പ്രിയപ്പെട്ട കള്ളാ... പന്പ് സെറ്റ് തിരിച്ചു തരൂ.. പ്ലീസ്!

കൂത്തുപറമ്പ് കൃഷി ഉപജീവനമാക്കിയ കണ്ണവം സ്വദേശി മനോഹരൻ മോഷണം പോയ പന്പുസെറ്റ് തിരിച്ചുകിട്ടാനായി ഇലക്ട്രിക് പോസ്റ്റുകളിലും മതിലുകളിലും പോസ്റ്ററുകൾ പതിക്കുകയാണ്. പന്പ് സെറ്റുകൾ രണ്ടാം തവണയും മോഷണം പോയതോടെയാണ് അഭ്യർഥനയുമായി മനോഹരൻ രംഗത്തെത്തിയത്. "മോഷ്ടാവേ, തോട്ടം നനയ്ക്കുന്ന പൈപ്പുകൾ തിരികെ തരൂ’ എന്ന അഭ്യർഥിച്ചുകൊണ്ടുള്ള പോസ്‌റ്ററുകൾ കണ്ട് മനസ്സലിഞ്ഞ് മോഷ്‌ടാവ് കൊണ്ടുപോയ സാധനങ്ങൾ തിരികെ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് മനോഹരൻ. കഴിഞ്ഞാഴ്‌ചയാണ് കണ്ണവം കോയ്യാറ്റിലെ ചമ്പാടൻ മനോഹരന്റെ പന്പു സെറ്റും പൈപ്പുകളും മൂന്ന് വാഴക്കുലകളും മോഷ്‌ടാക്കൾ കൊണ്ടുപോയത്. കഴിഞ്ഞ തവണ പന്പ് സെറ്റ് മോഷണം പോയപ്പോൾ പൊലീസിൽ പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതോടെയാണ് മനോഹരൻ സമൂഹമാധ്യമങ്ങളിലും വൈദ്യുതി പോസ്‌റ്റുകളിലും മതിലുകളിലും പോസ്‌റ്റർ പതിപ്പിക്കാനായി ഇറങ്ങിയത്. ആറാം ക്ലാസിൽ പഠനം നിർത്തി അച്ഛനൊപ്പം കൃഷിയിലേക്കിറങ്ങിയ മനോഹരന്റെ ജീവിതോപാധിയാണിത്. വർഷങ്ങളായി പച്ചക്കറിയടക്കം കൃഷി ചെയ്‌താണ് കുടുംബം മുന്നോട്ടുപോകുന്നത്. സൗജന്യമായി ലഭിച്ച ഒരേക്കർ സ്ഥലത്ത് ഇത്തവണ 600 നേന്ത്രവാഴകളാണ് കൃഷി ചെയ്യുന്നത്. ദിവസവും മൂന്ന് കിലോമീറ്റർ നടന്നാണ് കൃഷിയിടത്തിലെത്തുന്നത്. തട്ടുതട്ടായി കിടക്കുന്ന പ്രദേശമായതിനാൽ വാഴയ്‌ക്ക് ദിവസവും വെള്ളം നനയ്‌ക്കണം. വാഴ കരിഞ്ഞുപോകാതിരിക്കാൻ പന്പുസെറ്റും പൈപ്പുകളും അത്യാവശ്യമാണ്. ഇതോടെയാണ് മോഷ്‌ടാവിന്റെ മനസലിയിക്കുന്ന കുറിപ്പുമായി മനോഹരൻ രംഗത്തെത്തിയത്. ഒരു വർഷം മുമ്പ് കാടുവെട്ടുന്നതിനിടെ കല്ല് തെറിച്ച് ഇടതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ട മനോഹരൻ ഭാര്യ പുഷ്പയ്‌ക്കും മക്കളായ മഹേഷ്, ധനേഷ്, സനേഷ് എന്നിവർക്കൊപ്പമാണ് താമസം.








0 comments