Deshabhimani

എടപ്പുഴയിൽ കാട്ടാനകൾ കവുങ്ങിൻതോട്ടം ചവിട്ടിയരച്ചു

കാട്ടാനക്കൂട്ടം നശിപ്പിച്ച കവുങ്ങിൻ തോപ്പിൽ എടപ്പുഴയിലെ പുത്തനറിയിൽ ബാബുവും ഭാര്യ ബിന്ദുവും.
വെബ് ഡെസ്ക്

Published on Oct 20, 2026, 03:00 AM | 1 min read

ഇരിട്ടി നട്ടുനനച്ച് നാലുകൊല്ലം പരിപാലിച്ച കവുങ്ങിൻ തോപ്പ് കാട്ടാനക്കൂട്ടം ചവിട്ടിയരച്ചതിന്റെ വേദനയിലാണ്‌ പുത്തനറിയിൽ ബാബുവും ഭാര്യ ബിന്ദുവും. ഇവരുടെ വളർച്ചയെത്തിയ അത്യുൽപ്പാദന ശേഷിയുള്ള 40 കവുങ്ങുകളാണ്‌ കഴിഞ്ഞ രാത്രി കാട്ടാനകൾ തലങ്ങും വിലങ്ങും ചവിട്ടിത്തകർത്തത്‌. അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളുടെ അതിർത്തി ഗ്രാമമായ വാളത്തോട്ടിലാണ് ബാബുവിന്റെ താമസം. വീടിനോട്ചേർന്ന പറമ്പിലാണ്‌ കവുങ്ങ്‌ കൃഷിചെയ്‌തത്‌. ഞായറാഴ്ച രാത്രിയിലാണ് കാട്ടാനക്കൂട്ടം ഇവരുടെ പറമ്പിൽ നാശം വിതച്ചത്. വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് ഇവരുടെ വീടും കൃഷിയിടവും. നിർമാണത്തൊഴിലാളിയായ ബാബു ഒഴിവുദിവസങ്ങളിലാണ്‌ കൃഷിക്ക്‌ സമയം കണ്ടെത്തിയിരുന്നത്‌. നന്നായി വളർന്ന കവുങ്ങുകൃഷിയുടെ ഭൂരിഭാഗവും കാട്ടാനയാക്രമണത്തിൽ നശിച്ചു. കഴിഞ്ഞ ദിവസങ്ങളിലും കാട്ടാനകൾ ഈ പ്രദേശത്തെത്തി കവുങ്ങ്‌ നശിപ്പിച്ചിരുന്നു. സമീപത്തെ രാജേഷ് അനിയേരിയുടെ വീട്ടുപറമ്പിലെ വാഴകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി. കാട്ടാനകൾ ജനവാസ മേഖലയിലെ കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുകയാണ്. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെ ഉപജീവനമാർഗത്തിന്‌ ഭീഷണിയാകുന്ന സാഹചര്യത്തിൽ കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റബർ മരങ്ങളുടെ തൊലിയും കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിക്കുന്നുണ്ട്. കൊട്ടിയൂർ വന്യജീവി സങ്കേതം, കർണാടകത്തിലെ കുടക് ബ്രഹ്‌മഗിരി വന്യജീവി സംരക്ഷണകേന്ദ്രം എന്നിവിടങ്ങളിൽനിന്നാണ് കാട്ടാനകൾ ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും ഇറങ്ങുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home