ളി വരുന്ന അവസ്ഥയാണിത്. നെഞ്ചെരിച്ചിൽ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകാം.


ഇൻസിഷണൽ ഹെർണിയ: മുൻപ് ശസ്ത്രക്രിയ നടന്ന ഭാഗത്തെ മുറിപ്പാടിലൂടെ ആന്തരികാവയവങ്ങൾ പുറത്തേക്ക് തള്ളിവരുന്നതാണ് ഇൻസിഷണൽ ഹെർണിയ.


എപ്പിഗാസ്ട്രിക് ഹെർണിയ: നമ്മുടെ നെഞ്ചിൻകൂടിന് താഴെയും പൊക്കിളിന് മുകളിലുമായി വയറിന്റെ മധ്യഭാഗത്ത് കാണപ്പെടുന്ന ഹെർണിയയാണിത്.


വെൻട്രൽ ഹെർണിയ: ഉദരഭിത്തിയുടെ മുൻഭാഗത്ത് എവിടെയും ഉണ്ടാകാവുന്ന ഹെർണിയകളെ പൊതുവായി വെൻട്രൽ ഹെർണിയ എന്ന് പറയുന്നു.


രോഗ കാരണങ്ങൾ:


ജന്മനായുള്ള പേശീ ദൗർബല്യം ഒരു പ്രധാന കാരണമാണ്. പ്രായമാകുമ്പോൾ പേശികൾക്ക് ബലക്ഷയം സംഭവിക്കുന്നതും ഹെർണിയയ്ക്ക് കാരണമാകാം. കൂടാതെ, ഭാരമുള്ള വസ്തുക്കൾ ഉയർത്തുക, സ്ഥിരമായുള്ള ചുമ, മലബന്ധം, തുടർച്ചയായുള്ള തുമ്മൽ എന്നിവയെല്ലാം വയറിലെ പേശികളിൽ അധിക സമ്മർദ്ദം ചെലുത്തുകയും ഹെർണിയയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. സ്ത്രീകളിൽ ഗർഭകാലത്ത് വയറിലെ പേശികൾ വലിയുകയും ദുർബലമാകുകയും ചെയ്യുന്നത് ഹെർണിയയ്ക്ക് കാരണമായേക്കാം. സ്ഥിരമായ ചുമ,പുകവലി, പാരമ്പര്യ ഘടകം, അമിതവണ്ണം എന്നിവയും രോഗ കാരണങ്ങളാണ്.


hernia symptoms


ലക്ഷണങ്ങൾ:


  • രോഗ ബാധിത ഭാഗത്ത് ഉണ്ടാകുന്ന മുഴ അഥവാ വീക്കമാണ് പ്രധാന ലക്ഷണം. ഈ മുഴ അമർത്തുമ്പോൾ വേദന അനുഭവപ്പെടാം.

  • ചുമയ്ക്കുമ്പോഴോ ഭാരം ഉയർത്തുമ്പോഴോ രോഗബാധിത ഭാഗത്തുണ്ടാകുന്ന വേദന/അസ്വസ്ഥത.

  • വയറിന് ഭാരം അനുഭവപ്പെടുക അല്ലെങ്കിൽ വലിച്ചിൽ പോലെ തോന്നുക.

  • ഹയാറ്റൽ ഹെർണിയയുടെ കാര്യത്തിൽ നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളാണ്.

  • ഹെർണിയയിൽ കുടൽ കുരുങ്ങി രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥ ഉണ്ടായാൽ കഠിനമായ വേദന, ഛർദ്ദി, മലബന്ധം, പനി തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ ഉണ്ടാകാം. ഇത് ഒരു അടിയന്തര വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയാണ്.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:


  • ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ചെയ്യാതെ ഒരു ഡോക്ടറെ സമീപിച്ച് കൃത്യമായ രോഗനിർണയം നടത്തണം.

  • അമിതവണ്ണം നിയന്ത്രിക്കുന്നതിന് ഒപ്പം ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നതും നല്ലതാണ്.

  • മലബന്ധം വരാതെ സൂക്ഷിക്കുക.

  • കൃത്യസമയത്തുള്ള രോഗനിർണയവും ചികിത്സയും വഴി ഹെർണിയ മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സാധാരണ ജീവിതം നയിക്കാനും സാധിക്കും.


ചികിത്സ തേടേണ്ടത് എപ്പോൾ?


ചില ഹെർണിയകൾ ആരംഭത്തിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ല. അതിനാൽ തന്നെ പലരും ഇത് ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം. വയറിലോ മറ്റു ഭാഗത്തോ ഏതെങ്കിലും മുഴ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുന്നതാണ് ഉചിതം. കാരണം തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കിൽ പിന്നീട് അത് സങ്കീർണമായേക്കാം.


hernia symptoms


ചികത്സാ രീതി


ഹെർണിയയുടെ വലുപ്പം, രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി, ലക്ഷണങ്ങളുടെ തീവ്രത എന്നിവ അനുസരിച്ചാണ് ചികിത്സ നിർണ്ണയിക്കുന്നത്. ചെറിയ ഹെർണിയകൾക്ക് പ്രത്യേക ചികിത്സ ആവശ്യമില്ലായിരിക്കാം. എന്നാൽ, വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ശസ്ത്രക്രിയയാണ് ഏറ്റവും ഉചിതമായ ചികിത്സാ രീതി. സാധാരണ ഗതിയിൽ ശസ്ത്രക്രിയ ഹെർണിയ പൂർണമായി ഭേദമാക്കുവാൻ സഹായിക്കും. പരമ്പരാഗത രീതിയിലുള്ള ഓപ്പൺ സർജറിയും ആധുനിക രീതിയായ ലാപറോസ്‌കോപിക് സർജറിയും ഹെർണിയയുടെ ചികിത്സക്കായി ഉപയോഗിക്കാറുണ്ട്. ഇതിൽ ലാപറോസ്‌കോപിക് ശസ്ത്രക്രിയയാണ് ഇന്ന് കൂടുതലായും ഉപയോഗിക്കുന്നത്.


എന്താണ് ലാപറോസ്‌കോപ്പിക് സർജറി ?


ചെറിയ സുഷിരങ്ങളിലൂടെ ക്യാമറ ഘടിപ്പിച്ച കുഴലും മറ്റു ശസ്ത്രക്രിയാ ഉപകരണങ്ങളും കടത്തിവിട്ട് സർജറി ചെയ്യുന്ന രീതിയാണ് ലാപ്പറോസ്‌കോപ്പിക് സർജറി. ലാപറോസ്‌കോപ്പിന്റെ അഗ്രഭാഗത്തുള്ള ക്യാമറയിലൂടെ ശരീരത്തിന്റെ ഭൾഭാഗം വ്യക്തമായി കാണുവാനും അതുവഴി വളരെ സൂക്ഷ്മതയോടെ ശസ്ത്രക്രിയ നടത്തുവാനും കഴിയും. ആവശ്യമെങ്കിൽ ചുറ്റുമുള്ള പേശികൾ ബലപ്പെടുത്തുന്നതിനായി ഹെർണിയയുടെ വലുപ്പത്തിനനുസരിച്ച് ഒരു പ്രത്യേക നാര് കൊണ്ട് രൂപപ്പെടുത്തിയ മെഷ് ഉള്ളിൽ സ്ഥാപിക്കുന്നത് ചികിത്സയുടെ ഭാഗമാണ്.


ലാപറോസ്‌കോപ്പിക് സർജറിയുടെ പ്രയോജനങ്ങൾ: ഓപ്പൺ സർജറിയിലുണ്ടാകുന്ന വലിയ മുറിവ് ഈ സർജറിയിൽ ഉണ്ടാകുന്നില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. തുറന്ന ശസ്ത്രക്രിയയെ അപേക്ഷിച്ച് വേദന കുറവായിരിക്കും. കൂടാതെ, അണുബാധയ്ക്കുള്ള സാധ്യതയും വിരളമാണ്. രോഗിക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ആശുപത്രി വാസം അവസാനിപ്പിച്ചുകൊണ്ട് വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങുവാൻ സാധിക്കുമെന്നത് ഇതിന്റെ നേട്ടമാണ്. രോഗിയുടെ അവസ്ഥയും ഹെർണിയയുടെ സ്വഭാവവും വിലയിരുത്തിയ ശേഷം ഡോക്ടറാണ് ഏത് തരത്തിലുള്ള ശസ്ത്രക്രിയയാണ് ഉചിതമായതെന്ന് തീരുമാനിക്കുക.


(പ്രമുഖ സർജിക്കൽ ഗാസ്‌ട്രോ എന്ററോളജിസ്റ്റും സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ സ്ഥാപകനുമാണ് ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home