Deshabhimani

വികസനം തടസ്സപ്പെടുത്താൻ 
സർക്കാരിനെ അനുവദിക്കില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2026, 03:00 AM | 2 min read

കണ്ണൂർ ​എൽഡിഎഫ്‌ ഭരണത്തിൽ ആവിഷ്കരിച്ച ക്ഷേമ വികസന പദ്ധതികൾ വെട്ടിച്ചുരുക്കി നാടിന്റെ ഭാവി അപകടത്തിലാക്കുന്ന യുഡിഎഫ് സർക്കാറിന്റെ നടപടിയിൽ സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി യോഗം പ്രതിഷേധിച്ചു. എൽഡിഎഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പെൻഷനും കണക്ട്‌ ടു വർക്ക് സ്കോളർഷിപ്പും യുഡിഎഫ് സർക്കാർ നിൽത്തലാക്കി. 32 ലക്ഷം സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകാൻ 3200 കോടി രൂപയാണ് എൽഡിഎഫ് സർക്കാർ വകയിരുത്തിയത്. യുഡിഎഫ് സർക്കാർ ആരംഭിച്ച സ്ത്രീകൾക്കുള്ള സൗജന്യ യാത്രയ്‌ക്ക്‌ വേണ്ടത്‌ വർഷം 600 കോടി മാത്രമാണ്. പട്ടിക വർഗക്കാർക്ക് നൽകിയിരുന്ന ആയിരം രൂപയും നിർത്തലാക്കി. പ്രവാസി പെൻഷൻ കുടിശ്ശികയാക്കി. ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിച്ചുനൽകുന്നത് നിർത്താനുള്ള യുഡിഎഫ് സർക്കാർ നീക്കം കടുത്ത പ്രതിഷേധത്തെ തുടർന്നാണ് മാറ്റിവച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതിയെയും കുടുംബശ്രീയെയും തകർക്കാനാണ് വി ഡി സതീശൻ സർക്കാർ ശ്രമിക്കുന്നത്. രൂക്ഷമാകുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ ഒന്നും ചെയ്യുന്നില്ല. പിഎംഎവൈ ഫണ്ട് കേന്ദ്രത്തിൽനിന്ന് വാങ്ങാൻ പ്രധാനമന്ത്രിയുടെ ലോഗോ പ്രദർശിപ്പിക്കും എന്നു പറഞ്ഞ മുഖ്യമന്ത്രി സാധാരണക്കാരന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ്. കാലവർഷക്കെടുതിയിൽപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഇതുവരെ നൽകിയില്ല. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നും ഡോക്ടർമാരുടെ സേവനവും ലഭ്യമല്ല. ചികിത്സാ പിഴവുകൾ തുടർച്ചയാവുമ്പോഴും സർക്കാർ കാഴ്ചക്കാരായി മാറിനിൽക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ സർക്കാർ തുടങ്ങിവച്ച നിരവധി പദ്ധതികൾ അട്ടിമറിക്കപ്പെടുന്നു. എംജി യൂണിവേഴ്‌സിറ്റിയിലും കാർഷിക സർവകലാശാലയിലും വിസിയായി സംഘപരിവാർ അധ്യാപക നേതാക്കളെ ഗവർണർ നിയോഗിച്ചതിൽ ഒരു പ്രതിഷേധവും യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. സംഘപരിവാറിനെ പ്രീണിപ്പിക്കുന്ന ഈ നയം വന്ദേമാതരത്തിന്റെ കാര്യത്തിലും വി ഡി സതീശൻ സർക്കാർ നടപ്പാക്കുന്നു. പിഎം ശ്രീയെ തള്ളിപ്പറഞ്ഞവർ ഇന്ന് നയം മാറ്റാൻ ശ്രമിക്കുന്നു. വഖഫ് ബോർഡിൽ രണ്ട് അമുസ്ലീങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കാൻ തയ്യാറാണെന്ന ആർഎസ്എസ് അനുകൂല നിലപാട് യുഡിഎഫ് സർക്കാർ കോടതിയിൽ സ്വീകരിച്ചു. 10 വർഷക്കാലം പവർകട്ട് ഇല്ലാതിരുന്ന കേരളത്തിൽ ദിവസം രണ്ടുമൂന്നു തവണയാണ് പവർകട്ട് യുഡിഎഫ് ഏർപ്പെടുത്തിയത്. ശമ്പളപരിഷ്‌കരണം 10 വർഷത്തിലൊരിക്കലാക്കി. വിഴിഞ്ഞം പദ്ധതിയുടെ ഓഹരിയുടെ 49 ശതമാനം അദാനി എംഎസ്‌സി എന്ന കമ്പനിക്ക് കൈമാറിയത് മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്ന വിവരം ഇപ്പോൾ പുറത്തുവന്നതായും ജില്ലാകമ്മിറ്റിയോഗം ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home