Deshabhimani

ജയറാമിന്റെ പ്രാമാണികത്വത്തിൽ അണിനിരന്നത് 151-ലേറെ കലാകാരർ

പവിഴമല്ലി പൂത്തു...
13–ാം വർഷവും

Navaratri Festival

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നടൻ ജയറാമിന്റെ നേതൃത്വത്തിൽ അരങ്ങേറിയ പഞ്ചാരിമേളം

avatar
സ്വന്തം ലേഖകൻ

Published on Oct 20, 2026, 02:29 AM | 1 min read

ചോറ്റാനിക്കര


ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടൻ ജയറാമിന്റെ പ്രാമാണികത്വത്തിൽ അരങ്ങേറിയ 13–ാമത് പവിഴമല്ലിത്തറമേളം ആസ്വാദകർക്ക് ആവേശം പകർന്നു. പതിഞ്ഞകാലത്തിൽ കൊട്ടിക്കയറി രണ്ടും മൂന്നും നാലും കാലങ്ങൾ കയറി പവിഴമല്ലിത്തറയ്ക്കുമുന്നിൽ അഞ്ചാംകാലത്തിലെത്തിയതോടെ ആസ്വാദകരുടെ ആവേശവും ഉച്ചസ്ഥായിയിലായി.


ഹൈക്കോടതി ജസ്റ്റിസ് മുരളി പുരുഷോത്തമൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ, ബോർഡ് അംഗം കെ പി അജയൻ, കെ കെ സുരേഷ് ബാബു തുടങ്ങിയവർ നിലവിളക്ക് തെളിച്ചാണ് മേളത്തിന് തുടക്കമിട്ടത്. 151-ലേറെ കലാകാരർ അണിനിരന്ന മേളത്തിൽ ഇലത്താളത്തിൽ പാഞ്ഞാൾ വേലുക്കൂട്ടിയും കുറുങ്കുഴലിൽ അനിലും കൊമ്പിൽ മച്ചാട് ഹരിയും അണിചേർന്നു. തിരുമറയൂർ ഗിരിജൻ മാരാർ, ശങ്കരൻകുളങ്ങര രാധാകൃഷ്ണൻ, കുറൂർ ബാലൻ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖ കലാകാരന്മാരും പങ്കെടുത്തു.


ചൊവ്വ രാവിലെ ഒന്പതിന് പെരുവനം കുട്ടൻമാരാരുടെ മേളം, രാത്രി ഒന്പതിന് ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രാമാണികത്വത്തിൽ മേജർസെറ്റ് പഞ്ചവാദ്യത്തോടെ വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും. ബുധൻ രാവിലെ പന്തീരടി പൂജയ്ക്കുശേഷം പൂജയെടുപ്പും വിദ്യാരംഭവും പ്രത്യേക വേദിയിൽ നടക്കും. എഴുത്തിനിരുത്തൽ ചടങ്ങിൽ കീഴ്ശാന്തി രാമൻ എമ്പ്രാന്തിരിയുടെ നേതൃത്വത്തിൽ പതിനഞ്ചോളം ആചാര്യർ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home