ഇന്ന് ഇൻഫർമേഷൻ ഓവർലോഡ് ഡേ വിവരപ്പെരുമഴ താങ്ങാനാവുന്നില്ല കുഞ്ഞുമനസ്സുകൾക്ക്

കണ്ണൂർ ഡിജിറ്റൽ ലോകത്ത് പ്രതിദിനം ഉൽപ്പാദിപ്പിക്കപ്പെടുന്ന വിവരങ്ങളുടെ പ്രവാഹത്തിൽ മനുഷ്യമസ്തിഷ്കം തളർന്നുപോകുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഇൻഫർമേഷൻ ഓവർലോഡ് ഡേ. മുതിർന്നവരെപ്പോലും മാനസികസമ്മർദത്തിലാക്കുന്ന വിവരപ്പെരുമഴ കൂടുതൽ ബാധിക്കുന്നത് കുഞ്ഞുങ്ങളെയാണെന്നാണ് ആഗോള പഠന റിപ്പോർട്ടുകൾ. അമിത സ്ക്രീൻ ഉപയോഗവും (സ്മാർട്ട്‌ഫോൺ, സമൂഹമാധ്യമങ്ങൾ, ഗെയിമിങ്) പഠനമികവും പെരുമാറ്റ വൈകല്യങ്ങളും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നും അന്താരാഷ്ട്ര ശാസ്ത്രജേണലുകൾ സ്ഥിരീകരിക്കുന്നു. മെഡിക്കൽ ജേണലായ ജാമ പീഡിയാട്രിക്‌സ് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് പ്രധാന കണ്ടെത്തൽ. കൽഗറി സർവകലാശാലയിലെ ഗവേഷകയായ എലിസബത്ത് അൽ-ജ്‌ബൂരിയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ, 64 രാജ്യങ്ങളിലെ 28 ലക്ഷം കുട്ടികളുടെ വിവരങ്ങൾ വിശകലനംചെയ്താണ് ഇത് തയ്യാറാക്കിയത്. അമിതമായി സ്ക്രീൻ ഉപയോഗിക്കുന്നവരിൽ പഠനമികവ്, ഭാഷാ വികസന ശേഷി എന്നിവ കുറയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ആകുലത, ദേഷ്യം, വൈകാരിക നിയന്ത്രണമില്ലായ്മ, കൂട്ടുകാരുമായി ഒത്തുപോകാനുള്ള പ്രയാസം എന്നിവ വർധിക്കുന്നുമുണ്ട്. പഠനത്തിലും പെരുമാറ്റത്തിലും പ്രയാസം നേരിടുന്ന കുട്ടികൾ കൂടുതൽ സമയം സ്ക്രീനുകളിൽ ചെലവഴിക്കുന്നതായും റിപ്പോർട്ടിലുണ്ട്. ഒന്നുമുതൽ എട്ടുവയസ്സുവരെയുള്ള കുട്ടികളിലെ അമിത സ്ക്രീൻ ഉപയോഗം അവരുടെ ഓർമശക്തിയെയും ശ്രദ്ധയെയും സാരമായി ബാധിക്കുന്നതായി ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകർ ‘വേൾഡ് ജേണൽ ഓഫ് പീഡിയാട്രിക്‌സിൽ' പ്രസിദ്ധീകരിച്ച പഠനത്തിലും വ്യക്തമാക്കുന്നു. കുഞ്ഞുങ്ങൾക്ക് കൃത്യമായ ‘ഡിജിറ്റൽ ഡിറ്റോക്സിങ്ങും’ കുടുംബത്തോടൊപ്പമുള്ള സന്തോഷനിമിഷങ്ങളും അത്യന്താപേക്ഷിതമാണെന്ന് ഓർമപ്പെടുത്തുന്നുണ്ട് പഠനങ്ങൾ.








0 comments